Saturday 21 April 2018

ഒരു "മണിച്ചിത്രത്താഴ്"റിവ്യൂ ..........

By BINDU PP.17 Apr, 2017

imran-azhar

 

 

 

സോഷ്യൽ മീഡിയയുടെ കടന്നുകയറ്റം മലയാളികൾക്കിടയിൽ വലിയൊരു മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ അത് യോജിക്കാതിരിക്കാൻ ആർക്കും സാധിക്കില്ല.ഓരോ വിരുതന്മാർ പോയ്മറഞ്ഞ സംഭവങ്ങളെ കുത്തിപ്പൊക്കി രസകരമായി അവതരിപ്പിക്കും. ഒരുപാട് നല്ല പഴയ പാട്ടുകൾ നമുക്ക് ഇതുപോലെ സോഷ്യൽ മീഡിയ സമ്മാനിച്ചിട്ടുണ്ട്. അതേപോലെ ഒരു സിനിമ റിവ്യൂ എല്ലാം വ്യത്യസ്തമായതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നതാണ് മണിച്ചിത്രത്താഴിന്റെ റിവ്യൂ ... മലയാളികളുടെ എക്കാലത്തെയും ഹിറ്റ് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്....ആ സിനിമയെ വളരെ വിമർശനകമായാണ് ഈ എഴുത്തിൽ ഉള്ളത്.

 

സോഷ്യൽ മിഡിയയിൽ വൈറലായ റിവ്യൂ

സിനിമയുടെ കഥയൊക്കെ ബഹു രസമാണ് (സ്പോയിലേർ അലേർട്ട് ). ഒരു പെണ്ണിന് വട്ടാണ് , കെട്ടിയോന്റെ ചായയിൽ പാഷാണം കലക്കുക , സ്വന്തം സാരിയിൽ മണ്ണണ്ണ ഒഴിച്ചു കത്തിക്കുക , നൂറു കിലോ ഭാരം ഉള്ള കട്ടിൽ ഒറ്റ കൈ കൊണ്ട് പൊക്കി മലർത്തിയടിക്കുക തുടങ്ങിയവ ആണ് വിനോദം . പണ്ട് ഏതോ ഒരു രാജാവ് അറിയാണ്ട് ഒരു ഡാൻസ് കാരിയെ കൊന്നത് കൊണ്ടുള്ള മനോവിഷമത്തിൽ അലഞ്ഞ പ്രേതം കേറിയതാണ് മുകളിൽ പറഞ്ഞ വിക്രിയകൾക്കു പ്രചോദനം. കേറിയത്തിൽ പിന്നെ കക്ഷി മുടിഞ്ഞ ഡാൻസ് ആണ്. രാവെന്നോ പകലെന്നോ ഇല്ല.. ഒരേ ഡാൻസ്. ഇക്കണക്കിനു വല്ല തെങ്ങു കേറ്റക്കരന്റെയും ബാധ കേറിയിരുനെങ്കിൽ മൂപ്പര് എന്നും നാല് തേങ്ങയിട്ടേനെ. അല്ല മുക്കുവ സ്ത്രീയുടെ ബാധ കേറിയാൽ ഇവർ മീൻ വിറ്റ് നടക്കുമോ?

 

സംഗീതം ഒക്കെ ബഹു രസമാണ്. പഴം തമിഴ് പാട്ടു എന്ന് പറയുന്നതല്ലാതെ ഏതു പഴം എന്ന് പറയുന്നില്ല!! ഇതിനിടയിൽ ആണ് പത്തു തലയുള്ള രാവണൻ എന്നോ മറ്റോ പറഞ്ഞു കൊണ്ടുള്ള മുയുമൻ നടന്റെ വരവ്. ആള് ബ്രാഡ്ലിയുടെ ശിഷ്യൻ ആണെന്ന് തിരിച്ചറിയുന്ന രംഗം പ്രേക്ഷകന്റെ ക്ഷമ യുടെ നെല്ലി പലക പൊട്ടി ചിതറി നാശ കോശമാകും. എങ്ങനെ സണ്ണി (നായകൻറെ കഥാപാത്രം) ബ്രാഡ്ലിയുടെ ശിഷ്യൻ ആയെന്ന സംശയം പ്രേക്ഷകരെ വരും നാളുകളിൽ ചിന്ത കുഴപ്പത്തിൽ ആകുമെന്ന കാര്യത്തിൽ യാതൊരു വിധ സംശയങ്ങളും വേണ്ട . മനഃശാസ്ത്രത്തിലെ അഞ്ചു പ്രബന്ധങ്ങളി ഏതാണ്ട നാലേ മുക്കാലും എഴുതി പിടിപ്പിച്ചത് സണ്ണി ആണെത്രേയ.. എങ്കിൽ അവ ഏതെല്ലാം എന്ന് സിനിമയിലൂടെ ഒരു ഉത്തരം തരാൻ സംവിധായകന് കഴിഞ്ഞിട്ടില്ല.

 

ദ്വയാർത്ഥ പ്രയോഗങ്ങളുടെ ഒരു ആറാട്ട് തന്നെ ആണ് പടത്തിൽ ഉടനീളം ..സുധീഷിനെ വെച്ച് കിണ്ടി തുടങ്ങിയ ദ്വയാർത്ഥ പ്രയോഗങ്ങൾ കുടുംബ പ്രേക്ഷകരെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നതു ..എങ്ങോട്ടു ആണ് ഈ സമൂഹത്തിന്റെ പോക്ക്...ഇക്കിളി പടങ്ങളുടെ ഹീന വികാരങ്ങൾ ഓത്തി വീർപ്പിച്ചു കലയുടെ പേരിൽ സ്ത്രീയുടെ നഗ്നത പ്രദർശിപ്പിച്ചു പണം പിടുങ്ങുന്ന ഈ ഏർപാടിനോട് ജനം പ്രതികരിക്കണം !! ടാക്കോവിസ്കി പൗലോവിസ്കി കൊല്ലം തുളസി ബാബു ആന്റണി ഷിബു കൊട്ടാരക്കര എന്നി മഹാരഥന്മാരുടെ ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ? അതിൽ നഗ്നതയുണ്ട്. പക്ഷെ ആ നഗ്നത ചലച്ചിത്ര സംസ്കാരത്തിന്റെ ഉത്തമോദാരണങ്ങൾ ആണ്. ഈ ചിത്രത്തിൽ എന്തിനാണ് KPAC ലളിതയുമായി ഉള്ളൊരു കുളിമുറി ഹാസ്യം?

 

പിന്നെ നെടുമുടി: അദ്ദേഹം ഇതിലും സ്വര്യം കിട്ടാത്ത ഒരു തമ്പുരാൻ ആണ്. എത്ര പണം ഉണ്ടായിട്ടെന്താ ? ഈ ചിത്രത്തിലും അതിനാൽ അദ്ദേഹം സ്വന്തം മകനെ പോലും എടൊ എന്നേ സംബോധന ചെയ്യുന്നുള്ളു. മറ്റുള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ചിരി ഉറപ്പ് ആണ്.

വർഗീയ കോമരം ആയ മധു മുട്ടം ഈ ചിത്രത്തിൽ ഒരു മുസ്ലിം കഥാപാത്രത്തെ പോലും ഉൾക്കൊള്ളിച്ചിട്ടില്ല! സ്വാമി ആയി തിലകനെയും സണ്ണി ആയി മോഹൻലാലിനെയും വെക്കാമെങ്കിൽ എന്ത് കൊണ്ട് ഗംഗക്ക് പകരം സുഹറ ആയി കൂടാ?

 

കേരളം വളരുമ്പോഴും ഇത്തരം ഇടുങ്ങിയ ചിന്താശരണികളിൽ പ്രവർത്തിക്കുന്ന സവർണ മേൽക്കോയ്മയുടെയും മന്ത്രവാദം തുടങ്ങിയ വിപത്തുകളെയും പ്രോത്സാഹിപ്പിക്കുന്ന പ്രവണത മലയാള സിനിമക്ക് ദോഷം മാത്രമേ ചെയ്യുകയുള്ളൂ. ഒരു വിഷയം അന്താരാഷ്ട്ര ചിത്രത്തിൽ നിന്ന് പകർത്തുമ്പോഴെങ്കിലും ഇതൊക്കെ ഒഴിവാക്കാമായിരുന്നു. ഇത് ഇന്തോനേഷ്യൻ സിനിമ ആയ "Marenthu Macabre Jawa" ( (Bell Picture Lock) നിന്ന് ചുരണ്ടിയതാണെന്നു ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നു. ഭ്രാന്തിയായി മുദ്ര കുത്തപ്പെടുന്ന ഒരു നടിയെ തമിഴത്തി എന്ന് അധിക്ഷേപിക്കുന്ന രംഗം പ്രാദേശിക വിദ്വേഷം മാത്രം വളർത്താൻ കുത്തി നിറച്ചതാണെന്നു തീർച്ച! എല്ലാത്തിലും കേമം ക്ലൈമാക്സിൽ പ്രാന്ത് ചികിൽസിച്ചു മാറ്റുന്നതാണ് ..ഒരു സിമന്റ് പ്രതിമയെ മലർത്തി കിടത്തി നാല് വെട്ടു വെട്ടുമ്പോൾ എല്ലാ ഭ്രാന്തും മാറി പൂർവ സ്ഥിതിയിൽ ആകുന്നു. ഏതു നാട്ടിൽ ആണ് ഹേ ഈ കഥ നടക്കുന്നത്?

 

അല്ലിയ്ക്ക്  ആഭരണം വാങ്ങാൻ പോകുന്ന രംഗവും ഭ്രാന്തി അയല്പക്കരനോടൊപ്പം അകാരണമായി നൃത്തം ചെയ്യുന്ന രംഗവും നമ്മളെ പരിസരം മറന്നു ചിരിപ്പിക്കാൻ ഉതകുന്ന മണി മുത്തുകൾ ആണ്.

സംവിധാനം : 2/10
നർമം : 1/10
പാട്ടുകൾ : 1/10
പശ്ചാത്തല സംഗീതം : 2/10
നഗ്നത : 0/10
ആകെ തുക : 1.2/10

വിധി : വേണെങ്കിൽ ആദ്യ പകുതി കണ്ടിരിക്കാം (ആർക്കു വേണെങ്കിൽ ? )"