Saturday 22 September 2018



പൂമരം പതിനഞ്ചിനെത്തുമെന്ന് കാളിദാസ്; ഇനിയുമൊരു പതിനഞ്ച് ദിവസം നീട്ടി ഏപ്രില്‍ ഫൂള്‍ ആക്കുമോ എന്ന് ട്രോളേഴ്‌സ്

By Anju N P.13 Mar, 2018

imran-azhar

 


ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമാകുന്നു.പൂമരം റിലീസ് മാര്‍ച്ച് 15ന് ഉറപ്പിച്ചെന്ന് കാളിദാസ് ജയറാം. ഫേസ് ബുക്ക് പേജിലൂടെയാണ് കാളിദാസ് തിയ്യതി പുറത്തുവിട്ടത്. എല്ലാ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദിയെന്നും കാളിദാസ് വ്യക്തമാക്കി. ചിത്രത്തിന് ലഭിച്ച സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും പോസ്റ്റിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്.

 


നേരത്തെ മാര്‍ച്ച് 9 ന് റിലീസ് ചെയ്യാനായിരുന്നു പരിപാടി. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു. പൂമരത്തിലെ പാട്ട് പുറത്തിറങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും ചിത്രം റിലീസ് ആവാതിരുന്നതോടെ സോഷ്യല്‍ മീഡിയയില്‍ കാളിദാസിനെതിരെയും ചിത്രത്തിനെതിരെയും ട്രോള്‍ മഴയായിരുന്നു. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് സഹിതം റിലീസ് തിയ്യതി പ്രഖ്യാപിച്ച ആദ്യത്തെ നടനാണ് കാളിദാസെന്നും ട്രോളന്മാര്‍ കളിയാക്കി. തിയേറ്ററില്‍ ചിത്രം കാണാതെ വിശ്വസിക്കില്ലെന്നാണ് മറ്റ് ചിലരുടെ നിലപാട്.

 

താന്‍ പെണ്ണാലോചിച്ച് തുടങ്ങിയപ്പോള്‍ ഷൂട്ടിങ് തുടങ്ങിയ ചിത്രമാണ്. ഇപ്പോള്‍ പെണ്ണും കെട്ടി ഒരു കുട്ടിയുമായി. ഇനി ഏതായാലും ഫാമിലിയുമായി ചിത്രം കാണാന്‍ പോകാമെന്നാണ് ഒര് ട്രോളന്‍ പറയുന്നത്. കമന്റ്. പതിനഞ്ചിന് തന്റെ കല്യാണമാണെന്നും അതിനാല്‍ റിലീസ് ഒന്നുകൂടി മാറ്റി വെയ്ക്കാമോയെന്നാണ് മറ്റൊരാളുടെ ചോദ്യം. സിനിമ റിലീസ് ആകുമെന്ന് തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ട ഗതിവന്നല്ലോ എന്ന് സഹതപിച്ചവരുമുണ്ട്. ഇനി റിലീസ് മാറ്റിയാല്‍ കാളിദാസന്റെ ഫേസ് ബുക്ക് പേജ് ട്രോള്‍ പേജായി പ്രഖ്യാപിക്കുമെന്ന് ചിലര്‍ വ്യക്തമാക്കി.