Wednesday 22 May 2019


ഏതു ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം: കുമ്പളങ്ങിയിലെ പെൺകരുത്ത് !!!

By ബിന്ദു.13 Feb, 2019

imran-azhar

 

മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ് തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടി നേടി മുന്നേറുകയാണ്. 2019ൽ  മലയാളത്തിലെ ഇറങ്ങിയതിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് എന്ന് കുമ്പളങ്ങിയെ പറയാം. ലിയ പബ്ലിസിറ്റിയോ ബഹളമോ ഒന്നുമില്ലാതെ വന്ന് പ്രേക്ഷകരുടെ ഹൃദയം കവർന്ന കുമ്പളങ്ങി നൈറ്റ്സി നെ കുറിച്ചുള്ള റിവ്യൂകളും പല ലെയറുകളായുള്ള വിലയിരുത്തലുകളുമൊക്കെയായി സമൂഹമാധ്യമങ്ങളിലും കുമ്പളങ്ങി വിശേഷങ്ങൾ നിറയുകയാണ്. റിയലിസ്റ്റിക്കായ കഥ കൊണ്ടും അഭിനയമുഹൂർത്തങ്ങൾ കൊണ്ടും മേക്കിംഗ് കൊണ്ടുമെല്ലാം എല്ലാതരം പ്രേക്ഷകരെയും സംതൃപ്തരാക്കുന്ന ചിത്രത്തിലെ പെൺ കഥാപാത്രങ്ങളും തിയേറ്ററുകളിൽ നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിക്കപ്പെടുന്നത്. വ്യക്തിതവും നിലപാടും നിറഞ്ഞു നിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയിൽ കാണാൻ വലിയ ബുദ്ധിമുട്ടാണ്. എന്നാൽ കുമ്പളങ്ങിയിലെ നായികാ മുതൽ ചെറിയ കഥാപാത്രങ്ങളായി വരുന്ന എല്ലാ പെണ്ണുങ്ങൾക്കും തന്റേതായ നിലപാടുകൾ ചിത്രത്തിൽ തുറന്നു കാണിക്കുന്നു.ബേബിമോൾ സൂപ്പറാ !!!ബേബിമോളായി എത്തിയ ആ ചുരുണ്ടമുടിക്കാരി തിയേറ്ററിൽ ഏറ്റുവാങ്ങിയ കൈയ്യടിതന്നെയാണ് ആ കഥാപത്രത്തിന്റെ ഏറ്റവും വലിയ വിജയം.ഏതു ജോലിയ്ക്കും അതിന്റേതായ മഹത്വമുണ്ടെന്ന്, സ്വന്തം സ്കില്ലുകൾ പ്രയോജനപ്പെടുത്തണമെന്ന് എത്ര ലളിതമായാണ് അവൾ ബോബിയെ മനസ്സിലാക്കി കൊടുക്കുന്നത്. തന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല, നീ ഒാടി രക്ഷപ്പെട്ടോ എന്ന് പരാജിതനെ പോലെ പറഞ്ഞ് പ്രണയത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന ബോബിയെ എത്ര സ്നേഹത്തോടെയാണ് അവൾ ചേർത്തുപിടിക്കുന്നത്. യേശു നമ്മുടെ സ്വന്തം ആളല്ലേ ...എന്ന കിടിലം മറുപടി മതത്തെകുറിച്ച് പറയുന്നവരുടെ വാ അടപ്പിക്കും. ചിത്രത്തിൽ വില്ലൻ  വേഷത്തിൽ എത്തുന്ന  ഫഹദ് ഫാസിലിന്റെ പല തന്തക്ക് ഉണ്ടായവനാ ബോബി എന്ന ഡയലോഗിന് അത് ബയോളോജിക്കലി പോസ്സിബിൾ അല്ല എന്ന്  പറയുന്ന ഡയലോഗ് മാസ്സായിരുന്നു. ചിന്തകളിലും സംസാരത്തിലും കാഴ്ചപ്പാടുകളിലും പ്രണയത്തിൽ പോലും ഇത്രയും പോസിറ്റീവായൊരു നായികാ കഥാപാത്രത്തെ ഒടുവിലെപ്പോഴാണ് നമ്മൾ കണ്ടത് എന്നുകൂടിയാണ് അന്ന ബെന്നിന്റെ ബേബി മോൾ എന്ന കഥാപാത്രം മലയാളിയോട് ചോദിക്കുന്നത്.

ബേബിമോളുടെ കൂട്ടുകാരിയും അടിപൊളിയാ !!!

 നായികയുടെ കൂട്ടുകാരി പോലും കുമ്പളങ്ങി നൈറ്റ്സിൽ ഒരു നിഴലല്ല, വ്യക്തിത്വമുള്ള ഒരു കഥാപാത്രം തന്നെയാണ്. ബാഹ്യസൗന്ദര്യത്തിനപ്പുറം സ്നേഹത്തിനും പ്രണയത്തിനുമൊക്കെ വിലമതിക്കുന്ന അവളുടെ പ്രണയത്തിൽ പോലുമുണ്ട് മാനവികതയുടെ സൗന്ദര്യം. സ്വന്തം കൂട്ടുകാരനാൽ പോലും മനസ്സിലാക്കാതെ പോയ, അവരു പോലും വിലകൽപ്പിക്കാതെ പോയ ഒരു ചെറുപ്പക്കാരന് വെളിച്ചവും ദിശാബോധവും നൽകുകയാണ് അവൾ. 

സിമി മോളും സൂപ്പറാ !!!ഷമ്മി എന്ന ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്ന സിമിമോൾ എന്ന കഥാപാത്രം ഭർത്താവിനെ പേടിക്കുന്ന കഥാപത്രമാണെകിലും തന്റെ നിലപടുകൾ നടി തുറന്നു പറയുന്നുണ്ട്.  മോളെ… വിളി കേൾക്കുമ്പോഴേക്കും അയാൾക്കരികിലേക്ക് സ്നേഹാദരവത്തോടെ ഓടിപ്പിടഞ്ഞെത്തുന്ന, ഹണിമൂൺ കാല പച്ചപ്പിൽ നിൽക്കുന്ന ബേബിയുടെ ചേച്ചി സിമിയും ചിലയിടങ്ങളിൽ നിലപ്പാടുകളുടെ ഉറപ്പോടെ പ്രേക്ഷകനെ ഞെട്ടിക്കുന്നുണ്ട്. സ്വന്തം സഹോദരിയോട് അപമര്യാദയുടെ ഭാഷയിൽ സംസാരിക്കാൻ ഭർത്താവിനെ പോലും അവൾ അനുവദിക്കുന്നില്ല. ഏതു ടൈപ്പ് ചേട്ടനാണെങ്കിലും അനിയത്തിയോട് മര്യാദയ്ക്ക് സംസാരിക്കണം എന്നു പറയുന്ന സിമിയുടെ വാക്കുകൾക്ക് ഷമ്മിയെ ഒരുവേള നിശ്ചലനാക്കാനുള്ള കരുത്തുണ്ട്. 

ആ തമിഴത്തി !!!

സ്ത്രീ ത്രീ ദുർബലയാണെന്നുമൊക്കെ അടിവരയിട്ടു പറഞ്ഞുറപ്പിക്കുന്ന ഒരു സമൂഹത്തിലാണ് ആ തമിഴ് പെൺകൊടി അതിജീവിച്ചു കാണിക്കുന്നത്. നാടും വീടുമൊക്കെ വിട്ട് അന്യനാട്ടിലേക്ക് പാലായനം ചെയ്യപ്പെട്ടിട്ടും, നിറഗർഭിണിയായിരിക്കെ ജീവിതത്തിൽ തനിച്ചാക്കേണ്ടി വന്നിട്ടും അവൾ തളരാതെ പിടിച്ചുനിൽക്കുന്നു. 

അമ്മ ലീലാമ്മ 

തന്നെ കൊണ്ട് പറ്റാത്തിടത്തു നിന്ന് ഇറങ്ങിപ്പോരാനും തന്റെ ഇഷ്ടങ്ങൾക്കു പിറകെ പോകാനും ധൈര്യം കാണിച്ച ലീലാമ്മ പോലും തന്റെ വ്യക്തിത്വം തുറന്നു കാണിച്ചിട്ടുണ്ട്. ഒരു സെന്റിമെൻസിനു മുന്നിലും അടിയറവ് വെയ്ക്കാൻ അവർ തയ്യാറാവുന്നില്ല. എന്തു തള്ളയാടാ സജീ അത്’ എന്ന് മകൻ അമ്മയെ കുറിച്ച് വിധിയെഴുതുമ്പോൾ പോലും പ്രേക്ഷകനു ലീലാമ്മയെ കുറ്റപ്പെടുത്താൻ കഴിയില്ല.

 വിദേശ വനിതാ 

എന്തിന് സദാചാരക്കാരനായ, പുറത്ത് മാന്യതയും അകത്ത് നെഗറ്റീവിറ്റിയുമുള്ള ഹോം സ്റ്റേ ഉടമസ്ഥന്റെ ധാർഷ്ട്യത്തിന് നിൽക്കാതെ, അയാൾക്ക് ചുട്ടമറുപടി നൽകി ഇറങ്ങിപ്പോവുന്ന ആ വിദേശ വനിത പോലും സ്വതന്ത്രയാണ്. മൂകനായ ഒരുവനെ മനസ്സിലാക്കാൻ അവൾക്ക് പ്രണയമെന്ന യൂണിവേഴ്സൽ ലാംഗ്വേജ് മാത്രം മതി. ഭാഷയും സംസ്കാരവുമൊക്കെ അതിരിടുന്ന ഒരിടത്തു ജീവിതം കൊണ്ടെത്തിക്കുമ്പോഴും സ്നേഹം കൊണ്ട് കുമ്പളങ്ങി അവൾക്ക് വീടായി മാറുകയാണ്.