Wednesday 12 August 2020
നടനവിസ്മയത്തിന് ഇന്ന് പിറന്നാൾ

By Anju N P.21 May, 2018

imran-azhar


മലയാളത്തിന്റെ മഹാനടനത്തിന് ഇന്ന് പിറന്നാള്‍...58 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മോഹന്‍ലാല്‍ എന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകരും, സുഹൃത്തുക്കളും.

 


വിരലുകളില്‍പ്പോലും അഭിനയത്തിന്റെ തീവ്രത ആവാഹിച്ചെടുക്കുന്ന നടന്‍, അസാമാന്യമായ അഭിനയപാടവവും അമ്പരപ്പിക്കുന്ന ഭാവതീവ്രതയും കൊണ്ട് അഭിനയലോകത്ത് സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച മലയാളത്തിന്റ അഭിമാനമാണ് ഇദ്ദേഹം.
തന്റെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്ക് വേണ്ടിയുള്ള ത്യാഗത്തിലൂടെ മലയാളികള്‍ക്ക് സമ്മാനിച്ചത് ഒട്ടനവധി നല്ല കഥാപാത്രങ്ങളെയാണ്.

 


തിരനോട്ടം എന്ന സിനിമയിലൂടെ 1978ല്‍ വെള്ളിത്തിരയിലേക്ക് കാലെടുത്തുവച്ചെങ്കിലും പിന്നീടുവന്ന 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാളിക്ക് സ്വന്തമായത് വലിയൊരു നിത്യവസന്തമായിരുന്നു.വില്ലനിലൂടെ വന്ന് മലയാളികളടക്കമുളള ലോക സിനിമാപ്രേക്ഷരുടെ ഇടം നെഞ്ചിലാണ് ലാല്‍ കുടിയേറിയത്.

 

1980, 90 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെയാണ് മോഹന്‍ലാല്‍ എന്ന താരം മലയാളിക്ക് ഒരു വികാരമായി മാറിയത്. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമനും, നാടോടിക്കാറ്റിലെ ദാസനും, തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ചിത്രത്തിലെ വിഷ്ണു, കിരീടത്തിലെ സേതുമാധവനും, ഭരതത്തിലെ ഗോപിയും, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനും, ഇരുവരിലെ ആനന്ദും, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടനും, സ്ഫടികത്തിലെ ആടുതോമയുമെല്ലാം അക്കാലഘട്ടത്തിലെ മലയാളികളുടെ ഹീറോതന്നെയായിരുന്നു.

 

പ്രായത്തിന്റെ കടന്ന്പോക്ക് വെറും അക്കങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണെന്നും പഴക്കമേറും തോറും വീഞ്ഞിന് സ്വാദേറുന്നപോലെ തന്റെ അഭിനയത്തിന് മാറ്റ് കൂട്ടുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടന്‍. മലയാളത്തിന്റെ പെരുമ വാനോളം ഉയര്‍ത്തിയ ആദ്യ നൂറ്റിയമ്പത് കോടിയെന്ന സ്വപ്നം യാഥാര്‍ത്യമാക്കിക്കൊണ്ടാണ് പുലിമുരുകനെന്ന ബ്രഹ്മാണ്ചിത്രം ബോക്സ് ഓഫീസ് കീഴടക്കിയത്.

 


പിന്നീടങ്ങോട്ട് മലയാളത്തിന് അഭിമാനമായേക്കാവുന്ന സ്വപ്നതുല്യമായ കഥാപാത്രങ്ങളെ വാര്‍ത്തെടുക്കാനുള്ള തീവ്രമായ പരിശ്രമമായിരുന്നു ലാലിന്റത്. ഈ വര്‍ഷം ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഒടിയന്‍ ചിത്രം ലാലിന്റെ അത്തരമൊരു സിനിമയാണ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ടീസര്‍ സൈബറിടത്തില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. റീലീസിനൊരുങ്ങുന്ന നീരാളിയും ലൂസിഫര്‍ ഉള്‍പ്പെടെയുള്ള മറ്റ് ബിഗ് ബജറ്റ് ചിത്രങ്ങളുടെയും കൂടി വാര്‍ത്തകള്‍ വലിയ പ്രതീക്ഷ തന്നെയാണ് തരുന്നത്.