Tuesday 22 October 2019




നേപ്പാള്‍ മലനിരകളില്‍ തേന്‍വേട്ടയ്ക്കിറങ്ങി നടി ലെന; സോളോ ട്രാവല്‍ അനുഭവം പങ്കുവച്ച് നടി

By ANJU.08 Jul, 2019

imran-azhar

മലയാളത്തില്‍ വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് ലെന.നായികയായും അമ്മയായും വരെ അഭിനയിച്ച് കഴിവ് തെളിയിച്ച നടികൂടായാണ് ലെന.



ഇടയ്ക്കിടെ ഗെറ്റപ്പ് ചെയ്ഞ്ചുകളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന ലെന, അടുത്തിടെ തല മൊട്ടയടിച്ചാണ് ആരാധകരെ വീണ്ടും ഞെട്ടിച്ചത്.ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായ ലെനയെ പിന്നെ കണ്ടത് നേപ്പാളിലാണ്. 50 ദിവസം വീണ്ട നേപ്പാള്‍ യാത്രയില്‍ ഉണ്ടായ അനുഭവങ്ങള്‍ ഏറെ രസകരമായാണ് ലെന വിഡിയോയില്‍ പറയുന്നത്.


സോളോ ട്രാവല്‍ എന്ന പേരില്‍ ലെന നടത്തിയ നേപ്പാള്‍ യാത്രയുടെ വിശേഷങ്ങള്‍ യൂട്യൂബില്‍ വൈറലാവുകയാണ്.അതില്‍ ഏറ്റവും വേറിട്ട് നിന്നത് തേന്‍ വേട്ടയായിരുന്നു. അവിടെയെത്തിയതിനുശേഷമാണ് പോകേണ്ട സ്ഥലങ്ങളൊക്കെ തീരുമാനിച്ചതെന്നു ലെന പറയുന്നു. അങ്ങനെയാണ് ഒരു സംഘം തേനെടുക്കാന്‍ കാട്ടില്‍ പോകുന്നുവെന്നറിയുന്നത്.

 

ആ സംഘത്തിനൊപ്പം മലകയറാന്‍ താനും കൂട്ടരും തീരുമാനിച്ചു. 80 വയസുള്ള ഗുരുവാണ് തേന്‍ വേട്ട സംഘത്തിന്റെ തലവന്‍. വെളുപ്പിന് ട്രക്കിങ് ആരംഭിച്ചു. വയസു ഏറെ പിന്നിട്ടിട്ടും ഗുരുവിന്റെ ആരോഗ്യം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ലെന പറയുന്നു. ഒഴുകുന്ന പുഴ മുറിച്ചുകടന്നും ചെങ്കുത്തായ മലകയറിയുമുള്ള യാത്ര മറക്കാനാവാത്ത അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്നും ലെന കൂട്ടിച്ചേര്‍ത്തു.

 

കുത്തനെയുള്ള മലയുടെ മടക്കിലായിരുന്നു രാത്രി കഴിച്ചുകൂട്ടിയത്. അട്ടകടിയേറ്റ തന്റെ കാലിന്റെ ചിത്രവും ലെന വീഡിയോയില്‍ കാണിക്കുന്നുണ്ട്. രാത്രിയിലെ മലയടിയിലെ താമസവും ഒരുമിച്ചുകൂടിയുള്ള സംഭാഷണവുമൊക്കെ നേപ്പാള്‍ യാത്രയുടെ മാത്രം പ്രത്യേകതകളാണ്. തേന്‍ എടുക്കുന്ന രീതിയും മറ്റുമൊക്കെ വിഡിയോയില്‍ ലെന വിശദീകരിക്കുന്നുണ്ട്. നേപ്പാളിലെ തേന്‍ ലോകപ്രശസ്തമാണ്, സാധാരണ ഇങ്ങനെ ലഭിക്കുന്ന തേനില്‍ ഭൂരിഭാഗവും മത്തുപിടിപ്പിക്കുന്നതരത്തിലുള്ളതാകും. എന്നാല്‍ താന്‍ കൂടി ഉള്‍പ്പെട്ട ഈ തേന്‍ വേട്ട അത്യന്തം വിജയകരമായിരുന്നുവെന്നും ആ തേന്‍ ഏറ്റവും നല്ല പോഷക ഗുണമുള്ളതുമായിരുന്നുവെന്ന് ലെന പറയുന്നു.

 

നേപ്പാളില്‍ നിന്ന് കഴിച്ച തവളയിറച്ചിയും തദ്ദേശീയമായി വാറ്റിയ പാനിയവുമെല്ലാം കഴിച്ച അനുഭവവും ലെനയുടെ വ്‌ളോഗില്‍ കാണാം. തേന്‍ ശേഖരിക്കാനായി പോയ സംഘമാണ് ഈ തലമുറയിലെ അവസാനത്തെ തേന്‍വേട്ടക്കാര്‍ എന്നറിഞ്ഞപ്പോള്‍ ആ യാത്രയില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനിക്കുന്നു. യാത്രകളും വിശേഷങ്ങളും അവസാനിക്കുന്നില്ലെന്നും അടുത്തതായി അന്നപൂര്‍ണ മലനിരകളിലേക്ക് നടത്തിയ ട്രെക്കിങ്ങിന്റെ വിശേഷങ്ങളുമായി കാണാമെന്നും ലെന പറഞ്ഞുനിര്‍ത്തി.