Saturday 26 September 2020




കറുത്ത നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടതിനെ കുറിച്ച് സയനോര

By geethu nair.06 Aug, 2020

imran-azhar

ഗായികയും സംഗീത സംവിധായകയുമായി മാറിയ താരമാണ് സയനോര ഫിലിപ്പ്. കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നത്. 

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കറുത്തനിറം കാരണം തനിക്ക് നേരിടേണ്ടിവന്ന അവഗണനകളെ പറ്റി താരം തുറന്നു പറയുകയാണ്.

സയനോരയുടെ വാക്കുകള്‍

എനിക്ക് ഡാന്‍സ് ഭയങ്കര ഇഷ്ടമാണ്. പാട്ട് പാടുമെന്ന് ഉണ്ടെങ്കിലും എന്റെ ഇഷ്ടം ഡാന്‍സായിരുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് സ്‌കൂളിലെ ഡാന്‍സ് ടീമില്‍ എന്നെ സെലക്ട് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ പിറ്റേദിവസം റിഹേഴ്‌സലിന് വിളിച്ചപ്പോള്‍ എന്നെ വിളിച്ചില്ല. ഡാന്‍സ് സാര്‍ എന്നെയാണ് ആദ്യം തിരഞ്ഞെടുത്തത്. അപ്പോള്‍ ഞാന്‍ പോയി അത് പറഞ്ഞു. ഞാനിങ്ങനെ ഡാന്‍സില്‍ ഇന്നലെ സെലക്ട് ആയിരുന്നുവെന്ന് ഒരു സിസ്റ്ററോട് പറഞ്ഞപ്പോള്‍ സിസ്റ്റര്‍ പറഞ്ഞു, മോളെ ഒരു കാര്യമൊന്ന് ആലോചിച്ച് നോക്ക്.. മോളുടെ കളര്‍ നോക്കൂ, ബാക്കിയുള്ള കുട്ടികളുടെ കളര്‍ നോക്കൂ.. എത്ര വ്യത്യസമാണ്..! മോള്‍ എത്ര മേക്കപ്പ് ചെയ്താലും അവരെപോലെ ആകുമോ? അപ്പോള്‍ നമ്മുടെ സ്‌കൂളിലെ പോയിന്റ്‌സ് നഷ്ടമാകില്ലേ? മോള്‍ അങ്ങനെ നിര്‍ബന്ധം പിടിക്കാന്‍ പാടുണ്ടോ എന്നൊക്കെ ആ സിസ്റ്റര്‍ പറഞ്ഞു.
ഞാന്‍ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നെ, ആദ്യമായിട്ടാണ് ഞാന്‍ ഇത് കേള്‍ക്കുന്നത്. ഇത് വ്യത്യസം ഉണ്ടെന്നുള്ളത്. എനക്ക് സങ്കടം വന്നിട്ടുണ്ടല്ലോ എനക്ക് അത് വിശ്വസിക്കാന്‍ പറ്റുന്നില്ല.. അതും ഒരു അദ്ധ്യാപിക അത് പറഞ്ഞത്. ഞാന്‍ വീട്ടില്‍ പോയി ഭയങ്കര കരച്ചിലായിരുന്നു. എനക്ക് ഇനി ജീവിക്കണ്ട, എന്തിനാ എന്നെ ഇങ്ങനെ കറുത്തതായി പ്രസവിച്ചത് മമ്മി എന്നൊക്കെ പറഞ്ഞിട്ട് നല്ല കരച്ചില്‍..!
ആ സംഭവം ഇപ്പോഴും എന്നെ വേട്ടയാടിക്കൊണ്ടേ ഇരിക്കുന്നുണ്ട്. അതുപോലെ ഗര്‍ഭിണി ആയിരുന്നപ്പോഴും എന്റെ ടെന്‍ഷന്‍ എന്റെ കുട്ടി കറുത്തിട്ടായിരിക്കുമോ എന്നായിരുന്നു. ഞാന്‍ അനുഭവിച്ചതെല്ലാം എന്റെ മോളും അനുഭവിക്കുമല്ലോയെന്ന് ഓര്‍ത്തിട്ടായിരുന്നു അത്..