Wednesday 23 September 2020




മാമാങ്കത്തിൽ നിന്ന് നീക്കം ചെയ്ത സജീവ് പിള്ള സ്ഥിരം തട്ടിപ്പുകാരനെന്ന് ആരോപണം

By online desk .27 Nov, 2019

imran-azhar

 

 

മാമാങ്കം സിനിമയിലെ വിവാദ നായകൻ സജീവ് പിള്ള നിർമ്മാതാക്കളെ കുരുക്കിലാക്കി പണം തട്ടിയെടുക്കുന്ന വിരുതനാണെന്ന് ആരോപണം.സാമ്പത്തിക തട്ടിപ്പാരോപണം ഉന്നയിച്ച് നിരവധി പേർ രംഗത്തെത്തി. സജീവ് പിള്ള മാമാങ്കത്തിന് മുൻപ് പ്രിയങ്ക നായരെ നായികയാക്കി സംവിധാനം ചെയ്ത പെൺകൊടി എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് വഴിയാധാരമായത്.സംസ്ഥാന അവാർഡ് ജേതാവായ പ്രിയങ്ക നായരുടെയും അടൂർ ഗോപാലകൃഷ്ണന്റെയും പേര് ദുരുപയോഗം ചെയ്താണ് സജീവ് പിള്ള ചിത്രത്തിന് നിർമ്മാതാവിനെ കണ്ടെത്തിയത്. ഒരു മാഫിയാ തലവന്റെ സന്തത സഹചാരിയായ മുരളിയുടെയും പ്രൈവറ്റ് സ്കൂൾ ടീച്ചറായ ഭാര്യ വസുധയുടെയും ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടന്നത്.അൻപത് ലക്ഷത്തോളം രൂപ ചിലവഴിച്ചതിന് ശേഷമാണ് നിർമ്മാതാവിന് താൻ ചതിയിൽ പെട്ടു എന്ന് മനസ്സിലായത്.

 

ചിത്രത്തിന്റെ പൂർത്തീകരണത്തിനേക്കാളുപരിയായി സജീവ് പിള്ളയുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് തിരിഞ്ഞതോടെ നിർമ്മാതാവ് സംവിധായകനുമായി ഉടക്കിലായി. അവസരം മുതലാക്കിയ സജീവ് പിള്ള ക്രിയേറ്റിവിറ്റിയുടെ പേര് പറഞ്ഞ് നിർമ്മാതാവിനെ ഒതുക്കി.ഇതിന് പല പ്രമുഖരുടെയും ഒത്താശയുണ്ടായിരുന്നു. പെരുവഴിയിലായ നിർമ്മാതാവ് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.ഇതോടെ നിർമ്മാതാവിന്റെ സ്ഥാനത്ത് സ്വയം അവരോധിച്ചു സജീവ് പിള്ള ചിത്രത്തിന് ചിത്ര സഞ്ചാരി എന്ന ബാനറിൽ മറ്റു പലരുടെയും സഹായം തേടി. പൂർത്തിയായ ചിത്രം നിരവധി മേളകൾക്കയച്ചെങ്കിലും നിലവാരമില്ലാത്തതിനാൽ തിരസ്കരിക്കപ്പെട്ടു. ഇതോടെ പണം നൽകിയ പലരും ഇടഞ്ഞു. നിരവധി വിതരണക്കാരെ സമീപിച്ചെങ്കിലും നിലവാരമില്ലായ്മ തടസ്സമായി. ഈ സമയത്താണ് മാമാങ്കം നിർമ്മാതാവ് സജീവ് പിള്ളയുടെ വലയിൽ വീഴുന്നത്. കഴിഞ്ഞ ഒരു വർഷമായി സജീവ് പിള്ള നൽകുന്ന മാധ്യമ അഭിമുഖങ്ങളിലെല്ലാം തന്റെ ആദ്യ സിനിമാ സംരംഭം മാമാങ്കമാണെന്ന് പറയുന്നുണ്ടായിരുന്നു. വിവാദങ്ങളിൽ പെട്ട പെൺകൊടി സിനിമയുടെ ചരിത്രം അറിഞ്ഞാൽ തനിക്ക് പൊതുസമൂഹത്തിൽ നിന്ന് ലഭിക്കാൻ സാധ്യതയുള്ള പിന്തുണ ഇല്ലാതാകുമെന്ന ഭയമാണ് പെൺകൊടിയെ വിഴുങ്ങാൻ സജീവ് പിള്ളയെ പ്രേരിപ്പിച്ചതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.