Wednesday 23 October 2019




കോളജ് കാലത്തെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഐശ്വര്യയുടെ സഹപാഠി

By Anju N P.16 Sep, 2017

imran-azhar

 

ബോളിവുഡിന്റെ താരറാണി ഐശ്വര്യ റായിയെക്കുറിച്ച് ചില വെളിപ്പെടുത്തലുകളുമായി ശിവാനി എന്ന ഐശ്വര്യയുടെ പഴയൊരു സുഹൃത്ത്. മോഡലിങ്ങിലൂം സൗന്ദര്യ മല്‍സരങ്ങളിലും വേദികളിലും സിനിമാ മേഖലയിലും എന്നുവേണ്ട എല്ലാമേഘലകളിലും തന്റെ സൗന്ദര്യം ഒരു ചര്‍ച്ചാ വിഷയമാക്കിയ താരമാണ് ആഷ്. വിവാഹിതയായപ്പോഴും അമ്മയായപ്പോഴും ഗ്ലാമറിന് യാതൊരു ഉടവും വരുത്താതെ ഇന്‍ഡസ്ട്രിയിലെ നിറസാന്നിധ്യമായി നില്‍ക്കുന്ന ആഷിനെക്കുറിച്ചാണ് പഴയൊരു സഹപാഠിക്ക് പറയാനുള്ളത്. റെഡ്ഡിറ്റ് എന്ന സമൂഹമാധ്യമത്തിലൂടെയാണ് ശിവാനി താരത്തോടൊപ്പമുണ്ടായിരുന്ന പഴയകാല ഓര്‍മകള്‍ പങ്കുവച്ചത്.

 

സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖര്‍ക്കൊപ്പം പഠിച്ചവരുണ്ടോ ആ അനുഭവങ്ങള്‍ പങ്കുവെക്കാമോ എന്ന് റെഡ്ഡിറ്റില്‍ ഉയര്‍ന്ന ചോദ്യത്തിനു മറുപടിയായാണ് ശിവാനി ഐശ്വര്യയുമൊത്തുണ്ടായ ഓര്‍മകള്‍ പങ്കുവച്ചത്. ''മുംബൈയിലെ ജയ്ഹിന്ദ് കോളജിലാണു ഞാന്‍ പഠിച്ചത്. ആദ്യം കെസി കോളജില്‍ ചേര്‍ന്നിരുന്ന ഐശ്വര്യ പിന്നീടാണ് ഞങ്ങളുടെ കോളജിലേക്ക് എത്തുന്നത്. ഐശ്വര്യയുടെ സൗന്ദര്യത്തില്‍ മതിമറന്ന് അപ്പോള്‍ മുതലേ നിറയെ ആണ്‍പിള്ളേര്‍ അവള്‍ക്കു ചുറ്റും ഉണ്ടായിരുന്നു. പലരും ഐശ്വര്യയെ കാത്ത് കോളജ് ഗേറ്റിനു സമീപം നില്‍ക്കുമായിരുന്നു-ശിവാനി പറയുന്നു.

 

''അവള്‍ അന്നു തന്നെ അതിസുന്ദരിയായിരുന്നു. കോളജിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ ആഷിന്റെ സൗന്ദര്യത്തിന്റെ ആരാധകരായിരുന്നു.'' വലിയൊരു സൗഹൃദ വലയത്തിനും ഉടമയായിരുന്നു ആഷ് എന്നു പറയുന്നു ശിവാനി. എന്നും ക്ലാസ് തുടങ്ങുന്നതിന്റെ അവസാന നിമിഷം മാത്രം എത്തിയിരുന്ന അവര്‍ ക്ലാസിലെ ലാസ്റ്റ് ബെഞ്ചേഴ്‌സ് ആയിരുന്നു. പക്ഷേ ഫിസിക്‌സ് ക്ലാസിന്റെ സമയത്തുമാത്രം ഐശ്വര്യയും സുഹൃത്തുക്കളും ഫസ്റ്റ് ബഞ്ചില്‍ തന്നെ കയറിയിരിക്കും. കാരണം ആ അധ്യാപകന്‍ അല്‍പം കര്‍ക്കശക്കാരനായിരുന്നു, അതുകൊണ്ടുതന്നെ അവര്‍ക്കു മുന്നില്‍ മതിപ്പു തോന്നിക്കാന്‍ ആഷ് മിടുക്കിയായിരുന്നു.

 

എല്ലാ അധ്യാപകരുടെയും കണ്ണിലുണ്ണിയുമായിരുന്നു ഐശ്വര്യ, പ്രത്യേകിച്ച് ഫിസിക്‌സ് ടീച്ചറുടെ, അദ്ദേഹമാണ് കോളജ് മാഗസിനു വേണ്ടിയൊക്കെ ഐശ്വര്യയെ പ്രചോദിപ്പിച്ചിരുന്നത്. പഠനത്തിലും മിടുക്കിയായിരുന്ന ആഷ് വളരെ എളിമയുള്ളവളും ആയിരുന്നു. കോളജിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി എന്നായിരുന്നു എല്ലാവരും അവളെ വിളിച്ചിരുന്നത്, വൈകാതെ ലോകത്തിലെ തന്നെ സുന്ദരിയാണെന്ന് അവള്‍ തെളിയിച്ചു കാണിക്കുകയും ചെയ്തുവെന്നു ശിവാനി പറയുന്നു