Friday 18 October 2019




വേറിട്ട പ്രൊമോഷൻ രീതികളുമായി മാമാങ്കം ടീം; മാമാങ്കം മൊബൈൽ ഗെയിം മമ്മൂട്ടി ലോഞ്ച് ചെയ്തു

By Sooraj Surendran.11 Oct, 2019

imran-azhar

 

 

എം. പദ്മകുമാര്‍ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി വേറിട്ട പ്രൊമോഷൻ രീതികളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മാമാങ്കം ടീം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാമാങ്കം ഗെയിം പുറത്തിറക്കി. മെഗാസ്റ്റാർ മമ്മൂട്ടിയാണ് മാമാങ്കം ഗെയിം ലോഞ്ച് ചെയ്തത്. ചടങ്ങിൽ സംവിധായകന്‍ എം. പദ്മകുമാര്‍, ബി. ഉണ്ണികൃഷ്ണന്‍, റാം, നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി, ആന്റോ ജോസഫ് എന്നിവർ പങ്കെടുത്തു. മലയാള സിനിമയിൽ ഇതാദ്യമായാണ് പ്രൊമോഷന്റെ ഭാഗമായി മൊബൈൽ ഗെയിം പുറത്തിറക്കുന്നതെന്ന് ലോഞ്ചിംഗ് നിര്‍വ്വഹിച്ച് മമ്മൂട്ടി പറഞ്ഞു. മലയാളത്തില്‍ ഇതേ വരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയാണ് മാമാങ്കം. ചിത്രത്തിൽ യുവതാരം ഉണ്ണിമുകുന്ദൻ പ്രധാന വേഷത്തിലെത്തുന്നു.

 

കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്.നെട്ടൂരിലെ 20 ഏക്കർ ഭൂമിയിലാണ് മാമാങ്കത്തിന്റെ യുദ്ധരംഗങ്ങൾ അടക്കം ചിത്രീകരിച്ചിട്ടുള്ളത്.10 കോടിയിലേറെ രൂപ ചിലവാക്കി ആണ് ആ പടുകൂറ്റൻ സെറ്റ് ഒരുക്കിയത്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം ഒരേ സമയം തിയറ്ററുകളിലെത്തും.