Thursday 21 September 2017

ജീവിതം പണയപ്പെടുത്തി ഒരു പെൺകുട്ടി നടത്തുന്ന പരിശ്രമങ്ങൾ വിഫലമായി പോകാതിരിക്കുവാൻ പ്രബുദ്ധതയുള്ള സമൂഹം കരുതലോടെ പ്രവർത്തിക്കണമെന്ന് :എസ് ശാരദക്കുട്ടി

By BINDU PP.15 Jul, 2017

imran-azhar

 

 


പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ നടനീ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇങ്ങനെ ഉള്ള കാര്യങ്ങളെ ചൂണ്ടിക്കാട്ടി എഴുത്തുകാരി എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. നടനെ സാമൂഹ്യ മാധ്യമങ്ങള്‍ പിന്തുണയ്ക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചാണ് ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്.

 

ഫേസ്ബുക്ക് പോസ്റ്റ് കാണാം ......

 

അടിച്ചേല്പിക്കപ്പെടാത്തതും എന്നാൽ സ്വയമേ സംസ്കരിച്ചെടുത്തതും ആയ ഒരച്ചടക്കത്തിന്റെ ആവശ്യകത ഗുരുതരമായ സാമൂഹികപ്രശ്നങ്ങളെ നേരിടുമ്പോൾ ആവശ്യമാണ്.വികാരത്തിന്റെ കുതിരപ്പുറത്തു കയറി പാഞ്ഞു നടക്കുകയാണ് കുറ്റാരോപിതന്റെ അനുകൂലികൾ.പെട്ടെന്ന് പ്രതികൂലികൾ അപ്രത്യക്ഷമായതു പോലെ.എന്തോ വലിയ മാജിക് നടന്നുവോ.ചോദ്യം ചെയ്യലിൽ ഏറെക്കുറെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ട കാര്യങ്ങൾ പോലും അതി വൈകാരികതയാൽ ദുർബ്ബലപ്പെടുത്തുവാൻ കാര്യമായ ശ്രമം നടക്കുന്നു. ഇത് ശരിയായ നീതി നടപ്പാക്കുന്നതിന് തടസ്സമാകും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഇന്നലെ മുതൽ പണക്കൊഴുപ്പിന്റെയും ആൾബലത്തിന്റെയും ഭയപ്പെടുത്തുന്ന ആസൂത്രണങ്ങൾ വെളിപ്പെടുന്നു.സാമൂഹിക മാധ്യമങ്ങളുടെ ജാഗ്രത നഷ്ടപ്പെടുന്നത് അപകടമാണ്.ദൃശ്യമാധ്യമങ്ങൾ നിയന്ത്രണം വിട്ടു കുറ്റാരോപിതനെ പിന്തുടരുന്നതും വിപരീതഫലം ഉണ്ടാക്കുമോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഇടപെടലുകൾ തുടങ്ങുമ്പോൾ ഉണ്ടാകേണ്ടതിനെക്കാൾ കരുതൽ അത് തക്ക സമയത്തു അവസാനിപ്പിക്കുന്നതിലും സ്വയം നിയന്ത്രിക്കുന്നതിലും മാധ്യമങ്ങളും വ്യക്തികളും ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടമാകും സംഭവിക്കുക.അകത്തുള്ളതിനെക്കാൾ എത്രയോ പ്രബലരാണ് പുറത്ത്. ജീവിതം പണയപ്പെടുത്തി ഒരു പെൺകുട്ടി നടത്തുന്ന പരിശ്രമങ്ങൾ വിഫലമായി പോകാതിരിക്കുവാൻ പ്രബുദ്ധതയുള്ള സമൂഹം കരുതലോടെ പ്രവർത്തിക്കണം.അപേക്ഷയാണ്..
എസ്. ശാരദക്കുട്ടി