Thursday 21 June 2018

പൃഥ്വിരാജിനെ വിലക്കിയതിനാല്‍ നടക്കാതെ പോയ സിനിമയെ കുറിച്ച് : പ്രിയനന്ദനന്‍

By BINDU PP.15 Jul, 2017

imran-azhar

 

 

 

സിനിമ മേഖലയിലെ വിലക്കിനെക്കുറിച്ച് പരക്കെ ചർച്ചകൾ നടക്കുന്നുണ്ട്. പൃഥ്വിരാജിനെ വിലക്കിയതിനാല്‍ നടക്കാതെ പോയ സിനിമയെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍ പ്രിയനന്ദനന്‍. ഫേസ്ബുക്കിലൂടെയാണ് പ്രിയനന്ദനന്‍ ഇക്കാര്യം പറഞ്ഞത്.

 

പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ്

 

അത് മന്ദാരപ്പൂവല്ല,


നടിക്കെതിരെയുള്ള ആക്രമണവും കച്ചവട സിനിമാക്കാരുടെ തമ്മിൽ തല്ലും അമ്മയുടെ പുറത്താക്കലും കാണുമ്പോ ഓർമിപ്പിക്കുന്ന ചിലത് എഴുതണം എന്ന് തോന്നുന്നു.
നെയ്ത്തുകാരൻ കഴിഞ്ഞ് രണ്ടാമത്തെ സിനിമ ആലോചിച്ചത്, എം ടിയുടെ ഒരു കഥയും അതിലെ ജീവിച്ചിരിക്കുന്ന കഥാപാത്രവും തമ്മിലുള്ള സംഘർഷങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. - അത് മന്ദാരപ്പൂവല്ല. പൃഥ്വിരാജ് നായകനും, കാവ്യാ മാധവൻ നായികയും.


ചിത്രീകരണം തുടങ്ങി അഞ്ച് ദിവസത്തിന് ശേഷം മുടങ്ങി പോയതാണ് ആ സിനിമ. മലയാള സിനിമയിലെ ഒരു പാട് നല്ല നടീനടന്മാരുടെയും സാന്നിദ്ധ്യവും ആ സിനിമയ്ക്ക് അത്യാവശ്യമായിരുന്നു. കാരണം പരമ്പരാഗത സിനിമാ രീതികളിൽ നിന്നും വ്യത്യസ്ഥമായി, ഫിക്ഷന്റേയും ഡോക്യുമെന്ററിയുടേയും സാധ്യതകൾ ഒരുമിച്ച് ചേർത്തായിരുന്നു അത് മന്ദാരപ്പൂവല്ല രൂപകൽപന ചെയ്തത്. ഈ രീതി ജനങ്ങളിലേക്കെത്തണമെങ്കിൽ ജനമനസ്സിൽ സ്ഥാനമുള്ള നല്ല അഭിനേതാക്കൾ ആവശ്യമായിരുന്നു.


ഇക്കാലത്താണ് പൃഥ്വിരാജിന് എതിരെ നടീനടൻമാരുടെ സംഘടന വിലക്കേർപ്പെടുത്തുന്നത്. അത് മന്ദാരപ്പൂവല്ല എന്ന ചിത്രത്തിൽ അഭിനയിക്കാമെന്നേറ്റിരുന്ന പ്രഗത്ഭരായ നടിനടന്മാരും അതുവരെ സിനിമയുമായി സഹകരിച്ചിരുന്ന സാഹിത്യ സാംസ്കാരിക പ്രവർത്തകരും എന്തുകൊണ്ടാണ് പൊടുന്നനെ ഈ സിനിമയുമായി സഹകരിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് ഒന്നൊഴിയാതെ എത്തിയത് എന്ന് പെട്ടന്ന് മനസ്സിലാക്കാനായില്ല.
അഭിനയം ജീവനോപാധിയായി സ്വീകരിച്ച നടീനടന്മാർ താരമൂല്യത്തിന്റെ കച്ചവട യുക്തികൾക്ക് വഴങ്ങുന്നത് അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോവാനായിരിക്കണം. പൃഥ്വിരാജിനൊപ്പം വ്യവസായ സിനിമയിലേ നടീനടന്മാർ അഭിനയിച്ചാൽ പിന്നീടവർ മലയാള സിനിമയിൽ ഉണ്ടാകില്ല എന്ന അലിഖിത തിട്ടൂരത്തെ ഭയപ്പെട്ട് തന്നെയായിരിക്കും.
എന്നാൽ സാമൂഹ്യ പരിഷ്കരണത്തിന് മുന്നിട്ടിറങ്ങിയ ബുദ്ധിജീവികളും, ബുദ്ധിജീവികളായ നടീനടന്മാരും എന്തുകൊണ്ടായിരിക്കാം പിന്മാറിയത് എന്ന് സമയമെടുത്ത് മനസ്സിലാക്കുന്നതോടൊപ്പം മനസ്സിലാക്കിയ മറ്റൊന്ന്, ഇത് കലയേയും കച്ചവടത്തേയും വേർതിരിക്കുന്ന കരിങ്കൽ മതിലാണ് എന്നു തന്നെയാണ്. മൂലധന യുക്തികളും അല്പം കൂടി സുരക്ഷിതത്വം വേണം എന്ന മദ്ധ്യവർഗ ബോധവും ഈ കരിങ്കൽ മതിലിലെ ഓരോ കല്ലുകളാണെന്ന സമകാലിക ചരിത്രത്തിന് നടി ആക്രമിക്കപ്പെട്ടതിനേക്കാളും നടൻ അറസ്റ്റ് ചെയ്യപ്പെട്ടതിനേക്കാളും ഒരുപാട് പഴക്കമുണ്ട്. അന്നും സിനിമാ വ്യവസായത്തെ നയിച്ചത് ഇവരൊക്കെത്തന്നെ.