Saturday 21 October 2017

പലപ്പോഴും ലൊക്കേഷനില്‍ പോകുന്നത് പേടിച്ചിട്ടാണ്: സേതുലക്ഷ്മി

By Farsana Jaleel.08 Mar, 2017

imran-azhar

 

ഇന്ന് സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണുള്ളത്.....അവര്‍ക്ക് സ്വാതന്ത്രമില്ല....സുരക്ഷമില്ല.....സ്ത്രീകളെ നിരന്തരം പീഡിപ്പിച്ചുകൊണ്ടേയിരിക്കുന്നു.....അതിലൊരു മാറ്റവുമില്ല......ഞാനൊരു കലാകാരിയാണ്. പലപ്പോഴും ലൊക്കേഷനില്‍ പോകുന്നത് പേടിച്ചിട്ടാണ്. ഇത് സേതുലക്ഷ്മിയുടെ വാക്കുകളാണ്.

 

വസ്ത്രധാരണയാണ് സ്ത്രീപീഡനങ്ങള്‍ക്ക് കാരണമെന്ന് ഒരു പരിധിവരെ പറയാം. ഉപയോഗിക്കാന്‍ കൊള്ളാത്ത വസ്ത്രങ്ങള്‍ കടകളില്‍ നിരോധിക്കുകയാണ് വേണ്ടത്. ഈ വസ്ത്രങ്ങള്‍ പീഡനങ്ങള്‍ക്ക് കാരണമാകുന്നുണ്ടെങ്കില്‍ അത്തരത്തിലുള്ള വസ്ത്രങ്ങള്‍ ആദ്യം വേണ്ടന്ന് വെയ്ക്കുകയാണ് ചെയ്യേണ്ട്ത്. സ്ത്രീകള്‍ കമ്മലും മേക്കാതും ഒക്കെ ഇടുമ്പോള്‍ പുരുഷന്‍മാര്‍ മൂക്കിലും താടിയിലും കാതിലും എന്നുവേണ്ട എന്തെല്ലാം രീതിയിലാണ് അണിഞ്ഞൊരുങ്ങുന്നത്. അവരുടെ വസ്ത്രധാരണം ശെരിയാണോ. അവര്‍ക്ക് ഏതുരീതിയിലും വസ്ത്രം ധരിക്കാം എന്നാണോ? സ്ത്രീകള്‍ക്ക് മാത്രമാണോ എല്ലാറ്റിനും വിലങ്ങ്? ഇനി മാന്യമായ വസ്ത്രം ധരിച്ചാലും ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്നു. ഇതിനെയൊരു തൊഴിലായാണ് ഇക്കൂട്ടര്‍ ഇത്തരത്തില്‍ ആക്രമങ്ങള്‍ അഴിച്ചുവിടുന്നത്.

 

നിലവിലെ ശിക്ഷാരീതിയെ കുറിച്ചു പറയുകയാണെങ്കില്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതാണ്. ഈ സമൂഹത്തില്‍ കാര്യപ്രാപ്തി ഉള്ളവര്‍ അവരെന്തും നേടും. സാധുക്കള്‍ക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ല. പണമുണ്ടെങ്കില്‍ ഏതു വലിയ കേസില്‍ നിന്നും അനായാസം രക്ഷപ്പെടാം. തെറ്റ് ചെയ്യുന്നവന്‍ ശിക്ഷിക്കപ്പെടുന്നില്ല. മറ്റു രാജ്യങ്ങളിലൊക്കെ എന്ത് തെറ്റ് ചെയ്താലും അതിന് തക്കതായ ശിക്ഷയാണ് കൊടുക്കുന്നത്. അതുപോലൊരു ശിക്ഷാരീതി ഇവിടെയും നടപ്പിലാക്കിയാല്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകും. കുറ്റത്തിന് തക്കതായ ശിക്ഷ കൊടുത്തുകഴിഞ്ഞാല്‍ ഇതിനൊരു മാറ്റം വരും.

 

സ്വന്തം സുരക്ഷയ്ക്കായി സ്ത്രീകള്‍ അബലകളാണ്. ഇന്നത്തെ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് പലസാഹചര്യങ്ങളിലും ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടതായി വരും. അത്തരം സാഹചര്യങ്ങളില്‍ ഒരാളെ കൂടി കൂടെ കൂട്ടണം. ഒരു സ്ത്രീ പീഡിക്കപ്പെട്ടാലോ ആക്രമിക്കപ്പെട്ടാലോ സമൂഹം അവള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്. ഇന്ന് സ്ത്രീകള്‍ക്ക് വേണ്ടത് സംരക്ഷണമാണ്. സ്വന്തം സഹോദരങ്ങളെ പോലെ ഏവരെയും കാണാന്‍ ശ്രമിക്കുക. എന്റെ അമ്മ, എന്റെ സഹോദരി, എന്റത്, ഞങ്ങളൊരു കുടുംബമാണ് എന്നൊരു ചിന്ത ഏവരും വളര്‍ത്തിയെടുക്കുക.