Monday 13 July 2020




സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒരു സിനിമയ്ക്ക് കോടികൾ പ്രതിഫലം; നിർമാണ ചെലവ് പകുതിയായി കുറയ്ക്കണമെന്ന് നിർമാതാക്കൾ

By Sooraj Surendran.05 Jun, 2020

imran-azhar

 

 

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം സിനിമ മേഖല കടുത്ത പ്രതിസന്ധിയിലാണ്. മലയാള സിനിമയെ പഴയ രീതിയിൽ തിരിച്ചുകൊണ്ടുവരണമെങ്കിൽ സൂപ്പർ സ്റ്റാറുകൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടു. ഒരു സിനിമയ്ക്ക് സൂപ്പർ താരങ്ങൾ വാങ്ങുന്ന പ്രതിഫലം ലക്ഷങ്ങളാണെന്നും, ഇത്തരം നിർമാണ ചെലവുകൾ പകുതിയായി കുറച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുവെന്നും പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം രജ്ഞിത്ത് പറഞ്ഞു. അസോസിയേഷന്റെ തീരുമാനത്തിന് മോഹൻലാലും, മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരങ്ങൾ പൂർണ പിന്തുണ അറിയിച്ചതായും രഞ്ജിത്ത് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ അമ്മ, ഫെഫ്ക എന്നീ സംഘടനകളുമായി ചർച്ച നടത്തുമെന്നും രജ്ഞിത്ത് പറഞ്ഞു. ഇൻഡോർ ഷൂട്ടിങ്ങിന് സർക്കാർ അനുമതി നൽകിയെങ്കിലും, ഇൻഡോർ, ഔട്ട്ഡോർ ഷൂട്ടിങ്ങുകൾ ഒന്നിച്ച് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സിനിമകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്നതിൽ എതിർപ്പില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.