Wednesday 23 September 2020
ജാക്കും ഡാനിയേലും എതിര്‍ ധ്രുവങ്ങളില്‍

By online desk.13 Nov, 2019

imran-azharജാക്ക് ഡാനിയേല്‍ എന്ന ഒറ്റപ്പേരായിരുന്നു ഈ ചിത്രത്തിലെ കഥാപാത്രത്തിന് ദിലീപിന് ആദ്യം. അര്‍ജുന്‍ സാര്‍ എത്തിയപ്പോള്‍ ദിലീപാണ് നിര്‍ദ്ദേശം വച്ചത്: 'നമുക്കീ പേര് രണ്ടാക്കാം!
ജാക്കും - ഡാനിയേലും - അര്‍ജുന്‍ സാറിന്റെ പേര് ഡാനിയേല്‍ എന്നാക്കാം:
ദിലീപിന്റെ നിര്‍ദ്ദേശം എല്ലാവര്‍ക്കും സ്വീകാര്യമായിരുന്നു.
അങ്ങനെ ജാക്ക്: ഡാനിയേല്‍ രണ്ടു പേരുടെ പേരായി.
ജാക്ക് ഡാനിയേല്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ എസ്.എല്‍.പുരം ജയസൂര്യ പറഞ്ഞു.


ലോകപ്രശസ്തമായ ഒരു മദ്യത്തിന്റെ പേരാണ് കൗതുകമുണര്‍ത്തുന്ന
ജാക്ക് ഡാനിയേല്‍. അതു കൊണ്ടു തന്നെയാണ് ഈ പേര് പ്രേഷകര്‍ക്കിടയില്‍ പെട്ടെന്ന്
ശ്രദ്ധേയമായത്.

എന്താണ് ജാക്ക് ഡാനിയേല്‍ ?- പ്രേക്ഷകരില്‍ ഈ കൗതുകം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ചിത്രത്തിന്റെ അവതരണമെന്ന് ജയസൂര്യ പറഞ്ഞു .
' ഡാനിയേല്‍ എന്ന കഥാപാത്രത്തിനായി മലയാളത്തിലെയും,
അന്യഭാഷകളിലേയും മുന്‍നിര താരങ്ങളെ പരിഗണിച്ചതാണ്. എന്നാല്‍ അര്‍ജന്‍ സാറിന്റെ
കാര്യം ദിലീപ് പറഞ്ഞപ്പോള്‍ ഈ കഥാപാത്രത്തിന് ഏറ്റവും
അനുയോജ്യനായ വ്യക്തി അദ്ദേഹം തന്നെയെന്നു തോന്നി. അങ്ങനെയാണ്
അദ്ദേഹവുമായി ബന്ധപ്പെടുന്നത്.
അദ്ദേഹത്തിന്റെ ഡേറ്റിന്റെ കാര്യവും അറിയണമായിരുന്നു. കഥ കേട്ടതും
പൂര്‍ണ്ണ സമ്മതത്തോടെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാമെന്ന് അദ്ദേഹം
സമ്മതിച്ചു:
അര്‍ജുന്‍ സാറിന്റെ സൗകര്യം കൂടി നോക്കിയാണ് ഷൂട്ടിംഗ് പ്ലാന്‍
ചെയ്തത്.''


ഒരു പ്രധാന കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് ഡാനിയേല്‍ മുംബൈയില്‍ നിന്നും എത്തുന്നത്.
സി.ബി.ഐയിലെ ഉന്നത ഉദ്യോഗസ്ഥനാണ് അദ്ദേഹം.
ജീവിതത്തില്‍ വലിയ ചില ലക്ഷ്യങ്ങളുമായി കഴിയുകയാണ് ജാക്ക് - വ്യക്തി
ജീവിതത്തിലുണ്ടായ ചില സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ് ജാക്കിന്റെ
പ്രശ്‌നങ്ങള്‍.
ജാക്കും, ഡാനിയേലും രണ്ടു ധ്രുവങ്ങളില്‍ സഞ്ചരിക്കുന്നവരാണ് -
വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുന്നവര്‍. ഇവര്‍ ഇരുവരും ഒത്തുചേരുന്നത് അപൂര്‍വ്വം സന്ദര്‍ഭങ്ങളിലാണ്.


ദിലീപ് എന്ന നടന്റെ സ്വതഃ സിദ്ധമായ നര്‍മ്മഭാവങ്ങള്‍ക്ക്, ഏറെ പ്രാധാന്യം
നല്‍കി ഒരുക്കുന്ന മുഴുനീള ഹ്യൂമര്‍, ത്രില്ലര്‍, അക്ഷന്‍ ചിത്രമാണിത്.
വലിയ മുതല്‍ മുടക്കുള്ള ഈ ചിത്രം ഗോവാ, കൊച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ എണ്‍പതോളം ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരിച്ചത്.
പീറ്റര്‍ ഹെയ്നിന്റെ മികച്ച ആക്ഷന്‍ രംഗങ്ങള്‍, ചെയ്സ് ഇതെല്ലാം ജാക്ക്
ഡാനിയേലിന് വിശാലമായ ഒരു ക്യാന്‍വാസ് നല്‍കുന്നു.

തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റില്‍ നിരവധി തമിഴ്, മലയാളം ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും, വിതരണം ചെയ്യുകയും ചെയ്യുന്ന തമീന്‍സ് ഫിലിംസിന്റെ പ്രസ്റ്റീജ് ചിത്രമാണിത്.


ഞാന്‍ പ്രകാശനിലൂടെ പ്രസിദ്ധയായ അഞ്ജു കുര്യനാണ് നായിക.
പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ സുസ്മിത എന്ന കഥാപാത്രത്തെയാണ് അഞ്ജു അവതരിപ്പിക്കുന്നത്.
ജാക്കിന്റെ യാത്രക്കിടയില്‍ 'കണ്ടുമുട്ടുന്ന സുസ്മിത - പിന്നീട് ജാക്കിന്റെ
ലക്ഷ്യങ്ങളില്‍ നിര്‍ണ്ണായകമായ സ്വാധീനമാകുന്നു.
സൈജു ക്കുറുപ്പ് ,സുരേഷ് കൃഷ്ണ, അശോകന്‍, ഇന്നസന്റ്, ജനാര്‍ദ്ദനന്‍ ദേവന്‍, ജി.സുരേഷ് കുമാര്‍ ,സാദിഖ്, ചാലി പാലാ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സംവിധായകന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.

ഹരി നാരായണന്റെ വരികള്‍ക്ക് ഈണം പകരുന്നത് ഷാന്‍ റഹ്മാനാണ്.
തമിഴ് സിനിമയില്‍ നിരവധി വന്‍കിട ചിത്രങ്ങള്‍ക്കു ഛായാഗ്രഹണം നിര്‍വ്വഹിച്ചു പോരുന്ന ശിവകുമാര്‍ വിജയ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
എഡിറ്റിംഗ്: ജോണ്‍ കുട്ടി. നവംബര്‍ പതിന്നാലിന് തമീന്‍സ് ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.