Sunday 09 December 2018


സാധാരണക്കാരനെപ്പോലെ നിലത്തിരുന്ന് ഭക്ഷണം കഴിച്ച് ഇന്ദ്രന്‍സ്; ചിത്രം വൈറലാകുന്നു

By Anju N P.11 Mar, 2018

imran-azhar

 


മലയാളത്തില്‍ ഹാസ്യകഥാപാത്രങ്ങളിലൂടെ മാത്രം തിളങ്ങി ഒടുവില്‍ മലയാളത്തിന്റെ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റ് വാങ്ങിയ നടനാണ് ഇന്ദ്രന്‍സ്. താരജാഡ ഒട്ടുമില്ലാതെ വളരെ നിഷ്‌കളങ്കമായി പെരുമാറുന്ന നടനാണ് ഇന്ദ്രന്‍സ്. മികച്ച നടനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ച ഇന്ദ്രന്‍സിന്റെ ചിത്രം പങ്കുവച്ച് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറഞ്ഞു അര്‍ഹതക്കുള്ള അംഗീകാരമെന്ന്. ഇപ്പോളിതാ താരത്തിന്റെ ഒരു ചിത്രം കൂടി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ഇന്ദ്രന്‍സിന്റെ ചിത്രങ്ങളാണ് വൈറലായികൊണ്ടിരിക്കുന്നത്.

 

ഇമ്മാനുവല്‍ സംവിധാനം ചെയ്ത കെന്നി എന്ന ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിങിനിടെ എടുത്ത ചിത്രമാണിത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ സെബിന്‍ മറിയംകുട്ടിയാണ് ഇന്ദ്രന്‍സ് എന്ന നടനിലെ സാധാരണക്കാരനെ തുറന്നുകാട്ടിയത്.

 

സെബിന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ്;

37 കൊല്ലം ആയി ഇന്ദ്രന്‍സ് ഏട്ടന്‍ സിനിമയില്‍ വന്നിട്ട്... 1981ല്‍ ചൂതാട്ടം എന്ന സിനിമയില്‍ കോസ്റ്റുമറായി അവതരിച്ച അദ്ദേഹം... പിന്നീട് ഒരു കോമഡി താരം ആയി മുന്നേറി... പക്ഷെ അദ്ദേഹത്തെ മലയാള സിനിമ ശരിക്കും ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ട് വര്‍ഷം ഏറെ ഒന്നുമായിട്ടില്ല...


ഇത് 2017 ഡിസംബറില്‍ ഞങ്ങളുടെ കെന്നി എന്ന ഷോര്‍ട് ഫിലിം ലൊക്കേഷനില്‍ വച്ചു എടുത്ത ഒരു ചിത്രം ആണ്... 'ചേട്ടാ ഒരു മിനിറ്റ് കസേര എടുക്കാം' എന്ന് പറഞ്ഞ അസിസ്റ്റന്റ് ഡയറക്ടറോടു 'വേണ്ട മോനേ നമ്മുക്ക് എല്ലാവര്‍ക്കും കൂടെ നിലത്തു ഇരുന്നു ഭക്ഷണം കഴിക്കാം' എന്ന് പറഞ്ഞു ഞങ്ങള്‍ക്കൊപ്പം തറയില്‍ ഇരിക്കാന്‍ കാണിച്ച ആ മനസ്സ് തന്നെ ആണ് അദ്ദേഹത്തെ ഇന്ന് കേരളത്തിലെ മികച്ച നടനുള്ള സിംഹാസനത്തില്‍ പ്രതിഷ്ടിച്ചതു (സിനിമ: ആളൊരുക്കം)

(NB: നിക്കോളാസ് എന്നൊരു ആംഗ്ലോ ഇന്ത്യന്‍ കഥാപാത്രമായാണ് ഇന്ദ്രന്‍സ് ഏട്ടന്‍ കെന്നിയില്‍ പ്രത്യക്ഷപ്പെടുന്നത്... ഈ സന്തോഷ വേളയില്‍ ഇന്ദ്രന്‍സ് ഏട്ടന് ഞങ്ങള്‍ കെന്നി ടീമിന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍)