Friday 29 May 2020




ഫെഫ്ക 'അന്നം' പദ്ധതിക്ക് തുടക്കമായി

By Sooraj Surendran.28 Mar, 2020

imran-azhar

 

 

കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഡോർ ഡെലിവറിയായി ഭക്ഷണമെത്തിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ യാഥാർഥ്യമാക്കാൻ ഫെഫ്കയുടെ മൂന്ന് യൂണിയനുകൾ മുന്നിട്ടിറങ്ങുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ. വീടുകളിലും തെരുവിലും ഒറ്റപെട്ടുപോയവർക്കും അതിഥി തൊഴിലാളികൾക്കും ഫെഫ്കയുടെ മെസ്സ് യൂണിയൻ ഉണ്ടാക്കുന്ന ഭക്ഷണം, ഡ്രൈവേഴ്സ് യൂണിയന്റെ വാഹനങ്ങളിൽ, പ്രൊഡക്ഷൻ അസിസ്റ്റൻസ് യൂണിയൻ അംഗങ്ങൾ വിതരണം ചെയ്യുന്ന പരിപാടി ജില്ലാ ഭരണകൂടവുമായി ചേർന്ന് മാർച്ച് 28 ന് ശനിയാഴ്ച്ച എറണാകുളത്ത് ആരംഭിക്കും. 'അന്നം' എന്ന് പേരിട്ട ഈ പദ്ധതി തുടർന്ന് മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫെഫ്കയുടെ 400 വാഹനങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. തൊഴിലില്ലാതെ ദുരിതമനുഭവിക്കുന്ന ദിവസവേതനക്കാരായ അയ്യായിരത്തോളം ഫെഫ്ക അംഗങ്ങൾക്ക് ഏപ്രിൽ മാസം ധനസഹായം വിതരണം ചെയ്യുന്നതിനുള്ള ധന സമാഹരണ യജ്ഞവും സംഘടന ആരംഭിച്ചു. മോഹൻലാൽ , മഞ്ജു വാര്യർ , അല്ലു അർജുൻ തുടങ്ങി ഒട്ടേറെ താരങ്ങളും സാമ്പത്തിക ശേഷിയുള്ള ഫെഫ്ക അംഗങ്ങളും പദ്ധതിയിൽ ഭാഗമായി കഴിഞ്ഞു.