Sunday 08 December 2019




പ്രഭാവതിയമ്മയെ ഓർമ്മിപ്പിച്ച് മായി ഘട്ട് ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലയും ഗോവയിൽ

By Aravind S Sasi..22 Nov, 2019

imran-azhar

 

 

പനാജി: എനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുത്. അതിന് വേണ്ടിയാണ് ഞാൻ പോരാടുന്നത്. തെറ്റ് ചെയ്തവർക്ക് കൊലക്കയർ വാങ്ങി കൊടുക്കുകയായിരുന്നു എന്റെ ലക്ഷ്യം...... ഈ വാചകങ്ങൾ മലയാളികൾ മറക്കില്ല. 2005 സെപ്റ്റംബർ 27ന് മോഷണക്കുറ്റം ആരോപിച്ച് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് പൊലീസുകാർ നിഷ്ഠൂരമായി ഉരുട്ടി കൊലപ്പെടുത്തുകയും ചെയ്ത ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ പൊലീസുകാരെ കോടതി ശിക്ഷിച്ച ദിവസം പറഞ്ഞ വാചകങ്ങളാണ്. മാദ്ധ്യമങ്ങളിലൂടെയാണ് ആനന്ദ് നാരായൺ മഹാദേവൻ ഒരമ്മയുടെ വേദനിക്കുന്ന ഈ വാക്കുകൾ അറിഞ്ഞത്. പിന്നീട് ആ അമ്മയെ തിരഞ്ഞ് മുംബൈയിൽ നിന്നും കേരളത്തിലെത്തി. പ്രഭാവതിയമ്മയെ കണ്ടു. അവർ അനുഭവിച്ച യാതനകൾ കേട്ടു. അവർ നടത്തിയ നിയമ പോരാട്ടത്തിന്റെ കഥകൾ കേട്ടു. ആ അമ്മയുടെ പോരാട്ടം ലോകം അറിയണമെന്ന് ആനന്ദ് മഹാദേവൻ തീരുമാനിച്ചു. അങ്ങനെയാണ് മറാത്തി ഭാഷയിൽ സിനിമയെടുക്കാൻ തീരുമാനിച്ചത്. പ്രഭാവതിയമ്മയുടെ അനുമതി ലഭിച്ചതോടെ ഉദയകുമാറിന്റെ ദാരുണ മരണവും പ്രഭാവതിയമ്മയുടെ നിയമ പോരാട്ടവും പുനർ ജനിച്ചു. മറാത്തിയിൽ പ്രഭാവതിയമ്മ മായി ആയി. ഉദയകുമാർ നിതിനായി. ഫോർട്ട് പൊലീസ് സ്റ്റേഷൻ മുംബൈയിലെ ഒരു ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനുമായി മാറി.

 

ഹൈന്ദവ വിശ്വാസ പ്രകാരമുള്ള പുതുവർഷത്തിൽ പുതിയ വസ്ത്രങ്ങൾ വാങ്ങാനായി മായി 4200 രൂപ നിതിനെ ഏൽപ്പിക്കുന്നു. ആ പണവുമായി പതുവസ്ത്രങ്ങൾ വാങ്ങാൻ യാത്ര പറഞ്ഞിറങ്ങിയ മകനെ പിന്നീട് മായി കാണുന്നില്ല. പൊലീസുകാരുടെ പണത്തിനോടുള്ള ആർത്തി നിരപരാധിയുടെ ജീവനെടുത്തു. പൊലീസ് സ്റ്റേഷനിലെ ഇരുണ്ട ലോക്കപ്പ് മുറികൾ മരണത്തിലേയ്ക്കുള്ള പടവുകളായി മാറുന്നതാണ് പിന്നീട് കാണുന്നത്. നിരപരാധികളെ പീഡിപ്പിക്കാനുള്ള കോൺസൺട്രേഷൻ ക്യാമ്പുകളായി മാറുന്ന പൊലീസ് സ്റ്റേഷനുകൾ ഒന്നല്ല നിരവധിയാണ്. അതിന് നഗര ഗ്രാമ വ്യത്യാസങ്ങളില്ല. ഭാഷാ ദേശ വ്യത്യാസങ്ങളുമില്ല. എല്ലായിടങ്ങളിലും ഏതെങ്കിലും തരത്തിൽ മരണ മുറികളുള്ള പൊലീസ് സ്റ്റേഷനുകൾ നിലനിൽക്കുന്നു. ഇതിനെതിരെയുള്ള മുന്നറിയിപ്പു കൂടിയാണ് മായി ഘട്ട്. നിതിന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താൻ അലക്കുകാരിയ മായി നടത്തുന്ന നിയമ പോരാട്ടം സമാനതകളില്ലാത്തതാണ്. ഓരോ കുറ്റവാളിയെയും നിയമത്തിന്റെ മുന്നിൽ കൊണ്ടു വരുന്നതിനായി അമ്മ നടത്തിയ പോരാട്ടത്തിനുള്ള സമർപ്പണം കൂടിയായി മാറി ആനന്ദ് മഹാദേവന്റെ സിനിമ. പ്രേക്ഷരിലേയ്ക്ക് വേദനയും ആത്മ രോഷവും ഉണർത്തി സിനിമ അവസാനിക്കുന്നു. പ്രഭാവതിയമ്മയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി അവരുടെ ആത്മ സംതൃപ്തി നിറഞ്ഞ വാക്കുകളിലൂടയാണ് സിനിമ അവസാനിപ്പിക്കുന്നത്. ഇനി ഒരു ലോക്കപ്പുകളിലും നിരപരാധികൾ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെടരുതെന്ന ആത്മാർത്ഥമായ ആഗ്രഹമാണ് മനോഹരമായ ദൃശ്യകാവ്യമായി പരിഗണിച്ചത്. മത്സര വിഭാഗത്തിൽ ഉൾപ്പെടുന്ന മായിഘട്ട് ഇന്നലെ ഇന്ത്യൻ പനോരമയിലാണ് പ്രദർശിപ്പിച്ചത്.