Wednesday 15 July 2020
അതിജീവനത്തിന്റെ കഥകൾ, ഭീതിപ്പെടുത്തുന്ന ഭാവിയും

By Aravind S Sasi.22 Nov, 2019

imran-azhar

 

 

പനാജി: പ്രതിസന്ധികളിൽ നിന്നും നിന്നുള്ള അതിജീവനത്തിന്റെ കഥകളായിരുന്നു ദേശീയ രാജ്യാന്തര മേളയുടെ മൂന്നാം ദിനത്തിൽ പ്രദർശിപ്പിക്കപ്പെട്ടതിൽ ഏറെയും. ഫിലിപ്പൈൻസിലെ മയക്കുമരുന്ന് വ്യാപാരത്തിനെതിരായ ഭരണകൂടത്തിന്റെ നടപടികൾ ചർച്ച ചെയ്ത വാച്ച് ലിസ്റ്റിലെ മരിയ പ്രേക്ഷകർക്കിടയിൽ വേ‌ദനയായി പടർന്നപ്പോൾ പുതുതായി സൃഷ്ടിച്ചെടുത്ത ചെടിയുടെയും കൗമാരക്കാരനായ മകന്റെയും സ്വഭാവ വ്യതിയാനം ആശങ്കപ്പെടുത്തുന്ന ആലിസിനെയാണ് ലിറ്റിൽ ജോയിൽ പ്രേക്ഷകർ കണ്ടത്. പരീക്ഷണ ചിത്രവുമായി എത്തിയ നടൻ പാർത്ഥിപൻ മേളയിൽ മികച്ച പ്രതികരണം നേടി. സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത ഒത്ത സെരുപ്പ് സൈസ് 7 കൈയടികളോടെയാണ് മേള സ്വീകരിച്ചത്. വരാൻ പോകുന്ന കാലഘട്ടത്തിൽ പ്രകൃതി സൃഷ്ടിക്കുന്ന പ്രതിസന്ധി ചർച്ച ചെയ്ത ദി ഹാൾട്ട് ഭാവിയെ പറ്റിയുള്ള ഭയാനകമായ ആശങ്കയാണ് പങ്കുവയ്ക്കുന്നത്.

 

ഫിലിപ്പൈൻസിൽ സർക്കാർ മയക്കുമരുന്നിന് അടിമകളായവരെയും കച്ചവടക്കാരെയും പുനരധിവസിപ്പിക്കാനെടുത്ത തീരുമാനത്തിന്റെ അനന്തരഫലങ്ങളാണ് ബഹുഭാഷ ചിത്രമായ വാച്ച് ലിസ്റ്റ് ചർച്ച ചെയ്യുന്നത്. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളെ ഉദ്യോഗസ്ഥര്ഡ‍ തന്ത്രപരമായി എങ്ങനെ അട്ടിമറിക്കുന്നുവെന്ന് സംവിധായകൻ ബെൻ റെക്കി വിശദമാക്കുന്നുണ്ട്. പുനരധിവാസത്തിലൂടെ മയക്കുമരുന്നു വ്യാപനം തടയാനാണ് സർക്കാർ തീരുമാനം. എന്നാൽ പഴയ മയക്കു മരുന്ന് കച്ചവടക്കാരെ കൊന്നൊടുക്കി വ്യാപനം തടയാനാണ് പൊലീസിന്റെ ശ്രമം. ഒരിക്കൽ മാപ്പു നൽകി പുനരധിവസിക്കപ്പെട്ടവരെ വീണ്ടും മയക്കുമരുന്ന് കച്ചവടക്കാരെന്ന് മുദ്രകുത്തി കൊലപ്പെടുത്തുകയാണ്. ചോദ്യം ചെയ്യുന്നവരെ നിരീക്ഷിക്കുന്നതിനുള്ള പട്ടികയിൽ പെടുത്തി പീഡിപ്പിക്കുകയും ചെയ്യുന്നു. മരിയയുടെ ഭർത്താവിനെയും ഇത്തരത്തിൽ കൊലപ്പെടുത്തുന്നു. എന്നാൽ ഇതൊരു ഏറ്റുമുട്ടൽ കൊലപാതകമല്ലെന്ന് കണ്ടെത്തുന്ന മരിയ പൊലീസിനെതിരെ നിയമപരമായി നീങ്ങുന്നു. എന്നാൽ മൂന്ന് മക്കളെ പുലർത്താനുള്ള വരുമാനം ഇല്ലാതെ വരുന്നതോടെ പൊലീസ് ചീഫിന്റെ നിർദ്ദേശ പ്രകാരം മയക്കുമരുന്ന് കച്ചവടക്കാരെ കൊലപ്പെടുത്തുന്ന ജോലി ഏറ്റെടുക്കുന്നു. പല അവസരങ്ങളിലും കൊല്ലപ്പെടേണ്ടവരുടെ കുടുംബത്തെയും മറ്റും ഓർത്ത് പിന്മാറാൻ ശ്രമിക്കുകയാണെങ്കിലും മരിയയെ നിർബന്ധപൂർവം കൊലപാതകിയാക്കുന്നു. മരിയ മാത്രമല്ല ആ തെരുവിൽ പൊലീസ് സൃഷ്ടിച്ച നിരവധി വിധവകളുണ്ട്. അവരുടെ അതിജീവനവും സിനിമ ചർച്ചയാക്കുന്നുണ്ട്. ഒടുവിൽ മരിയയെ തന്നെ കൊലപ്പെടുത്തുന്ന പൊലീസ് മയക്കുമരുന്ന് വ്യാപനം തടയാൻ സർക്കാർ സ്വീകരിച്ച നടപടി വിജയകരമാണെന്ന സ്ഥാപിക്കാൻ ശ്രമം നടത്തുകയാണ്. ഫിലിപ്പൈൻസിലെ അരാജകത്വം ചർച്ച ചെയ്ത വാച്ച് ലിസ്റ്റ് പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി.

 

ഗവേഷണങ്ങളിലൂടെ പുതിയ ചെടി കണ്ടെത്തിയ ആലിസിന്റെ ആശങ്കകളാണ് ജർമൻ ചിത്രമായ ലിറ്റിൽ ജോയിലൂടെ ജസിക്ക ഹൗസ്നർ പങ്കുവയ്ക്കുന്നത്. പുതുതായി കണ്ടെത്തിയ ചെടിക്ക് മണവും സൗന്ദര്യവും മാത്രമല്ല ഔഷധ ഗുണവുമുണ്ടെന്ന് വ്യക്തമാകുന്നു. ചെടിക്ക് കൗമാരക്കാനായ മകന്റെ പേരാണ് ഇടുന്നത്. ചെടി വളരുന്തോറും അതിന്റെ ഗുണങ്ങളിലും വ്യത്യാസം വരുന്നു. അപകടകരമായ ചില സ്വഭാവ വിശേഷങ്ങളും ചെടിക്ക് ഉണ്ടെന്ന് ആലിസ് തിരിച്ചറിയുന്നു. അതിനു സമാനമായി തന്നെ മകൻ ജോയുടെ സ്വഭാവത്തിലും അപകടകരമായ വ്യതിയാനം വരുന്നുവന്ന തരിച്ചറിവ് സൃഷ്ടിക്കുന്ന ചെറുതല്ലാത്ത ആശങ്കകളും അപകടം ഒഴിവാക്കുന്നതിനുള്ള മുൻ കരുതലുകളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഒരു ചെടിയുടെ വളർച്ചയിൽ വരുന്ന വ്യത്യാസങ്ങൾ ഒരു കൗമാരക്കാരന്റെ സ്വഭാവമാറ്റത്തിലേയ്ക്ക് സന്നിവേശിപ്പിക്കുന്ന മനോഹരമായ കഥ പറച്ചിൽ രീതിയാണ് ലിറ്റിൽ ജോയെ മനോഹരമാക്കുന്നത്. 2034 ൽ ലോകത്ത് എന്ത് സംഭവിക്കുമെന്ന ചർച്ച ലവ് ഡയസിന്റെ ഫിലിപ്പൈൻ ചിത്രം ദി ഹാൾട്ട് നടത്തുന്നു. ഭീതിപ്പെടുത്തുന്ന ഭാവിയാണ് കാത്തിരിക്കുന്നതെന്നാണ് ഹാൾട്ട് പ്രവചിക്കുന്നത്. സെലിബ്സ് കടലിന്റെ പശ്ചാത്തലത്തിൽ തെക്ക് കിഴക്കൻ ഏഷ്യയാണ് പശ്ചാത്തലം. മൂന്ന് വർഷമായി സൂര്യൻ ഉദിക്കാതെ ഇരുട്ടിൽ അകപ്പെട്ടിരിക്കുന്ന ലോകത്ത് ഭ്രാന്തൻ സങ്കൽപ്പങ്ങൾ വച്ചു പുലർത്തുന്ന ഒരു കൂട്ടം ഭരണം നടത്തുന്നതും ഭീതിതമായ പകർച്ചവ്യാധികൾ പടർന്ന് പിടിച്ച് മനുഷ്യരാശി നാശത്തിലേയ്ക്ക് കൂപ്പുകുത്തുന്നതും പ്രേക്ഷകനെ ഞെട്ടിപ്പിച്ചു. 46 സിനിമകളാണ് മേളയിൽ ഇന്നലെ പ്രദർശിപ്പിച്ചത്. മിറാമർ ബീച്ചിൽ പൊതുജനങ്ങൾക്കായി ഉദ്ഘാടന ചിത്രമായ ഡെസ്പൈറ്റ് ദി ഫോഗ് പ്രദർശിപ്പിച്ചു, ചലച്ചിത്രമേളയിലെ ഫിലിംബസാറിൽ വ്യൂവിംഗ് റൂം റെക്കമൻഡ്‌സ് വിഭാഗത്തിലേക്ക് 1956-മധ്യതിരുവിതാംകൂർ എന്ന മലയാളം ചിത്രം പ്രദർശിക്കപ്പെട്ടു. ഡോൺ പാലത്തറ രചനയും സംവിധാനവും നിർവഹിച്ച ചലച്ചിത്രമാണ് 1956-മധ്യതിരുവിതാംകൂർ. കേരളത്തിലെ ഭൂപരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കിയിലേക്കുള്ള ആദ്യകാല കുടിയേറ്റക്കാരുടെ കഥപറയുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് 1956, മധ്യതിരുവിതാംകൂർ.22 ഫീമെയിൽ കോട്ടയം , ഡാ തടിയാ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായ അഭിലാഷ് കുമാറാണ് ചിത്രം നിർമാതാവ്. ഇന്ന പനോരമ നോൺഫീച്ചർ വിഭാഗത്തിൽ നൊവിൻ വാസുദേവിന്റെ ഇരുളിലും പകലിലും ഒടിയൻ, മത്സര വിഭാഗത്തിൽ ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, നവ തരംഗ ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ജോൺ എബ്രഹാമിന്റെ അഗ്രഹാരത്തിലെ കഴുത എന്നിവ പ്രദർശിപ്പിക്കും.