Sunday 16 June 2019


ഒരു കൊടിയും ഏട്ടനെക്കാള്‍ വലുതല്ല`; ഹര്‍ത്താലിനെതിരെ തിരിച്ചടിച്ച് മോഹന്‍ലാല്‍ ഫാന്‍സ്

By Anju N P.13 Dec, 2018

imran-azhar


തിരുവനന്തപുരം: സമരപന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിക്ക് എതിരെ മോഹന്‍ലാല്‍ ഫാന്‍സ്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ റിലീസ് ദിവസം തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിടുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. ഒരു കൊടിയും ഈ ഏട്ടനെക്കാളും വലുതല്ലെന്ന പ്രഖ്യാപനവുമായിട്ടാണ് ആരാധകര്‍ ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. നാളെ പ്രദര്‍ശനം നടക്കുന്ന ഏതെങ്കിലും തിയറ്ററിന് മുന്നില്‍ കൊടിയും പിടിച്ച് വന്നാല്‍ ഒരു ഒറ്റ ബിജെപിക്കാരനും നടന്ന് വീട്ടില്‍ പോകില്ല എന്ന തരത്തില്‍ വൈകാരികമായ കമന്റുകളാണ് പേജില്‍ പ്രത്യക്ഷപ്പെടുന്നത്.

 

പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാതെ സമയവും സാഹചര്യവും മനസ്സിലാക്കാതെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ എന്തിന് വേണ്ടിയെന്നും ഇത്രയും തലയ്ക്ക് വെളിവില്ലാത്തവരാണോ നേതൃത്വം കൈയാളുന്നത് എന്നുമാണ് പ്രവര്‍ത്തകരായ മോഹന്‍ലാല്‍ ആരാധകര്‍ ചോദിക്കുന്നത്.

 

ലോകമെമ്പാടുമായി പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ നാളെ പ്രദര്‍ശനത്തിന് എത്താനിരിക്കെയാണ് അപ്രതീക്ഷിതമായി സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തി മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

 

എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്തോടെ സോഷ്യല്‍ മീഡിയയില്‍ ബിജെപിക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മാത്രമല്ല സംഘപരിവാറുകാരായ ആരാധകര്‍ പോലും ഇതിനെ വിഡ്ഡിത്തത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലെന്നാണ് വിലയിരുത്തുന്നത്.