Wednesday 23 September 2020
കയ്യടി നേടി കോളാമ്പി, ഹൃദയം കീഴടക്കി രണ്‍ജി പണിക്കരും രാജീവ് കുമാറും

By Aravind S Sasi.26 Nov, 2019

imran-azhar

 

 

പനാജി: ദേശീയ രാജ്യാന്തര മേളയിലെ പ്രതിനിധികളെ വിസ്മയിപ്പിച്ച് കോളാമ്പി. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയുമായി മടങ്ങിയെത്തിയ ടി കെ രാജീവ് കുമാര്‍, വ്യത്യസ്തമായ വേഷത്തിലൂടെ തിരക്കഥാകൃത്തും സംവിധായകനും അഭിനേതാവുമായ രണ്‍ജി പണിക്കര്‍, മികച്ച അഭിനയത്തിലൂടെ കഥാപാത്രത്തെ മിഴിവുറ്റതാക്കിയ നിത്യമേനോന്‍ എന്നിവരായിരുന്നു ഇന്നലെ ചലച്ചിത്ര മേളയിലെ പ്രതിനിധികളുടെ ഹൃദയം കീഴടക്കിയത്. ഒപ്പം മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത രോഹിണി, നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ എന്നിവരും കൈയടി നേടി. പ്രസക്തിയുള്ള വിഷയങ്ങള്‍ തന്ത്രപരമായി കൂട്ടിയോജിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു ടി കെ രാജീവ് കുമാര്‍. 2005 ല്‍ കോളാമ്പി നിരോധിച്ച സംഭവമായിരുന്നു ചിത്രത്തിന്റെ മൂലകഥ. അതിലേയ്ക്ക് മറ്റ് വിഷയങ്ങള്‍ കൂട്ടിയിണക്കുകയായിരുന്നു. ജവഹര്‍ സൗണ്ട്‌സ് ഉടമയുടെ വേഷമാണ് രണ്‍ജി പണിക്കര്‍ ചെയ്യുന്നത്.

 


ഭാര്യ സുന്ദരമ്മാളിന്റെ വേഷത്തില്‍ രോഹിണിയും. കേന്ദ്ര സര്‍ക്കാര്‍ കോളാമ്പി നിരോധിച്ച ശേഷം അവയെല്ലാം കൂടി വീട്ടില്‍ സൂക്ഷിക്കുകയാണ്. ഇരുവരും ഒരു കാപ്പിക്കടയും നടത്തുന്നുണ്ട്. പാട്ട് കാപ്പിക്കടയെന്ന ഇവിടെ വരുന്നവര്‍ പഴയ പാട്ടുകള്‍ എഴുതി നല്‍കിയാല്‍ കാപ്പിയും ഒപ്പം പാട്ടും കിട്ടും. അവിടേയ്ക്കാണ് ആര്‍ട്ടിസ്റ്റായ അരുന്ധതി കടന്നു വരുന്നത്. അരുന്ധതിയും കുടുംബവുമായുള്ള ആത്മ ബന്ധമാണ് സിനിമയുടെ കാതല്‍. സിനിമയുടെ ട്വിസ്റ്റ് തന്ത്രപരമായി മറച്ചു വച്ചുകൊണ്ടാണ് അവസാനം വരെ കൊണ്ടു പോകുന്നത്. ഒടുവില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒറ്റ സീനില്‍ ഒളിപ്പിച്ചു വച്ച രഹസ്യം പുറത്തു വിടുന്നു. അതുവരെ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ സംവിധായകനു കഴിഞ്ഞു.

 


കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മാറ്റങ്ങളുടെ നേര്‍ സാക്ഷികളാണ് ജവഹര്‍ സൗണ്ട്‌സ്. ചിത്രത്തില്‍ അരോചകമില്ലാതെ ആ ചരിത്രവും അനാവരണം ചെയ്യുന്നു. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രി സഭയുടെ സത്യപ്രതിജ്ഞ, യേശുദാസിന്റെ ആദ്യ പൊതുപരിപാടി, കെപിസിസിയുടെ ഉദയവും വളര്‍ച്ചയും തുടങ്ങി ഓരോ കാലഘട്ടത്തെയും ഓരോ കോളാമ്പിയിലൂടെയും പഴയകാല റിക്കോര്‍ഡറുകളിലൂടെയും വിശദമാക്കുന്നു. ഒടുവില്‍ ബിനാലെയില്‍ എത്തിയാണ് ചരിത്രം അവസാനിക്കുന്നത്. ഇതിനിടയില്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്. 50,000 രൂപ ബാങ്ക് വായ്പയെടുത്ത് കോളാമ്പികള്‍ വാങ്ങിക്കൂട്ടിയ ജവഹര്‍ സൗണ്ട്‌സിന് 2005 ല്‍ കോളാമ്പി നിരോധിച്ചതോടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുന്നു. പലിശയും കൂട്ടുപലിശയുമൊക്കെയായി ആ വായ്പ പെരുകുന്നു. സര്‍ഫാസി നിയമ പ്രകാരം ജപ്തിയില്‍ എത്തുന്നു.

 

കേന്ദ്ര സര്‍ക്കാര്‍ കോളാമ്പി നിരോധിച്ചിട്ട് കോളാമ്പി വാങ്ങാന്‍ കടമെടുത്ത വായ്പയ്ക്കായി ജപ്തി നടത്താന്‍ വരുന്നതിനെ വര്‍ഗീസ് ( ജി സുരേഷ് കുമാര്‍ ) കളിയാക്കുന്നത് കേരളത്തില്‍ ദേശസാല്‍കൃത ബാങ്കുകള്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്ക് നേരെയുള്ള വിമര്‍ശനമാണ്.നേരത്തെ തന്നെ നടപ്പിലാക്കിയ പൗരത്വ നിയമത്തെയും സിനിമ ശക്തമായി തന്നെ വിമര്‍ശിക്കുന്നുണ്ട്. ഇങ്ങനെ കാലഘട്ടത്തിന്റെ കഥ ചരിത്രത്തില്‍ കൂട്ടിച്ചേര്‍ത്ത് അവതരിപ്പിച്ചപ്പോള്‍ അതില്‍ പ്രണയം കൂടി കൂട്ടിയിണക്കി ഗൗരവ്വമുള്ള ഒരു വിഷയത്തെ കാവ്യാത്മകമാക്കുന്നുണ്ട് ടി കെ രാജീവ് കുമാര്‍. കഴിഞ്ഞ തവണ ദേശീയ രാജ്യാന്തര മേളയില്‍ മുടന്തനായി എത്തിയ രണ്‍ജി പണിക്കരെ പ്രേക്ഷകര്‍ മറന്നിരിക്കാനിടയില്ല. ജയരാജന്റെ ഭയാനകവും അഭിനയമികവിലൂടെ പ്രതിനിധികള്‍ക്ക് മറക്കാനാകാത്ത അനുഭവമാക്കിയിരുന്നു രണ്‍ജി പണിക്കര്‍. ജയരാജന്റെ രൗദ്രത്തില്‍ അള്‍ഷിമേഴ്‌സ് ബാധിച്ച വൃദ്ധന് ശേഷം വെല്ലവിവിളി നിറഞ്ഞ കഥാപാത്രമാണ് കോളാമ്പിയിലെ ജവഹര്‍ സൗണ്ട്‌സ് ഉടമ. ഇത്രയും ആരോഗ്യമുള്ള കരുത്തുള്ള ശരീരം വൃദ്ധ കഥാപാത്രത്തെ ഉള്‍ക്കൊള്ളുമോ എന്ന ആശങ്ക രണ്‍ജി പണിക്കരെ അറിയാവുന്നവര്‍ക്കുണ്ടാകും. എന്നാല്‍ ഭയാനകത്തിലും രൗദ്രത്തിലും എന്നപോലെ കോളാമ്പിയിലും വെല്ലുവിളിയെ അതിജീവിച്ച് പ്രേക്ഷക ഹൃദയം കീഴടക്കുന്നു രണ്‍ജി പണിക്കര്‍.