Saturday 26 May 2018

അയാളുമായി ഇടപെഴകാന്‍ ഇനി താല്‍പ്പര്യമില്ല: തന്നെ വേട്ടയാടിയ വ്യക്തിയെക്കുറിച്ച് കനക

By Abhirami Sajikumar.05 May, 2018

imran-azhar

 

ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി മുതല്‍ നരസിംഹം വരെ വിവിധ ചിത്രങ്ങളില്‍ വേറിട്ട വേഷങ്ങള്‍ അവതരിപ്പിച്ച മലയാളികളുടെ മനസില്‍ ചേക്കേറിയ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത താരമാണ് കനക. കനക ഇപ്പോള്‍ ഏറെ വര്‍ഷങ്ങളായി സജീവമല്ല. വര്‍ഷങ്ങളോളം അവരെ മനോരോഗിയായി മുദ്രകുത്തി,മരിച്ചു പോയെന്ന് വരെ വാര്‍ത്ത പരന്നു.

ഒടുവില്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് കനക. തന്റെ മാതാപിതാക്കളെക്കുറിച്ച്, താന്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചുവെന്ന് പ്രചരിച്ച വാര്‍ത്തകളെക്കുറിച്ച് അങ്ങനെ തന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ ദുരന്തങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് കനക. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കനകയുടെ വെളിപ്പെടുത്തൽ.

ജീവിച്ചിരിക്കുന്ന ആള്‍ മരിച്ചുവെന്ന പ്രചരിപ്പിക്കുന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്, ആ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ വല്യ കാര്യമായി എടുത്തില്ല. അത് എന്റെ അമ്മ ജീവിച്ചിരുന്നപ്പോള്‍ അവര്‍ മരിച്ചു എന്ന വാര്‍ത്തയാണ് പ്രചരിപ്പിച്ചിരുന്നെങ്കില്‍ ശരിക്കും ഷോക്ക് ആയേനെ എന്നും കനക കൂട്ടിച്ചേര്‍ത്തു.

തന്നെ മനോരോഗിയായി ചിത്രീകരിച്ചതിന് പിന്നില്‍ അച്ഛന്‍ തന്നെയാണെന്ന് കനക പറഞ്ഞു. മനോരോഗിയായി ചിത്രീകരിച്ചുവെന്ന് മാത്രമല്ല തന്നെ മയക്കുമരുന്ന് ഉപയോഗിക്കുന്നവളായും ചിത്രീകരിച്ചു. താലി കെട്ടിയ പെണ്ണിനെ വേശ്യയാക്കിയ ആള്‍ മകളെ മനോരോഗിയും മയക്കുമരുന്നിന് അടിമയും ആക്കുന്നതില്‍ പുതുമയില്ല-കനക പറഞ്ഞു.

അമ്മയെ കല്യാണം കഴിച്ച ശേഷമാണ് അച്ഛന്‍ സംവിധായകനായത്. പത്ത് പടങ്ങള്‍ പോലും അച്ഛന്‍ സംവിധാനം ചെയ്തിട്ടില്ല. ഇതെന്നും പറയണമെന്ന് വിചാരിച്ചതല്ല. പക്ഷേ അദ്ദേഹം ഇപ്പോഴും വൃത്തികേടുകള്‍ പറഞ്ഞു കൊണ്ടിരിക്കുകയാണ്. അദ്ദേഹവുമായി ഇടപെഴകാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും കനക പറഞ്ഞു.

ഞാന്‍ അമ്മയുടെ ഏകമകളാണ്. എനിക്കൊരു ഇരട്ട സഹോദരി ഉണ്ടായിരുന്നത് മരിച്ചു പോയി. ഭര്‍ത്താവാണേല്‍ ഇങ്ങനെ. ആകെ ഒരു മകളുണ്ട്. അതിനാല്‍ അമ്മയ്ക്ക് എന്നോട് വല്ലാത്ത അടുപ്പമായിരുന്നു. ഞാനായിരുന്നു അമ്മയുടെ ജീവന്‍. അമ്മ മരിക്കുമ്പോള്‍ എനിക്ക് 29 വയസായിരുന്നു. ആ പ്രായം വരെയും അമ്മ എനിക്ക് ചോറ് വാരി തന്നിരുന്നു. ഇതുപോലൊരു അമ്മ ലോകത്തില്‍ വേറെയില്ലെന്ന് ഞാന്‍ പറയും. അമ്മയെക്കുറിച്ച് ആര് മോശം പറഞ്ഞാലും അത് ദൈവം പറഞ്ഞാലും പൊറുക്കാനാകില്ലെന്നും കനക പറഞ്ഞു.

വിയറ്റ്‌നാം കോളനിയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ആകെ ഒരു തവണ ആലപ്പുഴയില്‍ വന്നിട്ടുള്ളത്. അവിടെവച്ച് താന്‍ മരിച്ചുവെന്ന് വാര്‍ത്ത വന്നു. അമ്മ മരിച്ചതിന് ശേഷം ഞാന്‍ പുറത്തെങ്ങും പോയിട്ടില്ല. പിന്നെ എങ്ങനെയാണ് അത്തരം വാര്‍ത്തകള്‍ പ്രചരിച്ചതെന്ന് അറിയില്ല.

"ഞാനിപ്പോള്‍ തടിച്ചിട്ടാണ്. പഴയ കനകയെപ്പോലിരിക്കുന്ന ആരെയെങ്കിലും ആലപ്പുഴയിലെ ക്യാന്‍സര്‍ സെന്ററില്‍ വച്ച് കണ്ടിട്ടാകും അത്തരം വാര്‍ത്തകള്‍ പ്രചരിച്ചതെ"ന്നും കനക പറഞ്ഞു.

എന്നെക്കുറിച്ച് വാര്‍ത്തകള്‍ വന്നപ്പോള്‍ ഒരുപാട് പേര്‍ അന്വേഷിച്ചു. അസുഖമാണെന്ന് കേട്ട് ഡോക്ടറെ നിര്‍ദ്ദേശിച്ചവരുമുണ്ട്. ഞാന്‍ അത്രയധികം ചിത്രങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എന്നെ ആളുകള്‍ ഓര്‍ത്തുവയ്ക്കുന്നതും അന്വേഷിക്കുന്നതും ദൈവാനുഗ്രഹമാണെന്നും കനക പറഞ്ഞു.