Tuesday 19 March 2024




പുരുഷൻമാർ എന്ന് ഡബ്ലു.സി.സി യിൽ കയറുമോ അന്നേ താനും അതിൽ അംഗമാകൂ; പേർളി മാണി

By Sarath Surendran.15 Oct, 2018

imran-azhar

 

 

കൊച്ചി: പുരുഷൻമാർ എന്ന് ഡബ്ലു.സി.സി യിൽ കയറുമോ അന്നേ താനും അതിൽ അംഗമാകൂ എന്ന് ചലച്ചിത്രതാരം പേർളി മാണി പറഞ്ഞു. ഡബ്ലു.സി.സി അംഗമാണോ എന്ന പത്രക്കാരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. താൻ അംഗമല്ലെന്നും തന്നെ ആരും സംഘടനയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പേർളി വ്യക്തമാക്കി. ” ഹു ” എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു പേർളി.

 

മലയാളസിനിമാലോകം തനിക്ക് വളരെയധികം സപ്പോർട്ട് നൽകുന്നുണ്ടെന്നും വളരെ നല്ല മേഖലയാണെന്നും പേർളി വ്യക്തമാക്കി. ഡബ്ല്യു.സി.സി വളരെ ശക്തമായ സംഘടനയാണ്. ഇത്തരത്തിൽ ഒരു മൂവ്മെന്റ് ഉണ്ടാവുന്നത് നല്ലതാണ് സ്ത്രീകൾക്കു വേണ്ടി ഒരു ശബ്ദമുണ്ടല്ലോ?. ആണുങ്ങളും ഉണ്ടെങ്കിൽ ഞാനും അതിൽ ഉണ്ടാകും. സ്ത്രീക്ക് ശക്തി കൊടുക്കേണ്ടത് സ്ത്രീകൾ മാത്രമല്ല. സ്ത്രീക്ക് ശക്തി കൊടുക്കേണ്ടത് ഒരു സമൂഹമാണ്.സ്ത്രീയും പുരുഷനും ചേർന്ന് നിൽക്കുമ്പോഴേ അത് ശക്തമാകൂ. സ്ത്രീ ശാക്തീകരണം സ്ത്രീക്ക് വേണ്ടി മാത്രമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അത് നല്ല സമൂഹത്തിന് വേണ്ടിയാണെന്നും പേർളി പറഞ്ഞു.


ആണും പെണ്ണും ഉൾപ്പെട്ട കുട്ടികളെയാണ് ശാക്തീകരിക്കേണ്ടതെന്നും 'സ്ട്രോംഗ്' അമ്മയെ കണ്ടു വളരുന്ന മക്കളും 'സ്ട്രോംഗ്' ആയിരിക്കുമെന്നും പേർളി കൂട്ടിച്ചേർത്തു. സ്ത്രീ ശാക്തീകരണം വീട്ടിൽ നിന്നാണ് ആരംഭിക്കേണ്ടത്. അമ്മയിൽ എല്ലാവരുമുണ്ട്. ഡബ്ല്യു.സി.സിയിൽ ആണുങ്ങളില്ല, പെണ്ണുങ്ങൾ മാത്രമേയുള്ളു. അതിന്റെ കാരണം അറിയില്ലായെന്നും ആണുങ്ങൾ എന്ന് വരുന്നുമോ അന്ന് ഞാനും അംഗമാകുമെന്ന് പേർളി മാണി തന്റെ നിലപാട് വ്യക്തമാക്കി.