Tuesday 18 December 2018


ഞാനൊരിക്കലും അങ്ങനെ ചെയ്യില്ല;ആരോപണം പാടെ തള്ളി മുകേഷ്

By anju.10 Oct, 2018

imran-azhar


തിരുവനന്തപുരം: ബോളിവുഡ് കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫിന്റെ ലൈംഗിക ആരോപണങ്ങള്‍ പാടെ തള്ളി നടനും എം.എല്‍.എയുമായ മുകേഷ്. താനൊരിക്കലും അങ്ങനെ ചെയ്യില്ലെന്നും തന്റെ പേരില്‍ ആരോ അവരെ തെറ്റിദ്ധരിപ്പിച്ചതായിരിക്കാമെന്നും മുകേഷ് പറഞ്ഞു.

 

ചെന്നൈയില്‍ കോടീശ്വരന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ടെസിന്റെ ആരോപണം.അന്നത്തെ തന്റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാന്‍ ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു എന്നും ടെസ്സ് പറയുന്നു. എന്നാല്‍ ടെസ് എന്ന യുവതിയെ താന്‍ ഓര്‍ക്കുന്നില്ലെന്നാണ് മുകേഷിന്റെ വെളിപ്പെടുത്തല്‍.

 

' ഞാന്‍ ഒരു കലാകുടുംബത്തില്‍നിന്ന് വന്ന ഒരാളാണ്. എന്റെ ഭാര്യ, അമ്മ, സഹോദരി എല്ലാവരും കലാരംഗത്തും സജീവ പ്രവര്‍ത്തകരാണ്. അതുകൊണ്ടു തന്നെ മീ ടൂ ക്യാമ്പയിനിന് ഏറ്റവും പിന്തുണ നല്‍കുന്ന ഒരാളാണ് ഞാന്‍. എല്ലാ പെണ്‍കുട്ടികളും അതുമായി മുന്‍പോട്ട് പോകണം എന്നാണ് ആഗ്രഹം.

 


പത്തൊന്‍പത് കൊല്ലം മുന്‍പ് കോടീശ്വരന്‍ എന്ന പരിപാടിക്കിടെ ഞാന്‍ ശല്യപ്പെടുത്തിയെന്നാണ് ആരോപണം. അങ്ങനെയൊരു സംഭവം എനിക്ക് ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ലേ മെറിഡിയന്‍ ഹോട്ടലില്‍ തന്നെയാണ് ഞാന്‍ താമസിച്ചത്. ഞാന്‍ ആദ്യമായിട്ടാണ് അവിടെ താമസിച്ചത്. ക്രൂവിന് റൂം എടുത്തു നല്‍കിയ കാര്യം പോലും എനിക്കറിയില്ല. അവരെ അവിടെ വച്ചു കണ്ടതായി പോലും എനിക്ക് ഓര്‍മയില്ല- മുകേഷ് പറഞ്ഞു.

 

യുവതിയെ ഫോണില്‍ വിളിച്ചു ശല്യം ചെയ്തുവെന്നാണ് ആരോപണം. എന്നാല്‍ അത് താനല്ലെന്നും മുകേഷ് പറയുന്നു. ഡെറിക് ഒബ്രിയാന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. പത്ത് കൊല്ലം മുന്‍പും ഡെറിക് ഒബ്രിയാന്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ തെറ്റുകാരനാണെങ്കില്‍ അദ്ദേഹം എന്നെ പിന്നീട് വിളിക്കുമോ എന്നും മുകേഷ് ചോദിക്കുന്നു.