Monday 25 October 2021
അന്നം നിന്നുപോയ കുടുംബത്തിന്റെ കാവലാളാകാന്‍ 13ാം വയസ്സില്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ ശ്രീവിദ്യ മരണം ആസന്നമായപ്പോഴും ക്യാമറയ്ക്ക് മുന്നില്‍ നടമാടി

By Farsana Jaleel.07 Mar, 2017

imran-azhar

 

തമിഴ് മകളായാണ് ജനിക്കുന്നതെങ്കിലും മലയാളികളുടെ ശാലീന സുന്ദരിയായി വെള്ളിത്തിരയിലെ അണയാത്ത ദീപമായി വെളിച്ചം വിതറിയ നടിയാണ് ശ്രീവിദ്യ. എഴുപത് എണ്‍പത് കാലഘട്ടങ്ങളില്‍ തന്റെ അഭിനയപാടവത്താല്‍ വെള്ളിത്തിരയില്‍ സ്ഥാനമുറപ്പിച്ച ഈ മഹാനടിയുടെ ജനനം 1953 ജൂലൈ 24നായിരുന്നു. തമിഴ് ഹാസ്യതാരം കൃഷ്ണമൂര്‍ത്തിയും കര്‍ണ്ണാടക സംഗീതജ്ഞ എം.എല്‍.വസന്തകുമാരിയുടെയും മകളായും ജനിച്ച ശ്രീവിദ്യയ്ക്ക് കല പാരമ്പര്യമായി കിട്ടിയതായിരുന്നു.

 

കുട്ടിക്കാലം മുതല്‍ക്കെ ദുരന്തങ്ങളും വേദനകളും നിറഞ്ഞ ജീവിതമായിരുന്നു ശ്രീവിദ്യയുടേത്. ശ്രീവിദ്യയ്ക്ക് ഒരുവയസ്സ് തികയും മുമ്പേ അച്ഛന്‍ കൃഷ്ണമൂര്‍ത്തിയ്ക്ക് അഭിനയം നിര്‍ത്തേണ്ടിവന്നു. മുഖപേശികള്‍ക്ക് തളര്‍ച്ച ബാധിച്ച് കിടപ്പിലായതോടെ കുടുംബത്തിലെ ബാധ്യതമുഴുവന്‍ അമ്മയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു. സമ്പന്നകുടുംബത്തിലാണ് ജനിച്ചതെങ്കിലും പിതാവ് സിനിമ വിട്ടതും കിടപ്പിലായതും ശ്രീവിദ്യയെ ഉത്തരവാദിത്വമുള്ളൊരു മകളാക്കി മാറ്റിയപ്പോള്‍ ശ്രീവിദ്യയ്ക്ക് നഷ്ടമായത് വാത്സല്യവും സ്നേഹവും നിറഞ്ഞ കുട്ടിക്കാലമായിരുന്നു. തുടര്‍ന്ന് അമ്മയ്ക്കൊരു കൈത്താങ്ങായി 13ാം വയസ്സില്‍ ശ്രീവിദ്യ കുടുബപ്രാരാബ്ധം നെഞ്ചിലേറ്റുകയായിരുന്നു.

 

13ാം വയസ്സിലാണ് ശ്രീവിദ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തിരുവരുള്‍ ചൊല്‍വര്‍ എന്ന തമിഴ് ചിത്രമായിരുന്നു ശ്രീവിദ്യയുടെ ആദ്യചിത്രം. ചെണ്ടയായിരുന്നു മലയാളത്തിലെ അരങ്ങേറ്റ ചിത്രം. 1969ല്‍ എന്‍.ശങ്കരന്‍നായരുടെ ചട്ടമ്പിക്കവലയിലൂടെയാണ് ശ്രീവിദ്യ നായികയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. സത്യനായിരുന്നു ആദ്യ നായകന്‍. അന്ന് ശ്രീവിദ്യയ്ക്ക് വയസ്സ് 16. പിന്നീട് ശ്രീവിദ്യയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. പിന്നീടങ്ങോട്ട് ശ്രീവിദ്യയുടെ നാളുകളായിരുന്നു. 53 വര്‍ഷത്തെ ജീവിതയാത്രയില്‍ 40 വര്‍ഷവും ശ്രീവിദ്യ മാറ്റിവെച്ച്ത് സിനിമയ്ക്ക് വേണ്ടിയായിരുന്നു. 40 വര്‍ഷം സിനിമാ ലോകത്ത് നിറസാന്നിധ്യമറിയിച്ച ശ്രീവിദ്യ സിനിമാലോകത്തിന് സമ്മാനിച്ചത് 850ലേറെ ചിത്രങ്ങളായിരുന്നു. അഭിനയം മാത്രമായിരുന്നില്ല ശ്രീവിദ്യയുടെ കൈപ്പടിയില്‍ ഒതുങ്ങിയിരുന്നത്. ഗായിക കൂടിയായിരുന്നു. മൂന്ന് തവണ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡുകളും ശ്രീവിദ്യയെ തേടിയെത്തിയിരുന്നു.

 

സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന കാലത്തായിരുന്നു ആ പ്രണയം......സിനിമയ്ക്കകത്തും പുറത്തും പരസ്യമായിരുന്നു ആ പ്രണയം. ഒട്ടേറെ സിനിമകളില്‍ നായനായി കൂടെ അഭിനയിച്ച കമല്‍ ഹസനായിരുന്നു ജീവിതത്തിലെയും കഥാനായകന്‍. ഇരുകുടുംബങ്ങളുടെയും ഒത്താശയോടെയായിരുന്നു ആ പ്രണയം കൊഴുത്തു വളര്‍ന്നത്. അക്കാലയളവില്‍ കമല്‍ ഹസന്റെ മറ്റൊരു പ്രണയം ഈ പ്രണയബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.'ആത്മാവിനെ പറിച്ചെടുത്തതു പോലെ' എന്നായിരുന്നു തന്റെ നഷ്ടപ്രണയത്തെ കുറിച്ച് ശ്രീവിദ്യ അന്ന് വിശേഷിപ്പിച്ചിരുന്നത്.

 

പ്രണയ തകര്‍ച്ചയില്‍ കഴിയുന്ന കാലത്താണ് തീക്കനലിന്റെ അസോസിയേറ്റ് പ്രൊഡ്യൂസറായ ജോര്‍ജ് തോമസുമായി ശ്രീവിദ്യ അടുക്കുന്നതും പിന്നീട് വിവാഹിതയാകുന്നതും. ശ്രീവിദ്യ മാമോദിസ മുങ്ങി ക്രിസ്ത്യാനിയായ ശേഷമായിരുന്നു ജോര്‍ജുമായുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷം വീട്ടമ്മയായി ഒതുങ്ങി ജീവിക്കാന്‍ ശ്രമിച്ച ശ്രീവിദ്യയെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ക്യാമറയ്ക്കു മുന്നില്‍ തള്ളിവിടുകയായിരുന്നു. തുടര്‍ന്ന് വഴക്കും അഭിപ്രായവ്യത്യാസവും ഈ വിവാഹ ബന്ധത്തിന്റെ ആയുസ്സ് കുറച്ചു. തുടര്‍ന്ന് ശ്രീവിദ്യ ജോര്‍ജില്‍ നിന്നും വിവാഹമോചനം നേടുകയായിരുന്നു.

 

അര്‍ബുധം ശ്രീവിദ്യയെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയത് 2003ലായിരുന്നു. ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് അന്ന് ബയോപ്സി ചെയ്യുമ്പോഴാണ് സ്തനാര്‍ബുധമെന്ന് സ്ഥീരീകരിക്കുന്നത്. തളര്‍ന്നു പോയെങ്കിലും പതറാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ശ്രീവിദ്യ അപ്പോഴും അഭിനയം തുടര്‍ന്നു.....ഒപ്പം ചികിത്സയും....തുടര്‍ച്ചയായി മൂന്ന് വര്‍ഷം ചികിത്സയെടുത്തിരുന്നു. രോഗം മൂര്‍ച്ഛിച്ചിട്ടും രോഗത്തിനടിപ്പെട്ട് കിടക്കയില്‍ വിശ്രമിക്കാന്‍ തയ്യാറായിരുന്നില്ല ഈ മഹാനടി. മരണത്തെ മുഖാമുഖം കണ്ടിട്ടും വേദനകളല്‍ കടിച്ചമര്‍ത്തി പ്രേക്ഷകര്‍ക്കുമുന്നില്‍ വിടര്‍ന്ന കണ്ണുകളും നിറചിരിയുമായി എത്തിയ ശ്രീവിദ്യ നമ്മോടു വിട പറഞ്ഞത് 2006 ഒക്ടോബര്‍ 19നായിരുന്നു.