Sunday 08 December 2019




പ്രണയവും വിരഹവും ഒളിച്ചോട്ടവും കണ്ണു നനയിപ്പിക്കുന്ന സെന്റിമെൻസും: കയ്യടി നേടി ഒത്ത സെരുപ്പ് സൈസ് ഏഴ്

By Aravind S Sasi.22 Nov, 2019

imran-azhar

 

 

പനാജി: പ്രതികാരത്തിന് വേണ്ടിയുള്ള കൊലപാതകം, അതിനെ ന്യായീകരിക്കാനായി നിരവധി കാരണങ്ങൾ ഒരു തമിഴ് സിനിമയ്ക്ക് വേണ്ട കഥയും സംഭവങ്ങളും എല്ലാം ഇതിലുണ്ട്. ഓരോ ദിവസവും പുറത്തിറങ്ങുന്ന തമിഴ് സിനിമകളുടെ കഥകൾ ഇത്തരത്തിലുള്ളതായിരിക്കും. ഇതിനിടയിൽ പ്രണയവും വിരഹവും ഒളിച്ചോട്ടവും കണ്ണു നനയിപ്പിക്കുന്ന ചില സെന്റിമെൻസുകളുമൊക്കെ ഉണ്ടാകും. വിദേശത്തെയും സ്വദേശത്തെയും ലൊക്കഷനുകളും ഗ്രാഫിക്സിലൂടെ സൃഷ്ടിക്കുന്ന മായിക പ്രപഞ്ചവുമൊക്കെയായി ഒരു തട്ടുപൊളിപ്പൻ സിനിമയ്ക്ക് വേണ്ട കഥയും സാഹചര്യങ്ങളും പശ്ചാത്തലങ്ങളുമാണ് ഒത്ത സെരുപ്പ് സൈസ് ഏഴ്. എന്നാൽ ഒരു ദേശീയ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ പറ്റുന്ന തരത്തിൽ മികച്ച സിനിമയായി അതു മാറിയിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രഡിറ്റും നൽകേണ്ടത് പാർത്ഥിപൻ എന്ന സിനിമാക്കാരന് മാത്രമാണ്. ഓരോ സീനുകളും പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾ മുനയിൽ നിർത്തുന്നുണ്ട്. എന്നാൽ സംഭവം നടക്കുന്നത് പൊലീസ് സ്റ്റേഷനിലെ ഇരുണ്ട ഒരു മുറിയിലാണെന്ന് മാത്രം. ഒരിക്കൽ പോലും ഈ മുറിക്ക് പുറത്തേയ്ക്ക് ക്യാമറ തിരിയുന്നില്ല. മാത്രമല്ല സിനിമയിലെ നായകനായ ( വില്ലനുമായ ) മാസിലാമണിയല്ലാതെ ( പാർത്ഥിപൻ ) മറ്റൊരാളും ഫ്രെയിമിലേയ്ക്ക് വരുന്നതുമില്ല. ഒരു കഥാപാത്രം മാത്രം അഭിനയിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ സിനിമയാണ് ഇത്. നിരവധി കഥാപാത്രങ്ങളുണ്ട് സിനിമയിൽ. പക്ഷെ ആ കഥാപാത്രങ്ങൾ എല്ലാം മാസിലാമണിയുടെ സംഭാഷണത്തിലൂടെയാണ് പുറത്തേയ്ക്കു വരുന്നത്. എന്നാൽ ഓരോ കഥാപാത്രത്തിന്റെയും സ്വഭാവം അത് കുട്ടിയുടേതായാലും വൃദ്ധന്റേതായാലും പ്രേക്ഷകന് കൃത്യമായി ബോദ്ധ്യപ്പെടുന്നു. ഓരോ കഥാപാത്രങ്ങളുടെയും സാന്നിദ്ധ്യം പാർത്ഥിപനെന്ന മികച്ച നടന്റെ ഭാവാഭിനയത്തിലൂടെ പ്രേക്ഷകന് ആസ്വദിക്കാനാകുന്നു. ഒരിക്കൽ പോലും കഥയുടെ ഒഴുക്ക് തടസപ്പെടുന്നില്ല. ഒരോ സീനും പ്രേക്ഷകനെ ആകാംഷയുടെ മുൾ മുനയിൽ തന്നെ നിർത്തുകയും ചെയ്യുന്നു. മാത്രമല്ല ഒരിക്കൽ പോലും മാസിലാമണി മാത്രമാണ് സ്ക്രീനിലുള്ളതെന്ന് കരുതാൻ പ്രേക്ഷകനെ അനുവദിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. കോടികളുടെ ചെലവുകളില്ലാതെ നടത്തിയ സാധാരണ പരീക്ഷണ ചിത്രമാണ് ഒത്ത സെരുപ്പ് സൈസ് ഏഴ്. പാർത്ഥിപനിലെ അഭിനേതാവിനെ മാത്രമല്ല സംവിധായകന്റെ മികവു കൂടി പ്രേക്ഷകനെ ബോദ്ധ്യപ്പെടുത്തുന്നു ഒത്ത സെരുപ്പ് സൈസ് ഏഴ്. അടുത്ത കാലത്ത് ഇന്ത്യൻ സിനിമയിലെ മികച്ച പരീക്ഷണ ചിത്രമാണ് ഇതെന്ന് പറയാതിരിക്കാനാകില്ല. മോണോ ആക്റ്റിൽ ഒരു സിനിമ ചെയ്യുമ്പോൾ സ്വാഭാവികമായും കൈവിട്ട് പോകാനുള്ള സാദ്ധ്യത നിരവധിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കുമ്പോൾ അതിനായി ഒരു ക്രൈം ത്രില്ലർ കൂടിയാകുമ്പോൾ പരാജയ സാദ്ധ്യത ഏറ്റവും വലുതാകുന്നു. സംവിധാന മികവും അഭിനയ മികവും മാത്രമല്ല ദൃശ്യമികവും സിനിമയെ ആസ്വാദ്യമാക്കുന്നുണ്ട്. ഒറ്റ മുറിയിലെ ചിത്രീകരണത്തിന് പരിമിതികളുണ്ടെങ്കിലും എല്ലാ പരിമതികളെയും അതിജീവിച്ച് ആവശ്യത്തിനുള്ള വെളിച്ചം മിതമായി സന്നിവേശിപ്പിച്ച് മാസിലാമണിയുടെ എല്ലാ ഭാവങ്ങളും പകർത്തിയെടുത്ത റാംജിയുടെ ഛായാഗ്രഹണ മികവും റസൂൽ പൂക്കുട്ടിയുടെ മികച്ച സൗണ്ട് ഡിസൈനിംഗും സി സത്യയുടെ സംഗീതവും എല്ലാ പരിമിതികളെയും മറികടക്കാൻ കഴിയുന്നത് തന്നെ. കൂട്ടായ്മയുടെ വിജയമാണ് ഒത്ത സെരുപ്പ് സൈസ് 7. തമിഴിൽ നിന്നും പ്രതീക്ഷിക്കാവുന്നതിനേക്കാൾ അപ്പുറത്തുള്ള ഒരു മികച്ച സിനിമ.