By സൂരജ് സുരേന്ദ്രന്.25 Nov, 2021
മോഹൻലാൽ ആരാധകരും, അതിനേക്കാളുപരി ലോകമെമ്പാടുമുള്ള സിനിമ പ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ടു.
സെക്കൻഡുകൾ മാത്രമുള്ള ടീസറിന് വൻ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ടീസറിൽ കാണിക്കുന്ന ഓരോ ഫ്രയിമും ഒന്നിനൊന്ന് മികച്ചത്. ഇതൊരു മലയാള ചിത്രത്തിന്റെ ടീസർ ആണെന്ന് പറഞ്ഞാൽ അവിശ്വസനീയം. റിലീസ് ചെയ്ത് നാല് മണിക്കൂർ പിന്നിടുമ്പോൾ 7 ലക്ഷത്തിലധികം കാഴ്ചക്കാരാണ് ടീസർ കണ്ടിരിക്കുന്നത്. മരക്കാർ റിലീസിനായുള്ള നീണ്ട രണ്ട് വർഷത്തെ കാത്തിരിപ്പ് വെറുതെയാകില്ലല്ലോ എന്ന ആവേശത്തിലാണ് ആരാധകർ.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില് റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിൽ 600 സ്ക്രീനിലാണ് പ്രദർശിപ്പിക്കുക. ഇന്ത്യയുടെ മറ്റിടങ്ങളിൽ 1200 സ്ക്രീനുകളിലും രാജ്യത്തിനു പുറത്ത് 1500 സ്ക്രീനുകളിലും ചിത്രം എത്തും. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ആദ്യദിന വരുമാനം 50 കോടിയാണ് പ്രതീക്ഷിക്കുന്നത്. വിദേശത്ത് 1800 സ്ക്രീൻ വരെ കിട്ടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻറ് തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രമാണ് മരക്കാർ. നൂറ് കോടിയോളം രൂപയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്. സാബു സിറിലാണ് കലാ സംവിധായകൻ. തിരു ആണ് ഛായാഗ്രഹണം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടർ റോയ്, സന്തോഷ് ടി. കുരുവിള എന്നിവർ സഹനിർമാതാക്കളാണ്.