Wednesday 22 May 2019


കായംകുളം കൊച്ചുണ്ണി വര്‍ത്തമാന കേരളം ആഗ്രഹിച്ച ചരിത്ര സിനിമ

By ദിപിന്‍ മാനന്തവാടി.11 Oct, 2018

imran-azhar

വര്‍ത്തമാന കേരളം ചര്‍ച്ച ചെയ്യുന്ന ജാതിമേല്‍ക്കോയ്മയുടെയും അശുദ്ധിയുടെയും പൊള്ളത്തരങ്ങളെ തുറന്നു കാണിക്കുന്ന സിനിമയെന്ന സാമൂഹിക വായനയിലൂടെ കേരളം കാണാന്‍ ആഗ്രഹിക്കുന്ന ചിത്രമായിരിക്കും കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയ്ക്കും മോഹന്‍ലാലിന്റെ ഇത്തിക്കരപക്കിയ്ക്കും താരപരിവേഷത്തിന്റെ ഭാഗമായി ലഭിക്കുന്ന കയ്യടിയായി മാത്രം കൊച്ചുണ്ണിയ്ക്ക് കിട്ടുന്ന കയ്യടിയെ ചുരുക്കി വായിക്കേണ്ടതില്ല. വായ്‌മെഴിയായി പകര്‍ന്നു കിട്ടിയ കൊച്ചുണ്ണിയെന്ന തസ്‌കരവീരന്റെ തൊഴില്‍പരമായ ധീരതകളെയാണ് ഐതിഹ്യമാലയില്‍ നിന്നും അമര്‍ചിത്രകളില്‍ നിന്നും വായിച്ചു മനസ്സിലാക്കിയിരുന്നത്. എന്നാല്‍ ജാതിമേല്‍ക്കോയ്മ കൊടികുത്തി വാണിരുന്ന ഒരു കെട്ടകാലത്ത് അവര്‍ണ്ണര്‍ക്കും ശൂദ്രര്‍ക്കും വേണ്ടി നിലകൊണ്ട പുരോഗമന കാഴ്ചപ്പാടുള്ള ഒരു കൊച്ചുണ്ണിയെയാണ് വീരപരിവേഷത്തോടെ കായംകുളം കൊച്ചുണ്ണിയില്‍ റോഷന്‍ ആന്‍ഡ്രൂസ്- ബോബിസഞ്ജയ് ജോടി അവതരിപ്പിക്കുന്നത്. കൊച്ചുണ്ണിയെന്ന ധീരനെ പരുവപ്പെടുത്തിയെടുക്കുന്ന ഇത്തിക്കരപക്കിയെക്കൂടി ജാതിമേല്‍ക്കോയ്മക്കെതിരെ പ്രതികരിക്കാന്‍ കൊച്ചുണ്ണി പ്രേരിപ്പിക്കുന്നുണ്ട്. വര്‍ത്താമന കേരളം കണ്ട് മനസ്സിലാക്കി വിലയിരുത്തി ചില പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന നിലയില്‍ തന്നെയാണ് ചരിത്രത്തില്‍ നിന്നും റോഷന്‍ ആന്‍ഡ്രൂസും കൂട്ടരും കായംകുളം കൊച്ചുണ്ണിയെ സെല്ലുലോയ്ഡില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചരിത്ര സിനിമ എന്നതില്‍ ഉപരി കേരളത്തിന്റെ സാമൂഹികജീവിതത്തിന്റെ പുരോഗതിയെ അടയാളപ്പെടുത്തുന്ന സാമൂഹിക പ്രതിബദ്ധതയുള്ള കൃത്യമായൊരു രാഷ്ട്രീയ ഉള്‍ക്കാഴ്ചയുള്ള ചിത്രം എന്ന നിലയില്‍ വേണം കായംകുളം കൊച്ചുണ്ണിയെ അടയാളപ്പെടുത്തി പോകാന്‍. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് ഇതിന്റെ പേരില്‍ എഴുന്നേറ്റു നിന്നൊരു കൈയ്യടി.


ഐതിഹ്യമാലയില്‍ നിന്ന് മനസ്സിലാക്കിയ കൊച്ചുണ്ണിയെ പുതുമയുള്ളൊരു രീതിയില്‍ ആകാംക്ഷയോടെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ റോഷന്‍ ആന്‍ഡ്രൂസിന് സാധിച്ചിട്ടുണ്ട്. കൊച്ചുണ്ണിയുടെ ബാല്യവും യൗവ്വനാരംഭവുമെല്ലാം കേട്ടുമറന്ന ഓര്‍മ്മകള്‍ സമ്മാനിക്കുമ്പോള്‍ കള്ളനായി മാറിയതിന് ശേഷമുള്ള കൊച്ചുണ്ണിയുടെ ഭാവപ്പകര്‍ച്ച പ്രേക്ഷകനെ സംബന്ധിച്ച് പുതുമയുള്ളതാണ്. കള്ളനായി മാറുന്ന കൊച്ചുണ്ണിയെന്ന അഭ്യാസിയെയും അക്ഷോഭ്യനായ പോരാളിയെയും മനുഷ്യസ്‌നേഹിയെയും നിവിന്‍ അക്ഷരാര്‍ത്ഥത്തില്‍ ഗംഭീരമാക്കിയിട്ടുണ്ട്. ഇത്തിക്കരപക്കി സ്‌ക്രീനില്‍ വരുന്ന ഇരുപത് മിനിട്ടോളം അപ്രസക്തനായി പോകുന്നുണ്ട് കായംകുളം കൊച്ചുണ്ണി. എന്നാല്‍ രണ്ടാംപകുതിയുടെ പകുതിയോടെയും ക്ലൈമാക്‌സ് രംഗങ്ങളിലുമെല്ലാം അസാമാന്യമായ പ്രകടനത്തിലൂടെ നിവിന്‍ ഇതിന് പ്രായശ്ചിത്തം ചെയ്തിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിയായി ഇനി മലയാളിയുടെ മനസ്സില്‍ തെളിയുക തന്റെ രൂപം മാത്രമായിരിക്കുമെന്ന് ഉറപ്പിച്ചാണ് നിവിന്‍ പോളി കൊച്ചുണ്ണിയുടെ വേഷം ഗംഭീരമാക്കിയിരിക്കുന്നത്. അഭിനേതാവെന്ന നിലയില്‍ നിവിന്‍ കൂടുതല്‍ കരുത്തനും പക്വമതിയുമായിരിക്കുന്നുെവന്ന് അടിവരയിട്ടിരിക്കുന്ന സിനിമ കൂടിയാണ് കായംകുളം കൊച്ചുണ്ണി.


ഇരുപത് മിനിട്ട് ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ പകര്‍ന്നാടിയിരിക്കുകയാണ്. ഇമേജിന്റെ ഭാരങ്ങളൊന്നുമില്ലാതെ കാഴ്ചയില്‍ വിരൂപിയായ ഇത്തിക്കരപക്കിയെ അഭിനയത്തികവിന്റെ ഗിരിശൃംഗങ്ങളിലേക്ക് മോഹന്‍ലാല്‍ കൂട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നത് ഒട്ടും അതിശയോക്തിയല്ല. സിനിമയുടെ ഒരു നിര്‍ണ്ണായഘടത്തില്‍ ഇന്റര്‍വെല്‍ പഞ്ചായാണ് ഇത്തിക്കരപക്കിയുടെ മാസ് എന്‍ട്രി. കായംകുളം കൊച്ചുണ്ണിയെന്ന കഥാപാത്രത്തെ സംബന്ധിച്ചും സിനിമയെ സംബന്ധിച്ചും വളരെ നിര്‍ണ്ണായകമാണ് ഇത്തിക്കരപക്കിയുടെ എന്‍ട്രി. അതെത്രമാത്രം മാസും ഹെവിയുമാക്കാവോ അതിന്റെ പരമാവധി ചെയ്തിട്ടുണ്ട് മോഹന്‍ലാല്‍. എന്തുകൊണ്ട് റോഷന്‍ ആന്‍ഡ്രൂസ് മോഹന്‍ലാലിനെ തന്നെ തിരഞ്ഞെടുത്തുവെന്നും എന്തുകൊണ്ട് കാമിയോ സ്വഭാവമുള്ള ഇത്തിക്കരപക്കിയുടെ വേഷത്തില്‍ എത്താന്‍ മോഹന്‍ലാല്‍ തയ്യാറെന്നുമുള്ള സംശയങ്ങള്‍ക്ക് കായംകുളം കൊച്ചുണ്ണി സ്‌ക്രീനില്‍ കാണുത് വരെയെ ആയുസ്സുള്ളു.  ക്ലൈാമാക്‌സ് രംഗങ്ങളില്‍ കായംകുളം കൊച്ചുണ്ണി അസാമാന്യമായ വീരപരിവേഷത്തിലേയ്ക്ക് ഉയര്‍ന്നില്ലായിരുന്നെങ്കില്‍ ഇതൊരു ഇത്തിക്കരപക്കി സിനിമയായി പോയേനെ. 


ചരിത്രത്തിന്റെ വിശാലമായ ക്യാന്‍വാസില്‍ നിന്നും സിനിമയ്ക്ക് വേണ്ട ഏടുകള്‍ തപ്പിയെടുത്ത് ദൃശ്യഭാഷ്യമൊരുക്കുകയെന്ന കടുത്ത വെല്ലുവിളിയാണ് ബോബി-സഞ്ജയ് ടീം ഏറ്റെടുത്തത്. ചെറിയ പാളിച്ചകള്‍ മാറ്റി  നിര്‍ത്തിയാല്‍ ഈയൊരു ദൗത്യം ഇവര്‍ ഭംഗിയായി നിര്‍വ്വഹിച്ചുവെന്ന് നിസംശയം പറയാം. സംഭാഷണത്തിലും ചരിത്രത്തിന് പിന്നാലെപോയി കാഴ്ചക്കാര്‍ക്ക് ദുര്‍ഗ്രാഹ്യത സമ്മാനിക്കാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കേരളത്തിന്റെ ഭൂതകാലത്തിന്റെ സാമൂഹിക സാഹചര്യം കൃത്യമായൊരു ഉള്‍ക്കാഴ്ചയോടെ വര്‍ത്തമാനകാലത്ത് കൂടി പ്രസക്തമായ നിലയില്‍ സിനിമയുടെ പശ്ചാത്തലമായി വരച്ചിടാന്‍ തിരക്കഥാകൃത്തുക്കള്‍ കാണിച്ചിരിക്കുന്ന കൈയ്യടിക്ക് നിശ്ചയമായും കയ്യടി നല്‍കേണ്ടതുണ്ട്. 


ആയിരത്തിലേറെ ജൂനിയര്‍ താരങ്ങള്‍ അഭിനയിച്ച ചിത്രത്തില്‍ വളരെ സ്വഭാവികതയോടെ ആള്‍ക്കൂട്ടവും മറ്റും അവതരിപ്പിക്കാന്‍ കഴിഞ്ഞത് സിനിമയുടെ റിയലിസ്റ്റിക് സ്വഭാവത്തിന്റെ മാറ്റു കൂട്ടിയിട്ടുണ്ട്. നായികാ വേഷത്തിലെത്തു പ്രിയ ആനന്ദിന്റെ ജാനകിയും സണ്ണിവെയ്ന്‍ അവതരിപ്പിച്ച കേശവപിള്ളയ.ും ബാബു ആന്റണിയുടെ കളരി ഗുരുക്കളായ തങ്ങളുടെ കഥാപാത്രമെല്ലാം ഏറ്റവും മികച്ച ഭാവപകര്‍ച്ചയാണ് സ്‌ക്രീനില്‍ നടത്തിയിരിക്കുത്.  ഇടവേള ബാബു, സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരുടെ കഥാപാത്രങ്ങളും മികച്ചതാണ്.


ബിനോജ് പ്രധാന്‍ നീരവ്ഷാ എന്നിവരുടെ ഛായാഗ്രാഹണം സിനിമയുടെ കാഴ്ചയില്‍ സവിശേഷമായ അനുഭവതലമൊന്നും പകര്‍ന്നു നല്‍കിയിട്ടില്ല. ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതം ഒരു പീരിയോഡിക് സിനിമയുടെ ഫീല്‍ സിനിമയ്ക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായകമാകുന്നുണ്ട്. ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിങ്ങിനും കൈയ്യടി നല്‍കാവുന്നതാണ്. 45 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ ഗ്രാഫിക്‌സ് വി.എഫ്എക്‌സ് രംഗങ്ങളില്‍ കുറച്ചു കൂടി ഗൃഹപാഠമാകാമായിരുന്നു. 


ദിപിന്‍ മാനന്തവാടി