Tuesday 18 December 2018


ഭാര്യയെന്ന നിലയില്‍ തുറന്നു പറച്ചിലുകളില്‍ താന്‍ വറീഡ് അല്ലെന്ന് മേതില്‍ ദേവിക

By anju.11 Oct, 2018

imran-azhar


നടനും എംഎല്‍എയുമായ മുകേഷിനെതിരെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി മുകേഷിന്റെ ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക. മീ ടു ക്യാംപെയിനിംഗ് വന്നത് വളരെ നന്നായി. എന്നാല്‍ ഇത്തരമൊരു സംഭവത്തെക്കുറിച്ച് തനിക്ക് ഓര്‍മയില്ല എന്ന് തന്നെയാണ് മുകേഷേട്ടന്‍ തന്നോടും പറഞ്ഞതെന്ന് ദേവിക പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മേതില്‍ ദേവിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 

മീ ടു ക്യാംപെയിനിംഗ് വന്നത് വളരെ നന്നായി. അതൊരു അവസരമാണ്. സ്ത്രീകള്‍ക്ക് തുറന്ന് പറയാനുള്ളത്. ഇതിനെ പിന്തുണയ്ക്കുന്നു. മുകേഷേട്ടനെതിരെ വന്ന ആരോപണത്തില്‍ ഒരു സ്ത്രീ എന്ന രീതിയില്‍ പ്രതികരിക്കുമ്പോള്‍ വിഷമം തോന്നും. എന്നാല്‍ ഒരു ഭാര്യയെന്ന രീതിയില്‍ ആണെങ്കില്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല- മേതില്‍ ദേവിക പറഞ്ഞു.


മുകേഷേട്ടനോട് സംസാരിച്ചപ്പോള്‍ ഓര്‍മയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നോട് അങ്ങനെ നുണ പറയാറില്ല എന്നാണ് എന്റെ വിശ്വാസം. അതില്‍ ഒരു യുക്തിയും കാണുന്നുണ്ട്. വിഷയത്തില്‍ മുകേഷേട്ടന്‍ വളരെ വിഷമത്തിലാണ്. ഒരു സ്ത്രീയെന്ന നിലയില്‍ എനിക്കും പറയാനുണ്ട് ഒരുപാട്. പക്ഷേ, വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള തുറന്നു പറച്ചിലുകള്‍ എനിക്ക് ആവശ്യമുള്ളതായി തോന്നുന്നില്ല. പക്ഷേ, വളരെ സീരിയസ് ആയ കാര്യങ്ങളാണെങ്കില്‍ എപ്പോഴാണെങ്കിലും തുറന്ന് പറയാമെന്നും മേതില്‍ ദേവിക പറഞ്ഞു.


തനിക്ക് ചുറ്റുമുള്ളവരില്‍ സ്വാമി വിവേകാന്ദനെ ഒന്നും താന്‍ കാണുന്നില്ല. ആണായാലും പെണ്ണായാലും. 20 വര്‍ഷം മുന്‍പത്തെ കാര്യമെന്നൊക്കെ പറയുമ്പോള്‍ എനിക്കറിയില്ല, എന്ത് തന്നെ സംഭവിച്ചാലും അതിനെ കുറിച്ച് ഞാന്‍ വറീഡ് ആകേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. അവര്‍ക്ക് അത് തുറന്ന് പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. മേതില്‍ ദേവിക വ്യക്തമാക്കി.


ചെന്നൈയില്‍ കോടീശ്വരന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ടെസിന്റെ ആരോപണം.അന്നത്തെ തന്റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാന്‍ ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു എന്നും ടെസ്സ് പറയുന്നു. എന്നാല്‍ ടെസ് എന്ന യുവതിയെ താന്‍ ഓര്‍ക്കുന്നില്ലെന്നാണ് മുകേഷിന്റെ വെളിപ്പെടുത്തല്‍.