Sunday 24 March 2019


മോഹന്‍ലാലിനെപ്പോലൊരു വിസ്മയമാണ് ഫഹദ് ഫാസില്‍: സത്യന്‍ അന്തിക്കാട്

By Anju N P.23 Dec, 2018

imran-azhar


ഫഹദിനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീമിന്റെ ഞാന്‍ പ്രകാശന്‍ തീയ്യേറ്ററുകളില്‍ ഒന്നാം സ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ഫഹദിന്റെ അഭിനയം നേരത്തെ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. പലരും ഇതിനോടകം തന്നെ ഫഹദിന്റെ അഭിനയ മികവിനെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ സംവിധായകന്‍ സത്യനന്തിക്കാടും അത് ശരിവെക്കുന്നു.

 

'ഇന്ത്യന്‍ പ്രണയകഥയിലെ സിദ്ധാര്‍ഥന്‍, ഫഹദ് അത്രയും നാള്‍ ചെയ്യാത്ത കഥാപാത്രമായിരുന്നു. ഖദര്‍ ഷര്‍ട്ടും മുണ്ടും ഉടുത്ത ഫഹദ് മലയാളി പ്രേക്ഷകര്‍ക്ക് പുതുമയായിരുന്നു. പ്രകാശനെക്കുറിച്ച് ഞാന്‍ ഫഹദിനോട് പറഞ്ഞത് അയ്മനം സിദ്ധാര്‍ഥന്റെ ഒരു അകന്ന ബന്ധു എന്നാണ്. കാമറയുടെ പിന്നില്‍ പ്രത്യേകതകളൊന്നുമില്ലാത്ത സാധാരണപയ്യനാണ് ഫഹദ്. പക്ഷെ കാമറയുടെ മുന്നിലെത്തിക്കഴിയുമ്പോള്‍ നമ്മുടെ കണ്‍മുമ്പില്‍ ഒരു വിസ്മയമായി ഫഹദ് മാറും. വരവേല്‍പ്പിലെയും ടി.പി. ബാലഗോപാലനിലെയുമൊക്കെ മോഹന്‍ലാലിനെക്കുറിച്ച് പറയാറില്ലേ, അതുപോലെയൊരു വിസ്മയമാണ് ഫഹദും-സത്യന്‍ അന്തിക്കാട് പറയുന്നു.

 

ഞാന്‍ പ്രകാശന് തൊട്ടുമുമ്പ് ഇറങ്ങിയ വരത്തനില്‍ കാണുന്ന ഫഹദിനെ അല്ല ഇതില്‍ കാണുന്നത്. ഫഹദിന്റെ ജീവിതപശ്ചാത്തലം കൂടി കണക്കാക്കുമ്പോള്‍ പ്രകാശനാകാനായി ഫഹദ് ഒരുപാട് നീരീക്ഷിച്ചിട്ടുണ്ടെന്ന് മനസ്സിലാകും. എനിക്കും ശ്രീനിയ്ക്കുമൊക്കെ സദ്യയില്‍ ഇടിച്ചുതള്ളിപ്പോയിരുന്ന് കഴിച്ച ഒരുപാട് അനുഭവങ്ങളുണ്ട്. ഫഹദിന്റെ ജീവിതത്തില്‍ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നിട്ടും എന്ത് തന്മയത്വത്തോടെയാണ് ഫഹദ് അഭിനയിച്ചിരിക്കുന്നത്. ' സത്യന്‍ അന്തിക്കാട് പറയുന്നു.