Monday 06 December 2021




ചരിത്രം, ബഹിരാകാശത്ത് ആദ്യ സിനിമ ചിത്രീകരണം; റഷ്യൻ സംഘം തിരിച്ചെത്തി

By സൂരജ് സുരേന്ദ്രന്‍.17 Oct, 2021

imran-azhar

 

 

അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ് സിനിമ മേഖല. സിനിമയിൽ പുതുമയും വ്യത്യസ്തതയും കൊണ്ടുവരാൻ കടുത്ത മത്സരമാണ് നടക്കുന്നത്. ആ മത്സരം ഇന്ന് ബഹിരാകാശം വരെ ചെന്നുനിൽക്കുന്നു.

 

സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പോയ റഷ്യന്‍ സംഘം വിജയകരമായി തിരിച്ചെത്തി. ചലഞ്ച് എന്ന് പേരിട്ട സിനിമയുടെ ചിത്രീകരണത്തിനായി റഷ്യന്‍ നടി യൂലിയ പെരെസില്‍ഡും നിര്‍മാതാവും സംവിധായകനുമായ ക്ലിം ഷിപെന്‍കോയുമാണ് ബഹിരാകാശ യാത്ര നടത്തിയത്. റഷ്യയുടെ സോയുസ് എംഎസ്-19 ബഹിരാകാശപേടകത്തിലാണ് സംഘം യാത്ര നടത്തിയത്.

 

ഇവർക്കൊപ്പം ബഹിരാകാശയാത്രികനും യാത്രാസംഘത്തിന്റെ കമാൻഡറുമായ ആന്റൺ ഷ്കാപെലെറോവും ഉണ്ടായിരുന്നു. ലോക ചരിത്രത്തിൽ ഇതാദ്യമായാണ് ബഹിരാകാശത്ത് ഒരു സിനിമയുടെ രംഗം ചിത്രീകരിക്കുന്നത്. ബഹിരാകാശ നിലയത്തിലെ 12 ദിവസത്തെ ദൗത്യത്തിനു ശേഷമാണ് മൂവർ സംഘം ഭൂമിയിൽ ലാൻഡ് ചെയ്തത്.

 

ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് കസാഖ്‌സ്താനിലാണ് ഇവർ ലാൻഡ് ചെയ്തത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോമോസിന്റെ മേധാവി ഡിമിത്രി റോഗോസിന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് ഈ സ്പേസ് ഷൂട്ടിങ് നടന്നതെന്ന് അണിയറക്കാർ പറയുന്നത്.

 

റോസ്കോമോസിനുള്ളിൽനിന്നും റഷ്യൻ മാധ്യമങ്ങളിൽനിന്നും വൻവിമർശനം ഇതിനെതിരെ ഉയർന്നിരുന്നു. ഈ വിമർശനങ്ങൾ തരണം ചെയ്ത വിജയകരമായി ഷൂട്ടിങ് പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ ചാരുതാർഥ്യത്തിലാണ് അണിയറപ്രവർത്തകർ. അതേസമയം സ്‌പേസ് എക്‌സ് സ്ഥാപകന്‍ എലണ്‍ മസ്‌കിനും നാസയ്ക്കും ഒപ്പംചേര്‍ന്ന് ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസ് ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.