Tuesday 19 March 2024




'അങ്ങനെ സംഭവിക്കാന്‍ തീര്‍ച്ചയായും ഞാന്‍ ശ്രമിക്കും'; തബുവിന്റെ ചോദ്യത്തിന് മറുപടിയുമായി മമ്മൂട്ടി

By online desk.06 Oct, 2019

imran-azhar

 

വിവിധ ഭാഷകളിലായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടിമാരുടെ പട്ടികയില്‍ ഇടം നേടിയ താരമാണ് തബു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, മറാത്തി, ബംഗാളി, മലയാളം തുടങ്ങി ഇന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും തബു അഭിനയിച്ചിട്ടുണ്ട്. കാലാപാനി, കവര്‍‌സ്റ്റോറി, രാക്കിളിപ്പാട്ട് എന്നീ മലയാള ചിത്രങ്ങളിലാണ് തബു അഭിനയിച്ചിട്ടുള്ളത്.

എന്നാല്‍, മമ്മൂട്ടിയുടെ നായികയായി സ്‌ക്രീനിലെത്തണമെന്ന ആഗ്രഹം തബുവിന് ഉണ്ടായിരുന്നു. പല കാരണങ്ങളാല്‍ അതു നടന്നില്ല. ഇപ്പോള്‍ മമ്മൂട്ടിയോട് അതിനെപ്പറ്റി ചോദിച്ചിരിക്കുകയാണ് തബു. റിലീസിനൊരുങ്ങുന്ന മാമാങ്കം എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ അവതാരകന്‍ വഴി മമ്മൂട്ടിയോടുള്ള തന്റെ ചോദ്യം തബു ചോദിക്കുകയായിരുന്നു.

'മമ്മൂട്ടിയോടൊപ്പം തനിക്കൊരു സിനിമയില്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കാന്‍ സാധിച്ചിട്ടില്ല. അതെപ്പോള്‍ നടക്കും. 3 തവണ അവസരം വന്നെങ്കിലും നടന്നില്ല. പറയൂ, നമ്മള്‍ എന്നാണു ഒന്നിച്ചു അഭിനയിക്കുക' എന്ന് തബു ചോദിച്ചു.

അങ്ങനെ സംഭവിക്കാന്‍ തീര്‍ച്ചയായും താന്‍ ശ്രമിക്കുമെന്നായിരുന്നു തബുവിന്റെ ചോദ്യത്തിനുള്ള മമ്മൂട്ടിയുടെ മറുപടി.

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' എന്ന തമിഴ് ചിത്രത്തില്‍ മമ്മൂട്ടിയും തബുവും ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും ഐശ്വര്യ റായ് ആയിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. അജിത്ത് ആയിരുന്നു തബുവിന്റെ നായകനായെത്തിയത്.