Friday 14 December 2018


താര സമ്പന്നരുടെ പട്ടികയിറങ്ങി; മലയാളത്തില്‍ നിന്ന് മമ്മൂട്ടി; നയന്‍ താരയും പട്ടികയില്‍

By Anju N P.06 Dec, 2018

imran-azhar

മുംബയ്: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവുമധികം പണം സമ്പാദിച്ച നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തു വിട്ടു. ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയ്‌ക്കൊപ്പം 49-ാം സ്ഥാനത്ത് മമ്മൂട്ടിയുണ്ട്. 18 കോടിയാണ് അദ്ദേഹത്തിന്റെ വരുമാനം. കേരളത്തില്‍ നിന്ന് മമ്മൂട്ടി മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്.

 


അഭിനയ മികവിലൂടെ തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായ മാറിയ നയന്‍താര സമ്പന്നരുടെ പട്ടികയിലും സൂപ്പര്‍സ്റ്റാറായി. 100 പേരുടെ പട്ടികയില്‍ 69-ാം സ്ഥാനത്താണ് നയന്‍താര. 15.17 കോടി രൂപയാണ് നയന്‍താരയുടെ വാര്‍ഷിക വരുമാനം. ദക്ഷിണേന്ത്യയില്‍ നിന്നുള്ള നടിമാരില്‍ ആദ്യമായാണ് ഒരാള്‍ ഫോബ്‌സ് പട്ടികയില്‍ ഇടം പിടിക്കുന്നത്.
സല്‍മാന്‍ ഖാന്‍ ആണ് പട്ടികയില്‍ ഒന്നാമത്. ഇത് മൂന്നാം തവണയാണ് സല്‍മാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 253.25 കോടിയാണ് സല്‍മാന്റെ വരുമാനം. സിനിമ, ടിവി റിയാലിറ്റി ഷോ, പരസ്യം എന്നിവയില്‍നിന്നുമാണ് താരത്തിന്റെ വരുമാനം. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് വിരാട് കോഹ്‌ലിയാണ്. 228.09 കോടിയാണ് കോഹ്‌ലിയുടെ സമ്പാദ്യം. 185 കോടി വരുമാനമുള്ള അക്ഷയ് കുമാറാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ദീപിക 11-ാം സ്ഥാനത്തായിരുന്ന ദീപിക പദുക്കോണ്‍ ഇത്തവണ നാലാം (112.8 കോടി) സ്ഥാനം കരസ്ഥമാക്കി. എംഎസ്‌ധോണി (101.77 കോടി) ആണ് അഞ്ചാം സ്ഥാനത്ത്.

 


കോലിയുടെ വരുമാനത്തില്‍ ഏറിയ തുകയും ബിസിസിഐ കരാര്‍, ഐപിഎല്‍ പ്രതിഫലം, പരസ്യങ്ങള്‍ എന്നിവയിലൂടെയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം അധികമാണിത്.
കായികതാരങ്ങളില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി, മാസ്റ്റര്‍ ബ്‌ളാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബാഡ്മിന്റണ്‍ സൂപ്പര്‍താരം പി വി സിന്ധു, സൈന നെഹ്‌വാള്‍ എന്നിവരുമുണ്ട്.


ക്രിക്കറ്റ് താരങ്ങളായ മനീഷ് പാണ്ഡെയും(77) ജസ്പ്രീത് ബൂംമ്രയും(60) ആദ്യമായി പട്ടികയില്‍ ഇടംപിടിച്ചു എന്നതും ശ്രദ്ധേയമാണ്. കൂടുതല്‍ വരുമാനമുണ്ടാക്കിയ 100 ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ ആകെ 21 കായികതാരങ്ങളുണ്ട്.


തമിഴകത്തുനിന്നും എ.ആര്‍.റഹ്മാന്‍ (11), രജനീകാന്ത് (14), വിജയ് (26), വിക്രം (29), സൂര്യ (34), വിജയ് സേതുപതി (34), ധനുഷ് (53), കമല്‍ഹാസന്‍ (71) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റുള്ളവര്‍. മലയാളത്തില്‍നിന്നും മമ്മൂട്ടി മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. 18 കോടിയുമായി പട്ടികയില്‍ 49-ാം സ്ഥാനത്താണ് മമ്മൂട്ടി.


തെലുങ്കില്‍നിന്ന് റാം ചരണ്‍ (72), വിജയ് ദേവര്‍ഗോണ്ഡ (73), പവന്‍ കല്‌ള്യാണ്‍ (24), ജൂനിയര്‍ എന്‍ടിആര്‍ (28), മഹേഷ് ബാബു (33),നാഗാര്‍ജുന (36), അല്‌ളു അര്‍ജുന്‍ (64) എന്നിവര്‍ പട്ടികയില്‍ ഇടം നേടി. കന്നട സിനിമയില്‍ നിന്ന് കോരട്ടല ശിവ (39) മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. കായികലോകത്തുനിന്ന് കോഹ്‌ലിയെ കൂടാതെ പിവി സിന്ധു (20), രവിചന്ദ്രന്‍ അശ്വിന്‍ (44) എന്നിവരും പട്ടികയില്‍ സ്ഥാനമുറപ്പിച്ചു.