Friday 22 June 2018

ചിരിയുടെ വെടിക്കെട്ട് തീർത്ത് 'തൃശ്ശിവപേരൂര്‍ ക്ലിപ്തം'

By BINDU PP.12 Aug, 2017

imran-azhar 

'തൃശിവപേരൂർ ക്ലിപ്തം' രണ്ടേകാൽ മണിക്കൂർ തിയേറ്ററിൽ ഇരുന്ന് ചിരിക്കാം ചിന്തിക്കാം എന്ന് തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ഒരു ചിരിപുരം തീർക്കാൻ തൃശിവപേരൂർ ക്ലിപ്തം ടീമിന് മുഴുവനായി സാധിച്ചു എന്നത് സിനിമയുടെ വിജയമായി കണക്കാക്കാം.സഹ സംവിധായകനിൽ നിന്ന് സംവിധായകനിലേക്ക് വന്ന രതീഷ് കുമാറിന് സിനിമയെ ബോറടിപ്പിക്കാതെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് മറ്റൊരു വിജയമായി കാണാം.

 

 

 

ആസിഫ് അലിയുടെ നായകപരിവേഷങ്ങളൊന്നുമില്ലാത്ത ഒരു സാധാരണക്കാരനായ നായകനാണ് 'ഗിരിജ വല്ലഭൻ'.അടുത്തിറങ്ങിയ ആസിഫ് അലിയുടെ കഥാപാത്രങ്ങളെ പോലെ പ്രേക്ഷകരെ ഒട്ടും നിരാശപെടുത്തിയിട്ടില്ല. സിനിമയുടെ ആദ്യപകുതിയിൽ കൊട്ടിഘോഷിക്കപ്പെട്ട ഇൻട്രോ ഭാഗങ്ങൾ തിയേറ്ററിൽ കൈയടി നിറഞ്ഞിരുന്നു. ചെമ്പൻ വിനോദ് അവതരിപ്പിച്ച 'കോട്ടപ്പുറം ഡേവി 'യുടെ പിൻബെഞ്ച് ടീം സിനിമയിൽ സ്കോർ ചെയ്‌തു. എതിരാളികളായി എത്തുന്ന മുൻബെഞ്ച് ടീമിൽ ജോയ് ചെമ്പടനായി അവതരിപ്പിക്കുന്നത് ബാബുരാജ് ഒട്ടു പുറകിൽ അല്ല. നല്ല രീതിയിൽ ഇരുടീമും സ്കോർ ചെയ്ത പ്രേക്ഷക ഇഷ്ടം പിടിച്ചുപറ്റി.സ്‌കൂള്‍ ജീവിതത്തിലെ നഷ്ടപ്രണയവും നൊസ്റ്റാള്‍ജിയയുമൊക്കെയാണ് ഇരുകൂട്ടരുടെയും ജീവിതത്തെ വാര്‍ത്തെടുത്തിരിക്കുന്നത് ഗിരിജ വല്ലഭന്റെ മാനറിസങ്ങൾ ആസിഫ് അലിക്ക് അതേപടി പകർത്താൻ സാധിച്ചിട്ടുണ്ട്. ആസിഫ് അലിയുടെ മികച്ച ചിത്രങ്ങളിലൊന്നാവാൻ ഇതിന് കഴിഞ്ഞു . തുടക്കം മുതൽ ഒടുക്കം വരെ ഗിരി എന്ന നായകവേഷം ഉഷാറാക്കാൻ ആസിഫ് അലിക്ക് കഴിഞ്ഞിട്ടുണ്ട്.

 

 

 


ഇടിവെട്ട് ടീമിന്റെ കൂടെ നായികയായി ചുണക്കുട്ടീ ഭാഗീരഥി( അപർണ ബാലമുരളി) ചേർന്നപ്പോൾ ഇത് ഒരു തൃശ്ശൂർ പൂരമായി മാറുകയായിരുന്നു. നല്ല ധൈര്യവും തന്റേടവും ഉള്ള അസൽ തൃശ്ശൂക്കാരിയായി അപർണ എല്ലാ സിനിമകളിലെ പോലെ കെങ്കേമമാക്കി. തിയേറ്ററിൽ ഭഗീരഥിക്ക് അനുകൂല കൈയടികൾ നിറഞ്ഞു നിന്നിരുന്നു. സിനിമയെ ബോറടിപ്പിക്കാതെ നിരവധി കഥാപത്രങ്ങൾ സ്‌ക്രീനിൽ മിന്നിമറഞ്ഞിരുന്നു.

 

 


പണവും പെണ്ണുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. വിവാഹം കഴിക്കാനായി പെണ്ണു തേടി നടക്കുന്നവർ, പെണ്ണ് കെട്ടിയിട്ട് കൂടെ താമസിക്കാൻ കഴിയാത്തവർ, പ്രണയ നഷ്ടം കാരണം പെണ്ണ് കെട്ടാത്തവർ, പെണ്ണു പിടിക്കാൻ നടക്കുന്നവർ, പെണ്ണിനെ കച്ചവടം ചെയ്യുന്നവർ അങ്ങനെ എല്ലാം ചിത്രത്തിൽ രസകരമായി പറയുന്നുണ്ട് സംവിധായകൻ. മലയാള സിനിമയുടെ ഇപ്പോഴത്തെ ട്രെൻഡ് ദ്വയാർത്ഥ പ്രയോഗങ്ങൾ സിനിമയിൽ ഉൾകൊള്ളിക്കാതെ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.

 

 


വൈറ്റ് സാൻസ് മീഡിയ ഹൗസിന്റെ ബാനറിൽ ഫരീദ്ഖാനും ഷലീൽ അസീസും ചേർന്നാണ് ചിത്രം നിർവഹിച്ചിരിക്കുന്നത്. സ്വരൂപ് ഫിലിപ്പിന്റെ ഛായാഗ്രഹണവും ബിജിബാലിന്റെ സംഗീതവും മികച്ചതായി. കുട്ടിക്കാലം മുതൽക്കേയുള്ള പക. വലുതായി അവർ പല തൊഴിലുകളിൽ ഏർപ്പെട്ടതിന് ശേഷവും വച്ചു പുലർത്തുന്നത് രസകരമായി അവതരിപ്പിക്കാൻ തിരക്കഥാകൃത്ത് പി എസ് റഫീക്ക് ശ്രമിച്ചിട്ടുണ്ട്.ഷമീർ മുഹമ്മദാണ് ചിത്രസംയോജനം. റഫീഖ് അഹമ്മദ്, പിഎസ് റഫീഖ് എന്നിവരുടേതാണ് വരികൾ.