Friday 16 November 2018


പോറാളെ പൊന്നുത്തായേ... ആ വേറിട്ട ശബ്ദം നിലച്ചിട്ട് ഇന്നേക്ക് ഏഴ് വർഷം !

By BINDU PP.12 Sep, 2018

imran-azhar



 

വേറിട്ട ശബ്ദവും ...ആലാപന സൗന്ദര്യംകൊണ്ടും മലയാളി സിനിമ ആരാധകരുടെ ഇടയിൽ സജീവമായ ഗായികയായിരുന്നു സ്വ‍ർണ്ണലത. സംഗീത ലോകത്ത് നിന്ന് സ്വ‍ർണ്ണലത വിടവാങ്ങിയിട്ട് ഇന്നേക്ക് ഏഴു വ‍ർഷങ്ങൾ.തമിഴ്, മലയാളം, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി ഭാഷകളില്‍ അനേകം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള സ്വര്‍ണ്ണലത പാലക്കാട് സ്വദേശിനിയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് 2010 സെപ്റ്റംബർ 12 ന് തന്റെ 37 വയസിലാണ് സ്വർണ്ണലത അന്തരിക്കുന്നത്.

 

1994ൽ കറുത്തമ്മ എന്ന ചിത്രത്തിലെ പോറാളെ പൊന്നുത്തായേ.... എന്നു തുടങ്ങുന്ന ഗാനത്തിന് സ്വർണ്ണലതയ്ക്ക് മികച്ച ഗായികയ്ക്കുളള ദേശീയ അവാർഡു ലഭിച്ചു. 1991ലും 1994 ലും 2000ലും മികച്ച ഗായികയ്ക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരവും സ്വർണ്ണലതയെ തേടി എത്തിയിട്ടുണ്ട്. കൂടാതെ 1994ൽ തമിഴ്‌നാട് സർക്കാർ കലൈമാമണി പുരസ്‌കാരവും 1995 ൽ ആന്ധ്ര സർക്കാർ നന്തി പുരസ്‌കാരവും നൽകി സ്വർണ്ണലതയെ ആദരിച്ചിട്ടുണ്ട്.

 

 


ആയിരം ചിറകുള്ള മോഹം എന്ന ചിത്രത്തിലൂടെ കണ്ണൂർ രാജനാണ് സ്വർണ്ണലതയെ മലയാളത്തിലെത്തിച്ചത്. തുടർന്ന് എസ്.പി. വെങ്കടേഷിന്റെ 'ഒരു തരി കസ്തൂരി (ഹൈവേ), മഞ്ഞിൽ പൂത്ത സന്ധ്യേ (മിന്നാമിനുങ്ങിനും മിന്നുകെട്ട്), നീയൊന്നു പാട് (തച്ചോളി വർഗ്ഗീസ് ചേകവർ), മാണിക്യ കല്ലാൽ' (വർണ്ണപ്പകിട്ട്), നന്ദലാല (ഇൻഡിപ്പെൻഡൻസ്), അവ്വാ അവ്വാ' (സത്യം ശിവം സുന്ദരം), കടമിഴിയിൽ കമലദളം'(തെങ്കാശിപ്പട്ടണം) തുടങ്ങി നിരവധി ഗാനങ്ങൾ മലയാള സിനിമയ്ക്ക് വേണ്ടി സ്വർണ്ണലത ആലപിച്ചിട്ടുണ്ട്.മലയാളിയായിരുന്നെങ്കിലും മലയാളസിനിമാ ഗാനരംഗത്ത് അധികം പാട്ടുകൾ സ്വർണ്ണലതയുടേതായി ഉണ്ടാവുന്നതിനു മുൻപേ തന്നെ ഈ ലോകത്തിൽ നിന്ന് യാത്രയാവുകയായിരുന്നു. മലയാളത്തിൽ 'മോഹം' എന്ന ആൽബത്തിലാണ് ഏറ്റവും ഒടുവിൽ പാടിയത്.