Saturday 31 October 2020




കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു, വരന്‍ ബിസിനസുകാരന്‍

By geethu nair.23 Sep, 2020

imran-azhar

നടി കാജല്‍ അഗര്‍വാളും വിവാഹിതയാവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സിനിമാലോകത്ത് നിന്നും പുറത്ത് വരുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുകയായിരുന്നു കാജല്‍ അഗര്‍വാള്‍. മലയാളത്തില്‍ കാര്യമായി അഭിനയിച്ചിട്ടില്ലെങ്കിലും മറ്റ് ഭാഷ ചിത്രങ്ങളുടെ റീമേക്കിലൂടെ കാജല്‍ കേരളത്തിനും പ്രിയപ്പെട്ട നായികയായി. രാം ചരണിനൊപ്പം നായികയായി അഭിനയിച്ച ധീര എന്ന സിനിമയിലെ പ്രകടനമായിരുന്നു ഏറ്റവും ശ്രദ്ധേയമായത്. സിനിമകളില്‍ തിളങ്ങി നില്‍ക്കുകയാണെങ്കിലും നടി കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു എന്നറിഞ്ഞതിന്റെ ആകാംഷയിലായിരുന്നു ആരാധകര്‍.

കഴിഞ്ഞ മാസം കാജലിന്റെ വിവാഹം നിശ്ചയം കഴിഞ്ഞെന്നും ബിസിനസുകാരനായ ഗൗതം ആണ് വരനെന്നും തരത്തിലാണ് റിപ്പോര്‍ട്ട് വന്നത്. വൈകാതെ ഇരുവരും വിവാഹിതരാവുമെന്നും പ്രമുഖ മാധ്യമങ്ങളടക്കം വാര്‍ത്ത കൊടുത്തിരുന്നു. ഇതോടെയാണ് വിവാഹക്കാര്യം നാട്ടില്‍ വീണ്ടും പാട്ടായത്. കഴിഞ്ഞ വര്‍ഷം തെലുങ്കില്‍ നടി ലക്ഷ്മി മഞ്ജു നടത്തുന്ന ചാറ്റ് ഷോ യിലൂടെയാണ് താന്‍ സിനിമാ മേഖലയില്‍ നിന്നല്ലാത്ത ഒരാളെ വിവാഹം കഴിക്കുമെന്ന കാര്യം കാജല്‍ വെളിപ്പെടുത്തിയത്.
ഗൗതവുമായിട്ടുള്ള ബന്ധം നടിയുടെ മാതാപിതാക്കള്‍ തീരുമാനിച്ച് ഉറപ്പിച്ചതാണെന്നാണ് അറിയുന്നത്. അറേഞ്ച് മ്യാരേജ് ആയി അടുത്ത വര്‍ഷം തന്നെ ഉണ്ടാവുമെന്നും പറയപ്പെടുന്നു. എന്നാല്‍ കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധികള്‍ മാറിയതിന് ശേഷം വിവാഹം നടത്തിയാല്‍ മതിയെന്നാണ് കാജലിന്റെ താല്‍പര്യമെന്നും അതുകൊണ്ട് വിവാഹം കുറച്ച് കൂടി വൈകാന്‍ സാധ്യതയുണ്ട്.
രഹസ്യമായി നടത്തിയ വിവാഹനിശ്ചയത്തില്‍ കാജലിന്റെ ഉറ്റസുഹൃത്തും നടനുമായ ശ്രീനിവാസ് ബെല്ലംകൊണ്ട പങ്കെടുത്തതായും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. നടിയോ അവരുടെ കുടുംബമോ വിവാഹവുമായി ബന്ധപ്പെട്ട് ഇനിയും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.