By Sooraj Surendran .01 Apr, 2020
കൊച്ചി: ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിലേക്ക് പോയ നടൻ പൃത്ഥ്വിരാജും സംവിധായകൻ ബ്ലസ്സിയുമടക്കം 58 അംഗ സിനിമാ സംഘം ജോർജാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിൽ കുടുങ്ങി. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഒരു മാസം മുൻപാണ് സംഘം ജോർദാനിലേക്ക് എത്തിയത്. ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവരോട് എത്രയും വേഗം രാജ്യം വിടണമെന്ന് അധികൃതർ നിർദേശം നൽകി. ഏപ്രിൽ എട്ടിനുള്ളിൽ വിസ കാലാവധി അവസാനിക്കുകയും ചെയ്യും. ഇതേ തുടർന്ന് സംഘത്തെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് സിനിമാസംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്രസർക്കാരുകൾക്ക് കത്ത് നൽകി. അതേസമയം ഇന്ത്യയിൽ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ഇവരെ തിരികെ കൊണ്ടുവരാനാകുമോ എന്ന് സംശയമുണ്ട്.തിരിച്ചെത്തിക്കാനായില്ലെങ്കിലും ജോർദാനിൽ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് സംഘത്തെ മാറ്റാനുള്ള നടപടിയെങ്കിലും കേന്ദ്രസർക്കാർ കൈക്കൊള്ളണമെന്നും സിനിമാസംഘവും ഫിലിം ചേംബറും ആവശ്യപ്പെട്ടു.