Monday 30 November 2020




അവള്‍ മരിച്ചിട്ടില്ല, തലയുയര്‍ത്തി ഇവിടെ ജീവിച്ചിരിക്കുന്നു ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ല്യു സി സി

By geethu nair.14 Oct, 2020

imran-azhar

ആക്രമിക്കപ്പെട്ട നടിക്കെതിരെ ഇടവേള ബാബു നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിമന്‍ ഇന്‍ സിനിമ കലക്ടീവ്. ഇടവേള ബാബുവിന്റെ പരാമര്‍ശം താരസംഘടനയുടെതന്നെ സ്ത്രീവിരുദ്ധതയാണെന്ന് ഡബ്ല്യു സി സി തുറന്നടിച്ചു. താരസംഘടനയ്ക്കായി നടന്‍ ദിലീപ് നിര്‍മിച്ച ട്വന്റി ട്വന്റി സിനിമയുടെ രണ്ടാം ഭാഗമുണ്ടായാല്‍ ആക്രമിക്കപ്പെട്ട നടിയെ അഭിനയിപ്പിക്കുമോ എന്ന ചോദ്യത്തിന് മരിച്ചുപോയവരെ എങ്ങനെ അഭിനയിപ്പിക്കും എന്നായിരുന്നു ഒരു അഭിമുഖത്തില്‍ ഇടവേള ബാബുവിന്റെ പ്രതികരണം. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചത്.

അവള്‍ മരിച്ചിട്ടില്ലെന്നും, ഇവിടെ തല ഉയര്‍ത്തി ജീവിച്ചിരിക്കുന്നുവെന്നുമാണ് ഡബ്ല്യു സി സിയുടെ മറുപടി. ഇടവേള ബാബുവിനെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് അമ്മയില്‍നിന്ന് രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ല്യു സി സി പ്രതികരണം. നടിയെ ക്രൂരമായി പൊതുമധ്യത്തില്‍ വലിച്ചിഴക്കുകയും കുറ്റാരോപിതനുമായി ചേര്‍ത്ത് ദുസ്സൂചനയോടെ ബാബു സംസാരിച്ചതും ക്രൂരമാണ്. ലിംഗസമത്വം സംഭവിക്കാത്ത ഇടമായി മലയാള സിനിമയെ മാറ്റുന്നതില്‍ ബാബുവും സംഘടനയും മല്‍സരിക്കുകയാണ്. ജീവിച്ചിരിക്കുന്നവരെ മരിച്ചെന്ന് കണക്കാക്കുന്നു. സിദ്ധിക്കിനെതിരെ നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗിക ആരോപണം ഇടവേള ബാബു തള്ളി പറഞ്ഞതും തൊഴിലിടത്തിന്റെ ജീര്‍ണാവസ്ഥയാണ് സൂചിപ്പിക്കുന്നതെന്നും ഡബ്ല്യു സി സി തുറന്നടിച്ചു. നടിയെക്കുറിച്ച് താന്‍ പറഞ്ഞത് വളച്ചൊടിച്ചുവെന്ന് ഇടവേള പിന്നീട് പ്രതികരിച്ചെങ്കിലും ഇത് തള്ളിയാണ് ഡബ്ല്യു സി സിയുടെ നിലപാട്.