Thursday 21 September 2017

മഞ്ജുവിനെ കാണാനെത്തിയ ആരാധികയായ മുത്തശ്ശി ഇവരായിരുന്നു !

By Anju.27 Aug, 2017

imran-azhar

 


കഴിഞ ദിവസം കോഴിക്കോട്ടെ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മഞ്ജുവാര്യരെ ആള്‍ക്കൂട്ടത്തിലിടയില്‍ നിന്നും ഒരു മുത്തശ്ശി ഓടിവന്നു കെട്ടിപ്പിടിച്ചു. സന്തോഷം കൊണ്ട് അവരുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. എന്തിനാണ് കരയുന്നത് എന്നു മഞ്ജു ചോദിച്ചപ്പോള്‍ സന്തോഷം കൊണ്ടെന്നായിരുന്നു ആ മുത്തശ്ശി പറഞ്ഞത്. അല്‍പ്പനേരം മഞ്ജുവിനൊപ്പം ചിലവഴിച്ചാണ് ആ മുത്തശ്ശി പോയത്. തന്റെ അമ്മയെക്കാള്‍ പ്രായമേറിയതും തന്നെ ഇത്രയധികം ഇഷ്ടപ്പെടുന്ന ആ ആരാധിക മറ്റാരുമല്ല മുന്‍ ആകാശവാണി ആര്‍ട്ടിസ്റ്റും ഗായികയുമായ റാബിയ ബീഗം ആയിരുന്നുവത്. ഏഴാം ക്ലാസില്‍ കോഴിക്കോട് ആകാശവാണി നിലയത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ അവര്‍ 65 വര്‍ഷത്തോളം ആകാശവാണിയില്‍ ആര്‍ട്ടിസ്റ്റായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ കെ ടി മുഹമ്മദ് നാടകമാക്കിയപ്പോള്‍ അതില്‍ റാബിയയായിരുന്നു നായിക. കെ പി ഉമ്മറായിരുന്നു നായകന്‍.

 

അതിനുശേഷം രാമു കാര്യട്ടും നേരിട്ടെത്തി സിനിമയിലേയ്ക്കു ക്ഷിച്ചിരുന്നുവെങ്കിലും കളിയാക്കലുകള്‍ ഭയന്ന് റാബിയ സിനിമ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പാട്ടിനെയും സിനിമയെയും പ്രണയിച്ച് ഇന്നിവര്‍ കോഴിക്കോട്ടെ ഒറ്റമുറി വീട്ടിലാണ് താമസം. ഈ അമ്മൂമ്മയെ കുറിച്ച് മഞ്ജു തന്റെ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ...

 

''കഴിഞ്ഞ ദിവസം കോഴിക്കോട് പങ്കെടുത്ത ചടങ്ങില്‍ വച്ച് ഒരു ക്യാമറ പകര്‍ത്തി എടുത്ത നിമിഷം. ആ സ്‌നേഹം നിറഞ്ഞ മുഖം എന്റെ മുന്നില്‍ നിന്ന് മറഞ്ഞപ്പോള്‍ എനിക്കെന്തൊക്കെയോ ചോദിക്കാനും ആ അമ്മക്ക് എന്തൊക്കെയോ പറയാനും ബാക്കി ഉണ്ടെന്നു തോന്നി . എവിടെയാണെങ്കിലും ആ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നെ താങ്ങി നിര്‍ത്തട്ടെ.

ഇത് പകര്‍ത്തിയ മാധ്യമത്തിനും, ഈ ക്ലിപ്പിംഗ് എനിക്ക് അയച്ചു തന്ന സുഹൃത്തിനും നന്ദി.
എവിടെയാണെങ്കിലും ഈശ്വരന്‍ ആ അമ്മയ്ക്ക് ആരോഗ്യവും മനസ്സമാധാനവും നല്‍കട്ടെ...''