By Anju N P.28 Mar, 2018
തന്റെ ആരാധകര്‍ക്ക് വേണ്ടി സ്വന്തം ജീവിതം സ്ക്രീനില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സണ്ണി ലിയോണ്‍. കരണ്‍ജീത് കൗര്‍ എന്ന് പേരിട്ടിരിക്കുന്ന വെബ്ബ് സീരിസിലാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന സണ്ണിയുടെ ജീവിതയാത്ര വിഷയമാക്കുന്നത്. അമേരിക്കന്‍ പോണ് സിനിമാ രംഗത്തു നിന്നും ബോളിവുഡിലേക്കുള്ള സണ്ണിയുടെ യാത്രയാണ് സീരിസിലുള്ളത്.
സണ്ണി തന്നെയാണ് തന്റെ സ്വന്തം ജീവിതം അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുണ്ട് ഇതിന്. പരമ്പരയിലൂടെ തന്റെ ജീവിതത്തിലെ പല അനുഭവങ്ങളും വീണ്ടും അഭിനയിച്ചപ്പോള്‍ താരം അനുഭവിച്ച ആ അവസ്ഥ താരം തന്നെ തുറന്ന് പറയുന്നു. സീരിസിനായി അതിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചപ്പോള്‍ എളുപ്പമുള്ള കാര്യമായിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്നും താരം പറയുന്നു.
ചിത്രീകരണം ആരംഭിച്ചതോടെ താന്‍ വികാരഭരിതയായെന്നും ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന പലതും വീണ്ടും അവതരിപ്പിക്കുമ്പോള്‍ ആ അനുഭവങ്ങളിലൂടെ ഒരിക്കല്‍ കൂടി കടന്നു പോകേണ്ടി വരുമെന്നും സണ്ണി പറയുന്നു. അത്തരത്തിലൊരു രംഗത്തില്‍ അറിയാതെ പൊട്ടിക്കരഞ്ഞു പോയെന്നും താരം പറഞ്ഞു.
അത്തരത്തിലൊരു രംഗമായിരുന്നു സിനിമയില്‍ തന്റെ മുന്നില്‍ നിന്ന് കൊണ്ട് അച്ഛന് പൊട്ടിക്കരയുന്ന രംഗമെന്ന് താരം പറയുന്നു. ആ രംഗം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ തന്റെ നിയന്ത്രണം നഷ്ടമായെന്നും പൊട്ടിക്കരഞ്ഞു പോയ തന്നെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറാണ് സമാധാനിപ്പിച്ചതെന്നും സണ്ണി പറയുന്നു. തന്റെ മാതാപിതാക്കള്‍ മരിച്ചു പോയതാണ്. അതുകൊണ്ട് വളരെയധികം വേദനയോടെയാണ് ആ രംഗം ചിത്രീകരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.