Wednesday 15 July 2020
15 വർഷത്തെ കാത്തിരിപ്പ്, വെല്ലുവിളി

By Aravind S Sasi.23 Nov, 2019

imran-azhar

 

 

എങ്ങനെയാണ് ഒത്ത സെരുപ്പ് ഏഴ് പോലൊരു സിനിമ?

 

പാർത്ഥിപൻ - ഒത്ത സെരുപ്പ് സൈസ് 7 എന്ന സിനിമയ്ക്കായി കാത്തിരുന്നത് 15 വർഷങ്ങളാണ് കഥയും പരിസരവും സാഹചര്യവും എല്ലാം നേരത്തെ തീരുമാനിച്ചിരുന്നു. എഴുത്തും തുടങ്ങിയിരുന്നു. എന്നാൽ എഴുതുമ്പോൾ എല്ലാ കഥാപാത്രങ്ങളും സിനിമയിൽ ഉണ്ടായിരുന്നു. പക്ഷെ ഒരു ഘട്ടത്തിൽ അവരെ ഒഴിവാക്കാൻ തീരുമാനിച്ചു. അതാലോചിച്ച് ഉറപ്പിക്കാൻ മാത്രം എത്രയോ നാൾ വേണ്ടി വന്നു.

 

സങ്കീർണമായ ത്രില്ലർ സിനിമയെ എങ്ങനെ ഒരു അഭിനേതാവിൽ മാത്രമായി നിർത്താനുള്ള ധൈര്യമുണ്ടായി?

 

ഒറ്റ കഥാപാത്രമായി തുടങ്ങിയതല്ല. പക്ഷെ ഒടുവിൽ അങ്ങനെ തീരുമാനിക്കപ്പെട്ടു. എത്രയോ കാലമായി അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ കാണുകയും വിലയിരുത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു. ലോക സിനിമയിൽ എത്രയോ പരീക്ഷണങ്ങൾ വരുന്നു. പല സിനിമകളും സ്വാധീനിച്ചിട്ടുണ്ട്. ചിലത് വിട്ടുമാറാതെ കൂടെ തന്നെ ഉണ്ടായിരുന്നു. അങ്ങനെ പലതിൽ നിന്നായാണ് പഠിച്ചത്. ഒരു ധൈര്യത്തിന് ഇറങ്ങി. പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ ചർച്ചകൾ ഒഴിവാക്കി. പിന്നെ ഞാൻ തന്നെ നിർമ്മിച്ചത് കൊണ്ട് മറ്റാരോടും ബാദ്ധ്യത പെടേണ്ടി വന്നില്ല. വിശദീകരണങ്ങൾ നൽകേണ്ടതായും വന്നില്ല.

 

ചിത്രത്തിന്റെ പ്രമേയം, തമിഴ്നാട്ടിൽ സ്വീകരിച്ചോ ?

 

ഞാനൊരു സാധാരണക്കാരനാണ്. സമൂഹത്തിൽ ജീവിക്കുന്ന സാധാരണ മനുഷ്യൻ.അതുകൊണ്ടു തന്നെ നീതിയും ന്യായവും നിയമവുമൊക്കെ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ജാതിയും മതവും പണവുമൊക്കെ വ്യക്തി ജീവിതത്തെ സ്വാധീനിക്കും. എത്ര തന്നെ അല്ലെന്നു പറഞ്ഞാലും അതൊക്കെ യാഥാർത്ഥ്യമാണ്. അതുകൊണ്ടു തന്നെ പ്രമേയം തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ത്രില്ലർ സിനിമയാകുമ്പോൾ ജനങ്ങൾ സാധാരണ സ്വീകരിക്കുമല്ലോ. പിന്നെ ഒറ്റയാൾ അഭിനയിക്കുന്നുവെന്നത്. അതും ജനങ്ങൾ അംഗീകരിച്ചതിന് തെളിവാണ് ആഴ്ചകളോളം തമിഴ്നാട്ടിൽ ചിത്രം തിയറ്ററുകളിൽ ഓടിയത്.

 

പരീക്ഷണം വെല്ലുവിളിയല്ലേ, പ്രത്യേകിച്ച് ഏറ്റവും അധികം പണം ചെലവഴിച്ച് സിനിമകൾ നിർമ്മിക്കുന്ന തമിഴിൽ?

 

തമിഴിൽ ചെറിയ ബജറ്റിലും ചിത്രങ്ങൾ വരുന്നുണ്ട്. പക്ഷെ കൂടുതൽ അറിയപ്പെടുന്നത് ബിഗ് ബജറ്റ് ചിത്രങ്ങളാണെന്നു മാത്രം. അതിന് അവർ നൽകുന്ന പരസ്യമാണ് പ്രശസ്തി നൽകുന്നത്. അതൊന്നും തെറ്റല്ല. ഇതും ഒരു വ്യവസായമാണ്. എല്ലാ പരീക്ഷണങ്ങളും വെല്ലുവിളികളാണ്. ജയ പരാജയങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചാൽ വെല്ലുവിളികൾ ഒന്നുമല്ലാതെയാകും. ഒരു തീരുമാനമെടുത്തു. അത് സ്വീകരിക്കേണ്ടത് ജനങ്ങളാണ്. കഴിവിന്റെ പരമാവധി പ്രവർത്തിച്ചു. പിന്നീട് കാത്തിരുന്നു. സ്വന്തം സിനിമയാകുമ്പോൾ ടെൻഷനൊക്കയുണ്ടാകുമല്ലോ. അങ്ങനെ കാത്തിരിപ്പിനൊടുവിൽ സിനിമ റിലീസായി. ജനങ്ങൾ ഏറ്റെടുത്തു. ഇവിടെ അന്താരാഷ്ട്ര മേളയിലും പങ്കെടുത്തു.

 

രാജ്യാന്തര മേളയിലെ പ്രദർശനത്തെ എങ്ങനെ കാണുന്നു?

 

മികച്ച പ്രതികരണമാണുണ്ടായത്. പലരും നേരിട്ട് വന്ന് അഭിനന്ദിച്ചു. ഏതൊക്കെയോ നാട്ടിലുള്ളവർ. അവർക്കൊക്കെ സിനിമ ഇഷ്ടപ്പെടുമ്പോൾ എങ്ങനെ സന്തോഷിക്കാതിരിക്കാനാകും. ഇതുവരെ രാജ്യാന്തര മേളയിൽ മറ്റുള്ളവരുടെ ചിത്രങ്ങൾ കാണുകയായിരുന്നു. കൈയടിക്കുകയായിരുന്നു. ഇന്ന് എന്റെ സിനിമ മികച്ച പ്രേക്ഷകരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നു. മികച്ച പ്രതികരണം നേടുന്നു. സന്തോഷം. സന്തോഷം.