Tuesday 22 May 2018

മേക്കപ്പില്ലാതെ ഈറനണിഞ്ഞ കണ്ണുകളോടെ ഗൂഢാലോചനയെന്ന് പറഞ്ഞതല്ലാതെ എന്തു പിന്തുണ നല്‍കി; മഞ്ജുവിനെ വിമര്‍ശിച്ച് ദിലീപിനെ പിന്തുണച്ച് സംഗീത ലക്ഷ്മണ

By Farsana Jaleel.13 Sep, 2017

imran-azhar

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് അഭിഭാഷകയായ സംഗീത ലക്ഷ്്മണ. ദിലീപിനെ പിന്തുണച്ച് സിപിഐഎം മുന്‍ എംപിയും അഭിഭാഷകനുമായ സംബാസ്റ്റ്യന്‍ പോള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതുറന്ന സാഹചര്യത്തില്‍ അഭിഭാഷക സംഗീത ലക്ഷ്മണ ദിലീപിനെ പിന്തുണച്ച് മഞ്ജുവിനെ വിമര്‍ശിച്ച് രംഗത്തെത്തി. നടിയെ ആക്രമിച്ച ദിനം മഞ്ജു മേക്കപ്പില്ലാതെ ഈറനണിഞ്ഞ കണ്ണുകളോടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മഞ്ജു ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് പറഞ്ഞതല്ലാതെ എന്തു പിന്തുണയാണ് നല്‍കിയതെന്ന് അഭിഭാഷക ചോദിക്കുന്നു. താന്‍ മഞ്ജുവിനെ പോലെ ദിലീപിന്റെ മുന്‍ ഭാര്യയോ നടിയോ അല്ലെന്നും അഭിഭാഷകയാണെന്നും താന്‍ ചെയ്ത തെറ്റിനെ കുറിച്ചും സംഗീത പറയുന്നു.

സംഗീത ലക്ഷ്മണയുടെ കുറിപ്പിലെ ചില ഭാഗങ്ങള്‍-

സെബാസ്റ്റ്യന്‍ പോള്‍ സാറിന് എന്റെ സപ്പോര്‍ട്ട്. ശ്രീ. ദിലീപിന് എന്റെ കട്ട സപ്പോര്‍ട്ട്. കേസിന് ആസ്പദമായ സംഭവം നടന്നു എന്ന് പറയപ്പെടുന്നതിന് ശേഷം വെറും 48 മണിക്കൂറിനുള്ളില്‍ ശ്രീ.ദിലീപിന്റെ മുന്‍ഭാര്യ ശ്രീമതി. മഞ്ജു വാര്യര്‍ പറഞ്ഞത് ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ്, ഈ ഒരു ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അങ്ങേയറ്റം പൂര്‍ണ്ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുക എന്നാണ്.

അങ്ങനെയെങ്കില്‍ ശ്രീമതി. മഞ്ജു വാര്യര്‍ക്ക് ഈ വിവരം എവിടുന്ന് കിട്ടി? ഞാന്‍ മനസിലാക്കിയത് ശരിയാണ് എങ്കില്‍, 'ഇര'യാക്കപ്പെട്ട നടിക്ക് ഇല്ലാത്ത ഈ ആരോപണം ശ്രീമതി. മഞ്ജു വാര്യര്‍ മാധ്യമ ക്യാമറകളുടെ മുന്നില്‍ നിന്ന് ഈറനണിഞ്ഞ കണ്ണുകളോടെ മേക്കപ്പ് ഇല്ലാത്ത മുഖത്തോടെ നിന്നുകൊണ്ട് പറഞ്ഞു എന്നല്ലാതെ അങ്ങേയറ്റം പൂര്‍ണ്ണമായ പിന്തുണ പോയിട്ട് ഒരു പിന്തുണയും ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ നല്‍കിയിട്ടില്ല എന്നാണ്.

ഇരയാക്കപ്പെട്ട സ്ത്രീയെയും, ശ്രീമതി.മഞ്ജു വാര്യരെയും പോലെ ഞാന്‍ സിനിമാനടി അല്ലല്ലോ? ശ്രീ.ദിലീപുമായി എനിക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നില്ലല്ലോ? ശ്രീ. ദിലീപിന്റെ മുന്‍ഭാര്യ അല്ലല്ലോ ഞാന്‍? പിന്നെ, ഒരു തെറ്റ് ഞാന്‍ ചെയ്തിട്ടുമുണ്ട്. അല്‍പം നിയമം പഠിച്ചിട്ടുണ്ട്. അതുകൊണ്ട് പറയുന്ന കാര്യങ്ങള്‍ക്ക് ആധികാരികത വേണം, കൃത്യത എന്തായാലും വേണം. അതൊരു കുഴപ്പമാണോ സുഹൃത്തുക്കളെ?