Wednesday 19 September 2018



പല ട്രോളുകളും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണ്; കടുത്ത വിമർശനവുമായി മല്ലിക സുകുമാരന്‍

By BINDU PP.14 Sep, 2018

imran-azhar

 

 

 

ട്രോളുകൾ അതിരുകടക്കുന്നത് ഒന്നുകൂടെ ഓർമിപ്പിച്ചിരിക്കുകയാണ് മല്ലിക സുകുമാരന്‍. എല്ലാ ട്രോളുകളിലെ തമാശ ആസ്വദിക്കാൻ സാധിക്കില്ല ഭൂരിഭാഗവും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന തരത്തിലാണ് എന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ട്രോളുകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് മല്ലിക സുകുമാരന്‍. കേരളത്തെ ബാധിച്ച വലിയ ദുരന്തത്തിന്റെ ഇടയിൽ പോലും ട്രോളന്മാർ മല്ലിക സുകുമാരനെ ട്രോളാൻ മറന്നില്ല. പൃഥ്വിരാജിന്റെ ലംബോര്‍ഗിനി കാറിനെക്കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ മല്ലികയ്ക്ക് നേരേ കടുത്ത ട്രോള്‍ ആക്രമണമാണ് സാമൂഹിക മാധ്യമങ്ങള്‍ അഴിച്ചുവിട്ടത്. കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ തിരുവനന്തപുരത്തുള്ള മല്ലികയുടെ വീട്ടിലും വെള്ളം കയറി. ആ അവസരത്തിലും മല്ലികയെ ചിലര്‍ വെറുതെ വിട്ടില്ല. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ നടി തുറന്നു പറഞ്ഞത്.


മല്ലിക സുകുമാരന്റെ വാക്കുകൾ....


ഞാന്‍ കഴിവതും ഇതിനൊന്നും പ്രതികരിക്കാന്‍ പോകാറില്ല. കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നു ബോധ്യപ്പെട്ടത് ഈ ട്രോളുകള്‍ കണ്ട ശേഷമാണ്. ഇനി അതിലൂടെ കുറച്ചു പേര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അങ്ങനെയാകട്ടെ. പരിഹസിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, അവരുടെ നിലപാടില്‍ സത്യസന്ധത വേണമെന്നാണ്. ഒന്നുകില്‍ ശുദ്ധമായ നര്‍മമായിരിക്കണം. അല്ലെങ്കില്‍ കാമ്പുള്ള വിമര്‍ശനങ്ങളായിരിക്കണം. സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന പല ട്രോളുകളും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണ്.

 

അമ്മയെ തല്ലിയാലും മലയാളികള്‍ക്ക് രണ്ടു പക്ഷമുണ്ട്. നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ നേരത്തെ രാജുവിന്റെ നേര്‍ക്കായിരുന്നു ആക്രമണം. അഹങ്കാരി, താന്തോന്നി എന്നിങ്ങനെയായിരുന്നു അവനെ വിശേഷിപ്പിച്ചിരുന്നത്. പിന്നീട് ഈ ആക്രമിച്ചവര്‍ തന്നെ അതെല്ലാം മാറ്റിപ്പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളായി എന്റെ നേരെയാണ് ആക്രമണം .