Thursday 21 September 2017

'എന്റെ ആദ്യ ചിത്രം തീയറ്ററില്‍ എത്തിയിട്ട് 15 വര്‍ഷമായി' : അനുഭവം പങ്കുവച്ച് പൃഥ്വിരാജ്

By BINDU PP.13 Sep, 2017

imran-azhar

 

 

 


സുകുമാരന്റെയും മല്ലികയുടെയും മകൻ എന്ന പരിചയത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റംകുറിച്ച നടന്‍ പൃഥ്വിരാജ് ഇന്ന് പ്രേക്ഷകരുടെ രാജുവേട്ടനായി മാറിയിട്ട് ഇന്നേക്ക് 15 വർഷമാകുന്നു. മലയാള സിനിമയുടെ ബോൾഡ് നടൻ ആരാണെന്ന് ചോദിച്ചാൽ ഒരു മടിയുമില്ലാതെ . പൃഥ്വിരാജ് എന്ന നടനാണെന്ന് പറയാം. 2017ല്‍ എത്തി നില്‍ക്കുമ്പോള്‍ നടന്‍, നിര്‍മ്മാതാവ്, ഗായകന്‍ ഇനി സംവിധായകന്‍ എന്നീ നിലകളില്‍ സിനിമയില്‍ സ്വന്തം ഇരിപ്പിടം നേടി ആരാധകരുടെ രാജുവേട്ടനായി മാറിയ വളര്‍ച്ച. വ്യത്യസ്തവും യുക്തിപരവുമായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന പൃഥ്വിരാജില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത് വ്യത്യസ്തങ്ങളായ സിനിമയാണെന്ന് ഇതിനകം വ്യക്തമാണ്. കാരണം നിര്‍മ്മാതാവിന് ഉറപ്പ് നല്‍കാന്‍ പറ്റാത്ത പക്ഷേ നല്ല സിനിമകള്‍ക്ക് ഉറപ്പു നല്‍കുന്ന ആളായിരിക്കും താനെന്ന് പൃഥ്വിരാജ് നേരത്തേ പറഞ്ഞിട്ടുണ്ട്.

 

 

സിനിമാ ജീവിതത്തിന്റെ 15-ാം വാര്‍ഷിക ദിനത്തില്‍ ആ ഉറപ്പ് വീണ്ടും പുതുക്കിയിരിക്കുകയാണ് താരം. 'എന്റെ ആദ്യ ചിത്രം തീയറ്ററില്‍ എത്തിയിട്ട് 15 വര്‍ഷമായി. ഉദ്വേഗജനകമായിരുന്നു ആ യാത്ര എന്നു പറഞ്ഞാല്‍ പോലും തീരെ കുറഞ്ഞു പോകും. കടന്നു പോയ 15 വര്‍ഷങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സു നിറഞ്ഞ നന്ദിയാണ് തോന്നുന്നത്. എടുത്തു പറയാന്‍ ഒരുപാട് പേരുകളുണ്ട്. അതിനാല്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. സര്‍വ്വോപരി പ്രേക്ഷകരാണ് വിലമതിക്കാനാവാത്ത സമ്മാനങ്ങളൊക്കെയും എനിക്ക് തന്നത്. വിജയത്തോടുള്ള ഭയമില്ലായ്മയാണത്, വിജയം എന്നു തന്നെയാണ് പറയുന്നത്, പരാജയം എന്നല്ല. ഞാനിതെപ്പോഴും പറയാറുണ്ട്. പരാജയമാണ് നിങ്ങളെ കഠിനാധ്വാനിയാക്കുന്നത്. പുതിയ പരീക്ഷണങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. പക്ഷേ വിജയം അങ്ങനെയല്ല. അതൊരു കെണിയാണ്. നിങ്ങളെ ഭയപ്പെടുത്തുന്ന ഒന്ന്. ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെ ചെയ്താല്‍ മതിയെന്നാണ് വിജയം പറയുന്നത്. ആഘോഷങ്ങളിലേയ്ക്ക് മാത്രം നിങ്ങളുടെ കണ്ണ് തുറപ്പിക്കും. നഷ്ടപ്പെടാന്‍ ഏറെയുണ്ടെന്ന് പറയും. പക്ഷേ എന്റെ മുന്നിലുള്ളത് നിങ്ങളാണ്. എന്നില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലുമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഓരോ സിനിമ ഇറങ്ങുമ്പോഴും എനിക്ക് മനസ്സിലാവുന്നു. അതെല്ലാം വിജയത്തിലേക്കെത്താന്‍ എന്നെ പ്രേരിപ്പിക്കുന്നു. പക്ഷേ അതൊന്നും എന്നെ ഭയപ്പെടുത്തുന്നില്ല. അതിനാല്‍ ഇത്രനാളും വഴികാട്ടിയ സുഹൃത്തുക്കളോടും അധ്യാപകരോടും അഭ്യുദയകാംഷികളോടും, കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നു. വരുന്ന 15 വര്‍ഷം ഇതിലും നന്നായി പരിശ്രമിക്കുമെന്ന് ഉറപ്പു നല്‍കുന്നു.