Tuesday 15 October 2019




അവള്‍ എന്റെ മകളാണ്, എന്റെ ജീവിതവും;ട്രോളര്‍മാര്‍ക്ക് മറുപടിയുമായി ഐശ്വര്യ റായി

By anju.08 Jun, 2019

imran-azhar

ബി ടൗണില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്ന അമ്മയും മകളുമാണ് മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായിയും മകള്‍ ആരാധ്യാ ബച്ചനും. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴൊക്കെ മകളെ ഒപ്പം കൂട്ടുന്ന ഐശ്വര്യ എപ്പോഴും മകളുടെ കൈകളില്‍ മുറുകെപ്പിടിക്കാറുണ്ടെന്നും കുട്ടിയെ സ്വതന്ത്രയായി വിടാറില്ലെന്നുമായിരുന്നു ആദ്യകാലത്ത് ട്രോളന്മാരുടെ പരാതി. എന്നാലിപ്പോള്‍ ഐശ്വര്യ മകളുടെ കൈകളില്‍ മുറുകെപ്പിടിക്കാനുള്ള കാരണത്തെക്കുറിച്ചും സ്വയമങ്ങു പ്രവചിച്ചു കളഞ്ഞു ട്രോളന്മാര്‍.


മറ്റ് സെലിബ്രിറ്റി കിഡ്‌സുമായി താരതമ്യം ചെയ്ത ശേഷമായിരുന്നു ആരാധ്യയുടെ ശരീരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ട്രോളന്മാര്‍ ഊഹാപോഹങ്ങള്‍ പറഞ്ഞു പരത്തിയത്. ഐശ്വര്യ മകളോട് അമിതമായ കരുതല്‍ കാണിക്കുന്നുണ്ടെന്നും അത് ഭാവിയില്‍ അവരുടെ കുട്ടിക്കു ദോഷം ചെയ്യുമെന്നുമാണ് ട്രോളന്മാരുടെ അഭിപ്രായം. അതുകൂടാതെയാണ് കുട്ടിക്ക് ശരീരഭാരം കുറവാണെന്ന തരത്തില്‍ ചിലര്‍ പ്രതികരിച്ചത്. ആരാധ്യയ്ക്ക് പ്രായത്തിനനുസരിച്ചുള്ള ശരീരഭാരമില്ലെന്നും സെയ്ഫ്-കരീന ദമ്പതികളുടെ മകന്‍ തൈമൂറിനെ താരതമ്യം ചെയ്തുകൊണ്ടാണ് ചിലര്‍ ആരാധ്യയുടെ ശരീരഭാരത്തെക്കുറിച്ച് നെഗറ്റീവ് കമന്റ് കുറിച്ചത്.


പൊതുവെ ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളോട് മൗനം പാലിക്കാറുള്ള ഐശ്വര്യ ഇക്കുറി ആ പതിവു തെറ്റിച്ചു. നെഗറ്റീവ് ട്രോളുകളെ എപ്പോഴും അവഗണിക്കുന്ന ഐശ്വര്യ ഒരിക്കല്‍ ക്ഷമനശിച്ച് പറഞ്ഞതിങ്ങനെ :- 'വിധിക്കൂ, അവള്‍ എന്റെ മകളാണ്. ഞാന്‍ അവളെ സ്‌നേഹിക്കും, ഞാന്‍ അവളെ സംരംക്ഷിക്കും, ഞാന്‍ അവളെ കെട്ടിപ്പിടിക്കും, അവള്‍ എന്റെ മകളാണ്, എന്റെ ജീവിതവും'.
ആരാധ്യയെക്കുറിച്ച് പ്രചരിക്കുന്ന നെഗറ്റീവ് കമന്റ് ഐശ്വര്യയെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടെന്നും ഈ കാര്യത്തില്‍ അവര്‍ വളരെയേറെ മനോവേദനയനുഭവിക്കുന്നുണ്ടെന്നും കുടുംബത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു. മകളെക്കുറിച്ച് പ്രചരിക്കുന്ന നെഗറ്റീവ് ട്രോളുകളെക്കുറിച്ച് ഐശ്വര്യ അഭിഷേകുമായി ചര്‍ച്ച ചെയ്‌തെന്നും അഭിഷേകും ഈ വിഷയത്തില്‍ അസ്വസ്ഥനാണെന്നും അവര്‍ പറയുന്നു.
'സെലിബ്രിറ്റികളെ ട്രോളിക്കോളൂ പക്ഷേ, ഒന്നുമറിയാത്ത അവരുടെ കുഞ്ഞുങ്ങളെ ടാര്‍ഗറ്റ് ചെയ്യരുത്' എന്ന നിലപാടാണ് ഐശ്വര്യ മുന്‍പും സ്വീകരിച്ചിരുന്നത്. 'പ്രത്യേകിച്ചൊരു കാരണവുമില്ലാതെ മകള്‍ക്കെതിരെ നെഗറ്റീവ് കമന്റ് പരത്തും മുന്‍പ് ട്രോളന്മാര്‍ രണ്ടുപ്രാവശ്യമെങ്കിലും ചിന്തിക്കണ’മെന്ന് ഐശ്വര്യയും അഭിഷേകും പറയുന്നതെന്നാണ് ഇരുവരെയും ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.