Tuesday 18 December 2018


പൊന്നമ്മച്ചീ.. ലളിതമായി പറയുന്നു.!മരിച്ചവരെ വിട്ടേക്കൂ..!ജാഗ്രതൈ ; ഷമ്മി തിലകന്‍

By BINDU PP .11 Oct, 2018

imran-azhar




കെ.പി.എ.സി ലളിതയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. കഴിഞ്ഞ ദിവസം തിലകനെതിരെ കെ.പി.എ.സി ലളിത നടത്തിയ വിമർശനത്തിന് പരോക്ഷമായി വിമർശിച്ചാണ് ഷമ്മി തിലകന്‍ രംഗത്ത് വന്നിരിക്കുന്നത്. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ തിലകന്‍ തന്റെ ഭര്‍ത്താവ് ഭരതനെക്കുറിച്ച് മോശമായി പറഞ്ഞുവെന്നും അതിന്റെ പേരില്‍ തിലകനുമായി വര്‍ഷങ്ങളോളം മിണ്ടിയിരുന്നില്ലെന്നും കെ.പി.എസി.ലളിത പറഞ്ഞിരുന്നു. ഇതാണ് ഷമ്മി തിലകനെ ചൊടിപ്പിച്ചത്. ഫെയ്‌സ്ബുക്കിലൂടെയാണ് ഷമ്മി തിലകന്‍ കെ.പി.എ.സി ലളിതയെ പേരെടുത്ത്‌ പറയാതെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.ഇതിനെതിരെയാണ് ഷമ്മി തിലകന്‍ ഫേസ്ബുക്കിലൂടെ വിമര്‍ശനവുമായെത്തിയത്.


ഫേസ്ബുക്ക് പോസ്റ്റ്....

 

പൊന്നമ്മച്ചീ.. ലളിതമായി പറയുന്നു.!മരിച്ചവരെ വിട്ടേക്കൂ..! സ്വന്തം കണ്ണില്‍ കിടക്കുന്ന കോല്‍ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേ...? ഇല്ലെങ്കില്‍ ആ കോല്‍ നിങ്ങള്‍ക്ക് നേരെ തന്നെ പത്തി വിടര്‍ത്തും. ജാഗ്രതൈ. പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നു.


കെപിഎസി ലളിത പറഞ്ഞത്.....

 

കുറേ വര്‍ഷം ഞാനും തിലകന്‍ ചേട്ടനും തമ്മില്‍ മിണ്ടിയിട്ടില്ല. ഒരു വാക്ക് പോലും മിണ്ടാതെ ഒരുപാട് നാളിരുന്നു. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെ പറ്റി മോശമായി പറഞ്ഞു. ഭരതേട്ടന്‍ ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന്‍ ചേട്ടന്‍ ആരോപിച്ചത്.എന്റെ പുറകേ നടന്ന് വഴക്കുണ്ടാകുന്നത് തിലകന്‍ ചേട്ടന് രസമായിരുന്നു. ഒരു ദിവസം എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തെക്കൊയോ പറഞ്ഞു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അടിയില്‍ കലാശിക്കുമായിരുന്നു. ഒരു തീപ്പെട്ടി കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകന്‍ ചേട്ടന്‍ പറഞ്ഞു ഇത് രണ്ടും ഒന്നിക്കുന്ന കാലത്തെ നിന്നോട് ഇനി മിണ്ടൂ എന്ന്. നിങ്ങളെ കുഴിയില്‍ കൊണ്ട് വച്ചാല്‍ പോലും മിണ്ടാന്‍ വരില്ലെന്ന് ഞാനും പറഞ്ഞു.സ്ഫടികത്തില്‍ അഭിനയിക്കുമ്പോൾ മിണ്ടില്ലായിരുന്നു. കോമ്പിനേഷൻ സീനില്‍ അഭിനയിക്കുമ്പോൾ എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ അത് സംവിധായകന്‍ ഭദ്രനോട് പറയുമായിരുന്നു. ഭദ്രാ അവരോട് പറയൂ അത് ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന്. അനിയത്തി പ്രാവിന്റെ സമയത്ത് ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം മാറ്റിയത്. കെ.പി.എ.സി ലളിത പറയുന്നു.പരിപാടിക്കിടയിലും നാടകവുമായി ബന്ധപ്പെട്ടുള്ള യാത്രകളിലുമൊക്കെയായി അദ്ദേഹം ഒരുപാട് പണി ഒപ്പിച്ചിട്ടുണ്ടെന്ന് അവര്‍ പറയുന്നു. എല്ലാം സ്‌നേഹത്തോടെയുള്ള ഉപദ്രവമായിരുന്നുവെന്നും കെപിഎസി ലളിത പറഞ്ഞു.