Sunday 22 September 2019




ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ.... !

By anju.21 May, 2019

imran-azhar


ഒരിക്കല്‍ സ്വര്‍ഗത്തിലെ ദൈവത്തിനു അഭിനയിക്കണമെന്ന് തോന്നി അദ്ദേഹം ഭൂമിയില്‍ അവതരിച്ചു ഞങ്ങള്‍ അവനെ ലാലേട്ടാ എന്നു വിളിച്ചു...മോഹന്‍ലാല്‍ എന്നത് ഞങ്ങള്‍ക്കൊരു പേര് മാത്രമല്ല . മലയാള സിനിമാലോകത്തിന്റയും ഓരോ മലയാളികളുടെയും യശസ്സും പ്രൗഢിയും ആത്മാഭിമാനവും ആയി മാറിയ നമ്മുടെ സ്വന്തം ലാലേട്ടന് ഇന്ന് 59 ആം പിറന്നാള്‍ .ലാലേട്ടനായും ബാലേട്ടനായും , ഒടിയനായും , ഉദയനായും , നരനായും നരേന്ദ്രനായും കഴിഞ്ഞുപോയ മൂന്നര പതിറ്റാണ്ട് കീരിടവും ചെങ്കോലുമേന്തി മലയാളികളുടെ മനസ്സില്‍ അഭ്രപാളിയില്‍ അഭിനയത്തിന്റെ കഥ എഴുതുന്ന ലാലേട്ടാ ...നിങ്ങള്‍ ഓരോ മലയാളികളുടെയും ഏട്ടനാണ്.

 

അതിര് കവിഞ്ഞ ആരാധനയുടെ തെളിവായി ഇതിനെ കാണാമെങ്കിലും ലാലിനെ നടനകലയിലെ ദൈവം എന്നല്ലാതെ മറ്റെന്താണ് ഇതിനെ വിശേഷിപ്പിക്കുക. എത്രയോ കാലങ്ങളായി ലാല്‍ നമ്മുടെ കാഴ്ചകളില്‍ നിറയാന്‍ തുടങ്ങിയിട്ട്. കാലങ്ങള്‍ കഴിഞ്ഞിട്ടും ആ കാഴ്ച നമ്മെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

 

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാളികളുടെ ഇടയിലേക്ക് വില്ലന്‍ ആയി വന്ന് പിന്നിട് എത്ര പെട്ടെന്നാണ് മോഹന്‍ലാല്‍ എന്ന താരം മലയാളിക്ക് ഒരു വികാരമായി മാറിയത്. അതില്‍ തന്നെ നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമനും, നാടോടിക്കാറ്റിലെ ദാസനും, തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ചിത്രത്തിലെ വിഷ്ണുവും, കിരീടത്തിലെ സേതുമാധവനും, ഭരതത്തിലെ ഗോപിയും, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനും, ഇരുവരിലെ ആനന്ദും, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടനും, സ്ഫടികത്തിലെ ആടുതോമയുമെല്ലാം അക്കാലഘട്ടത്തിലെ മലയാളികളുടെ ഹീറോതന്നെയായിരുന്നു.

 

നടനെന്നതിലുപരി ഗായകനായും ,നിര്‍മ്മാതാവായും ഇപ്പോള്‍ ഇതാ സംവിധായകനാവാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍ എന്ന കമ്പ്‌ലീറ്റ് ആക്ടര്‍.ഈ വര്‍ഷം സ്റ്റീഫല്‍ നെടുമ്പള്ളിയായി തിയേറ്ററില്‍ ആരവം ഉയര്‍ത്തി ലാലേട്ടന്‍ ബോക്‌സ് ഓഫീസില്‍ 200 കോടിയുടെ ചരിത്രവും കുറിച്ചു. സിനിമ ലോകം മുഴുവന്‍ മോഹനലാല്‍ എന്ന നടന് ജന്മദിനാശംസകള്‍ നേരുമ്പോള്‍ വെള്ളിനക്ഷത്രം ടീമിന്റെ ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നു.