Tuesday 15 October 2019
തീയറ്ററുകള്‍ നിറയ്ക്കാന്‍ മലയാള സിനിമകളുടെ കുത്തൊഴുക്ക്: പെരുന്നാളിന് എത്തുന്നത് ഒമ്പത് ചിത്രങ്ങള്‍

By Online Desk .30 May, 2019

imran-azhar

 

 

തിരുവനന്തപുരം: പെരുന്നാളിന് മിഴിവേകാന്‍ തീയറ്ററുകളില്‍ മലയാള സിനിമകളുടെ കുത്തൊഴുക്ക്. ഒമ്പത് ചിത്രങ്ങളാണ് ഈ പെരുന്നാളിന് തീയറ്ററുകളിലെത്തുക.ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്, മമ്മൂട്ടി നായകനാകുന്ന ഖാലിദ് റഹ്മാന്‍ ചിത്രം ഉണ്ട, വിനയ് ഫോര്‍ട് നായകനാകുന്ന തമാശ,വിനായകന്‍ നായകനാകുന്ന തൊട്ടപ്പന്‍, ഷാഫി ചിത്രം ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആസിഫ് അലി നായകനാകുന്ന കക്ഷി അമ്മിണി പിള്ള, ജയറാം നായകനാകുന്ന മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ എന്നീ മലയാള ചിത്രങ്ങള്‍ക്കൊപ്പം ബോളിവുഡ് ചിത്രം ഭാരതും തമിഴ് ചിത്രം എന്‍ജികെയും പെരുന്നാള്‍ റിലീസായെത്തും.


നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ലിജോ ജോസ് പെല്ലിശേ്ശരി, ഷൈജു ഖാലിദ്,ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രമാണ് തമാശ. നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനയ് ഫോര്‍ട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവരാണ് നായികമാര്‍. പ്രേമത്തിന് ശേഷം വിനയ് ഫോര്‍ട്ട് അധ്യാപക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് തമാശ. സംവിധായകന്‍ തന്നെയാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. റെക്‌സ് വിജയനും ഷഹബാസ് അമനും ചേര്‍ന്ന് സംഗീതം നിര്‍ഹിക്കുന്ന ചിത്രത്തിനായി വരികള്‍ എഴുതിയിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരിയാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സമീര്‍ താഹിര്‍.


നിപ്പ വൈറസിനെതിരായ കേരളത്തിന്റെ അതിജീവനവും അതിനായി നടത്തിയ പ്രയത്നവും ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് അബുവും റിമാ കല്ലിങ്കലും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മുഹ്‌സിന്‍ പരാരി, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്.


പ്രമേയം കൊണ്ടു തന്നെ മലയാളികളാകെ കാത്തിരിക്കുന്ന ചിത്രത്തില്‍ ടൊവിനോ, ഇന്ദ്രജിത്ത്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, രേവതി, റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്,സൗബിന്‍, രമ്യ നമ്പീശന്‍, റഹ്മാന്‍, ശ്രീനാഥ് ഭാസി, എന്നിങ്ങനെ വലിയ താരനിരയും ഒന്നിക്കുന്നു. മുപ്പത് ലക്ഷത്തിലധികം ആളുകളാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം യൂട്യൂബില്‍ കണ്ടത്. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം സുശിന്‍ ശ്യാം, എഡിറ്റിംഗ് സൈജു ശ്രീധരന്‍.


അനുരാഗകരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കേരളത്തില്‍ നിന്ന് ഛത്തിസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാരുടെ കഥയാണ് പറയുന്നത്.


ചിത്രത്തിന്റെ ടീസറും ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹര്‍ഷാദ് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് കൃഷ്ണന്‍ സേതുകുമാറാണ്. ഷെന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ്, ഗോകുലന്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവരാണ് മണി സാറിനൊപ്പമുള്ള മറ്റ് പോലീസുകാര്‍. സജിത് പുരുഷന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ പ്രശാന്ത് പിള്ള സംഗീതം നിര്‍വഹിക്കുന്നു. റാഫി കഥ തിരക്കഥ സംഭാഷണം എന്നിവ നിര്‍വഹിച്ച് ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. നൂറോളം കുട്ടികള്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, വിഷ്ണു ഉണ്ണികൃഷണന്‍, ധ്രുവന്‍ ഹരീഷ് കണാരന്‍, ഗായത്രി സുരേഷ്, മാനസാ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടു കണ്‍ട്രീസിന് ശേഷം ഷാഫിയും റാഫിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചില്‍ഡ്രണ്‍സ് പാര്‍ക്ക്. കൊച്ചിന്‍ ഫിലിംസിന്റെ ബാനറില്‍ രുപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഫൈസല്‍ അലിയാണ്.

 

കിസ്മത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തൊട്ടപ്പന്‍. വിനായകനാണ് ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. ആദ്യമായിട്ടാണ് വിനായകന്‍ ഒരു ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. ഫ്രാന്‍സിസ് നൊറോണയുടെ അതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് പി എസ് റഫീക്കാണ്.

 

വിനായകനൊപ്പം പുതുമുഖമായ പ്രിയംവദ കൃഷ്ണന്‍, റോഷന്‍, ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, രഘുനാഥ് പലേരി സുനില്‍ സുഗത തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദേവദാസ് കടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ലീല ഗിരീഷ് കുട്ടനാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുരേഷ് രാജന്‍.

 

ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍. ജയറമാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. എന്നാല്‍ പേര് സൂചിപ്പിക്കുന്ന പോലെ ഒരു വൃദ്ധനായല്ല ജയറാമെത്തുന്നത്. ഇരുപത്തിനാലുകാരിയായ യുവതിയെ വിവാഹം ചെയ്യുന്ന ജയറാമിന്റെ കഥാപാത്രത്തെ തേടി ഇരുപത്തിനാലുകാരിയായ മകളും അഞ്ചു വയസുള്ള പേരക്കുട്ടിയുമെത്തുന്ന ട്രെയിലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ചിത്രം ഒരു കോമഡി എന്റര്‍ടെയ്നറാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.