Saturday 23 February 2019


മോഹൻലാലിനെ പുറന്തള്ളുമ്പോൾ 'അന്നയും റസൂലും ,ഈ മ യൗ , മായാനദി ,ഈട'യും ഉണ്ടാകുന്നു ! : വ്യത്യസ്ത പിറന്നാൾ ആശംസകളുമായി ഷഹബാസ് അമൻ

By Bindu PP .21 May, 2018

imran-azhar

 

 

 

ഇന്ന് നടന വിസ്മയത്തിന്റെ പിറന്നാൾ. സിനിമാലോകം മുഴുവൻ ആശംസകൾ അറിയിച്ചു.സാമൂഹ്യമാധ്യമങ്ങളിൽ പിറന്നാൾ ആശംസകൾ നിറഞ്ഞുനിന്നു. എന്നാൽ വ്യത്യസ്തമായി ആശംസകളുമായി ഗായകൻ ഷഹബാസ് അമൻ രംഗത്ത് വന്നിരിക്കുന്നത്. മോഹന്‍ലാല്‍ ഇല്ലായിരുന്നെങ്കില്‍ മലയാള സിനിമ എന്നോ പിരിച്ചുവിടേണ്ടിവരുമായിരുന്നു. ഒന്നുകില്‍ മോഹന്‍ലാലിനെ ഉള്‍ക്കൊള്ളാനോ അല്ലെങ്കില്‍ പുറന്തള്ളാനോ ആണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തന്റെ ഫേസ്ബുക്കിലാണ് ഗായകൻ ഇതിനെക്കുറിച്ച് കുറിച്ചത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ...

മോഹൻലാൽ മുതൽക്ക് ,മോഹൻലാൽ ഇല്ലായിരുന്നെങ്കിൽ മലയാള സിനിമ എന്നോ പിരിച്ചുവിടേണ്ടി വരുമായിരുന്നു! ഇപ്പോഴും അത്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌ ഒന്നുകിൽ മോഹൻലാലിനെ ഉൾക്കൊള്ളുവാനോ അല്ലെങ്കിൽ പുറന്തള്ളുവാനോ ആണു! രണ്ടാമത്തെ ശ്രമത്തിൽ സംവിധായകർ വിജയിക്കുമ്പോൾ അന്നയും റസൂലും ,ഈ മ , മായാനദി ,ഈട പോലെയുള്ള സിനിമകൾ ഉണ്ടാകുന്നു! പക്ഷെ,വാസ്തവത്തിൽ 'ഒരു മോഹൻലാൽ സിനിമ' അല്ല,എന്നതു മാത്രമാണു പുതിയ തലമുറ എടുത്തുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ അവരുടെ സിനിമകൾ മുഴുവൻ ! അതേ അവർ തെളിയിക്കുന്നുള്ളു!അതിനു മുകളിലേക്ക്‌ അത്‌ ഇനിയും വളരാനുണ്ട്‌ ശരിക്ക്‌! എന്നാൽ ആദ്യം പറഞ്ഞ കാറ്റഗറിക്കാരുണ്ടല്ലോ.മോഹൻലാലിനെ ഉൾക്കൊള്ളാൻ നോക്കുന്നവർ! അവർക്ക്‌ ഒരു ആവേശത്തിന്റെ അപ്പുറത്ത്‌ അതിനു ശരിക്കു കഴിയാതാകുമ്പോൾ മലയാളത്തിൽ പൊട്ട പടങ്ങൾ ഉണ്ടാകുന്നു! എന്നാൽ മോഹൻലാലിനെ ഒരു കൃത്യ അളവിൽ ആരുപയോഗിക്കുമ്പോളും ഒരു ഊർജ്ജപ്രസരണം സംഭവിക്കുന്നുണ്ട്‌‌ സ്ക്രീനിൽ !മിശ്ര കൊമേഴ്യൽ ആയാലും ശരി മിശ്ര ആർട്ട്‌ മൂവി ആയാലും ശരി അതിൽ മാറ്റമൊന്നുമില്ല! ഈ പ്രസരണം തിയറ്റർ വിട്ട്‌ പുറത്തേക്കു കൂടി വ്യാപിക്കുമ്പോൾ ഒരു ആക്ടർ താരമായി മാറുന്നു! മോഹൻലാലിൽ അടങ്ങിയിരിക്കുന്ന ഈ നിർണയത്വ /വെല്ലുവിളീ ഘടകം ആണു ഇപ്പോഴും താരരാജാവായി വാഴാൻ അയാളെ പ്രാപ്തനാക്കുന്നത്‌ എന്ന് തോന്നുന്നു! മമ്മുട്ടിയുടെ ഏറ്റവും വലിയ സവിശേഷത സ്വയം ഒരുകാലത്തും ഈ നിർണ്ണയ ഘടകം അല്ലാഞ്ഞിട്ടും ഈ നിമിഷം വരെ കേരളത്തിനു അദ്ദേഹം നിർണ്ണായകമാണു എന്നതാണു! അത്‌ അയാളെ സ്പെഷൽ ആക്കുന്നു! അത്‌ വേറൊരു പഠന വിഷയം! മമ്മുട്ടി ഇല്ലാത്ത ഒരു ചിത്രവും ഒരു മമ്മുട്ടി ചിത്രമേയല്ല ! എന്നാൽ മോഹൻലാൽ ഇല്ലാത്തവ പോലും മലയാളത്തിൽ മോഹൻലാൽ ചിത്രങ്ങളാണു! അത്‌ കൊണ്ട്‌ കമ്പ്ലീറ്റ്‌ ആക്ടർ എന്നതിനേക്കാളും ഒരു സമ്പൂർണ്ണ വെല്ലുവിളി എന്നതാണു മോഹൻലാലിന്റെ വലിപ്പം! "ഏയ്‌ അങ്ങനെയൊന്നുമില്ല" എന്ന നിലക്ക്‌ തോൾ ചെരിച്ചും കൈ കുടഞ്ഞും കണ്ണിറുക്കിച്ചിരിച്ചും അയാൾ ആ വെല്ലുവിളി തുടർന്ന് കൊണ്ടേയിരിക്കുന്നു! വ്യക്തിപരമായ അടുത്ത്‌ നിരീക്ഷണം വെച്ച്‌ പറയുകയാണെങ്കിൽ ലാലേട്ടനു (മോഹൻലാൽ) തന്നെ അത്‌ സ്വയം അറിയാം എന്ന് തോന്നുന്നു! മലയാള സിനിമയെ നിർണ്ണയിക്കുന്ന ആ മനശാസ്ത്രഘടകം താൻ ആണെന്ന്! ഒരു പക്ഷേ, തന്നെ, ഒരു നിലയിലും മൈന്റ്‌ ചെയ്യാത്ത ഒരു സിനിമാ ഭാവുകത്വം മലയാളത്തിൽ ഇനി പുതിയതായി വന്നിട്ട്‌ വേണം എന്ന്!

അതൊരു നിസ്സാര നിർത്തമല്ല! നമ്മളെ വിരൽ ഫ്രെയിമുകൾക്കുള്ളിലൂടെ അളന്നുകൊണ്ടുള്ള ആ നിർത്തം!

കുട്ടികൾ വരട്ടെ,കഴിയുമെങ്കിൽ പൊളിച്ച്‌ മാറ്റട്ടെ എന്ന ആ നിർത്തം .

പുതിയ സംവിധാനക്കുട്ടികൾ ഏറ്റെടുക്കുമായിരിക്കും ആ വെല്ലുവിളി! അല്ലേ? അറിയില്ല.പക്ഷേ ഏറ്റെടുത്തേ പറ്റൂ..

എല്ലാവരോടും സ്നേഹം..

മോഹൻലാൽ❤️