By online desk.02 Dec, 2019
ജാതകം, മുഖചിത്രം, ഉത്സവമേളം എന്നീ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സുരേഷ് ഉണ്ണിത്താന് തന്റെ പുതിയ ചിത്രവുമായി എത്തുന്നു. ക്ഷണം എന്നാണ് ചിത്രത്തിന് പേര് നല്കിയിരി്ക്കുന്നത്. ആദ്യന്തം പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തികൊണ്ടുള്ള ദൃശ്യാവിഷ്കരണമാണ് ഹൊറര്‍ ജോണറില്‍ ഒരുക്കുന്ന ക്ഷണത്തിനു നല്‍കിയിരിക്കുന്നത്. ഹോളിവുഡ് ചലച്ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള ഛായാഗ്രഹണവും വിഎഫ്എക്സും സൗണ്ട് ഡിസൈനിങ്ങുമാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദര്‍ ആദ്യമായി ഒരു ഹൊറര്‍ ചിത്രത്തിനു പശ്ചാത്തലസംഗീതം ഒരുക്കുന്നുവെന്ന പ്രതേകതയും ചിത്രത്തിനുണ്ട്. ഗാനങ്ങള്‍ റഫീഖ് അഹമ്മദ്, ഹരി നാരായണന്. ബിജിബാല്‍, വിഷ്ണു മോഹന്‍ സിത്താര എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എഡിറ്റിംഗ് സോബിന്‍ എസ്. ജെമിന് ജോം അയ്യനാണ് ഛായാഗ്രഹണം. സ്ക്രിപ്റ്റ് ശ്രീകുമാര്‍ അരൂക്കുറ്റി. ജനുവരിയില്‍ തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ എറണാകുളം ലാല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്.
റോഷന് പിക്ചേഴ്സിന്റെ ബാനറില്‍ റെജി തമ്പിയും ദഷാന്‍ മൂവി ഫാക്ടറിയുടെ ബാനറില്‍ സുരേഷ് ഉണ്ണിത്താനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുരേഷ് ഉണ്ണിത്താന് സംവിധാനം ചെയ്തിട്ടുള്ള മറ്റ് ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും ക്ഷണം. തമിഴ് നടന് ഭരത്ത്, ലാല്‍, അജ്മല്‍ അമീര്‍ ( മാടമ്പി ഫെയിം ), ബൈജു സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. പുതുമുഖമായ സ്നേഹ അജിത് ആണ് നായികയായെത്തുന്നത്. ചിത്രത്തില്‍ അഥിതി വേഷത്തില്‍ സംവിധയകന് ലാല്‍ജോസും എത്തുന്നുണ്ട്.
ഒരു ചലച്ചിത്രത്തിന്റെ ലൊക്കേഷന്‍ തേടി ഒരു ഹില്‍ സ്റ്റേഷനില്‍ എത്തുന്ന ഫിലിം സ്കൂള്‍ വിദ്യാര്‍ഥികള്‍, തികച്ചും യാദൃച്ഛികമായി അസാധാരണ സിദ്ധികളുള്ള, പാരാ സൈക്കോളജിയില്‍ പണ്ഡിതനായ ഒരു പ്രൊഫസറെ കണ്ടു മുട്ടുന്നു, അയാളിലൂടെ പരേത ആത്മാക്കളുടെ ലോകത്തേക്ക് ആകൃഷ്ടരാകുന്നതും അവിടുന്നങ്ങോട്ടുള്ള യാത്രയുമാണ് 'ക്ഷണം'.