Tuesday 10 December 2019




മോഹൻലാലിൻറെ സമഗ്ര ജീവചരിത്രവുമായി 'മുഖരാഗം' ഒരുങ്ങുന്നു

By Sooraj Surendran .21 May, 2019

imran-azhar

 

 

അൻപത്തൊമ്പതാം പിറന്നാൾ ആഘോഷിക്കുന്ന ദിനത്തിൽ ആരാധകർക്ക് സമ്മാനമായി മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന മോഹൻലാലിൻറെ അഭിനയ ജീവിതവും, ജീവിതാനുഭവങ്ങളും ഉൾപ്പെടുത്തി 'മുഖരാഗം' എന്ന പേരിൽ ജീവചരിത്രം ഒരുങ്ങുന്നു. പിറന്നാൾ ദിനത്തിൽ മോഹൻലാൽ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എഴുത്തുകാരനായ ഭാനുപ്രകാശ് ആണ് മോഹൻലാലിൻറെ ജീവചരിത്രം ഒരുക്കുന്നത്. 2020ൽ പൂർത്തിയാകുന്ന 'മുഖരാഗം' വായനക്കാർക്ക് മുന്നിൽ എത്തിക്കുമെന്നും അദ്ദേഹം കുറിച്ചു.

 

ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

 

'മുഖരാഗം' എൻ്റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എൻ്റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എൻ്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉൾച്ചേർന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എൻ്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാർഥ്യമാക്കുന്നത്. 2020ൽ പൂർത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.